- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്ക് വാങ്ങാൻ കൊടുത്തത് 35,000 രൂപയ്ക്ക്; ആയുധം നൽകും മുമ്പ് പരിശീലനവും; ഇടനിലക്കാരനായ ടാക്സിക്കാരനെ കണ്ടെത്താൻ നീക്കം; ചെറുത്തു നിൽപ്പ് ഉറപ്പായപ്പോൾ വെടിയുതിർത്തത് ബീഹാർ പൊലീസ്; സോനുകുമാർ മോദിയുടെ മൊഴി നിർണ്ണായകമാകും; തോക്ക് കച്ചവടക്കാരനെ പൊക്കിയത് സാഹസിക ഓപ്പറേഷനിൽ
കൊച്ചി: മാനസയെ കൊലപ്പെടുത്താൻ രാഖിലിന് തോക്ക് നൽകിയ ആളെ കേരളാ പൊലീസ് പിടികൂടിയത് ബീഹാർ പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ. ബിഹാർ സ്വദേശിയായ സോനുകുമാർ മോദി(21)യെയാണ് ബിഹാർ പൊലീസിന്റെ സഹായത്തോടെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ബിഹാറിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങി.
ശനിയാഴ്ച രാത്രിയോ ഞായറാഴ്ച രാവിലെയോ ഇയാളെ കൊച്ചിയിലെത്തിക്കും. രാഖിൽ ബിഹാറിൽ താമസിച്ചയിടങ്ങളും സഞ്ചരിച്ച സ്ഥലങ്ങളിലും പൊലീസ് സംഘം വിശദമായ അന്വേഷണം നടത്തി. ഇവിടെനിന്നാണ് സോനുകുമാർ മോദിയെക്കുറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ സോനുവിന്റെ സംഘം ചെറുത്തുനിൽപ്പിന് ശ്രമിച്ചു. അവർ ആയുധധാരികളായിരുന്നു. ഇവർക്കെതിരെ ബീഹാർ പൊലീസ് പ്രത്യാക്രമണം നടത്തി. അപ്രതീക്ഷിത നീക്കത്തിൽ സംഘം പകച്ചു. ഇതോടെ സോനുകുമാർ കുടുക്കിലായി.
മാനസയെ വെടിവെച്ച് കൊല്ലാനായി രാഖിൽ തോക്ക് വാങ്ങിയത് ബിഹാറിൽനിന്നാണെന്ന് പൊലീസിന് നേരത്തെ വ്യക്തമായിരുന്നു. തുടർന്നാണ് കോതമംഗലം എസ്ഐ. മാഹിനിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം ബിഹാറിലേക്ക് അന്വേഷണത്തിനായി പുറപ്പെട്ടത്. ബീഹാർ പൊലീസ് എല്ലാ സഹായവും നൽകി. ബിഹാറിലെ മുംഗർ സ്വദേശിയാണ് സോനുകുമാർ മോദി. 35,000 രൂപ നൽകിയാണ് രാഖിൽ സോനു തോക്ക് വാങ്ങിയതെന്നാണ് ലഭിക്കുന്ന സൂചന.
കള്ളത്തോക്ക് നിർമ്മാണത്തിലൂടെ കുപ്രസിദ്ധി നേടിയ ബിഹാറിലെ സ്ഥലമാണ് മുംഗർ. രാഖിൽ ബിഹാറിലേക്ക് യാത്രചെയ്തെന്ന വിവരം ലഭിച്ചപ്പോൾ തന്നെ മുംഗറിൽനിന്നായിരിക്കും തോക്ക് വാങ്ങിച്ചതെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ടായിരുന്നു. രാഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം നൽകിയതും സോനുകുമാർ ആണെന്നാണ് സൂചന. പരിശീലനം നേടിയ ശേഷമാണ് തോക്ക് രാഖിൽ വാങ്ങിയതെന്നാണ് സൂചന.
തോക്ക് മറ്റെവിടെങ്കിലും നിന്നും രാഖിലിന് വാങ്ങി നൽകിയതാണോ എന്നും സംശയമുണ്ട്. അതുകൊണ്ട് തന്നെ കേരളാ പൊലീസ് ബീഹാറിൽ തുടരും. സോനുവിനെ രാഖിലിന് പരിചയപ്പെടുത്തിനൽകിയത് ഒരു ടാക്സി ഡ്രൈവറാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടരുകയാണെന്ന് ആലുവ റൂറൽ എസ് പി കാർത്തിക് അറിയിച്ചു. പത്തു ദിവസത്തോളം രാഖിൽ കേരളത്തിൽ നിന്നും മാറി നിന്നിരുന്നു.
കള്ളതോക്ക് വാങ്ങാനുള്ള യാത്രയായിരുന്നു ഇത്. കുറഞ്ഞത് ആറു ദിവസമെങ്കിലും രാഖിൽ ബീഹാറിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കള്ളത്തോക്ക് ഉപയോഗത്തിൽ മികച്ച പരിശീലനവും നേടാനായി. തോക്ക് എവിടെ നിന്നാണ് സോനുകുമാറിന് കിട്ടിയതെന്നും കേരളാ പൊലീസ് അന്വേഷിക്കും. ഇതിന് വേണ്ടി കൂടിയാണ് പൊലീസ് സംഘം ബീഹാറിൽ തുടരുന്നത്.
ജൂലായ് 30-നാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിലെ ബി.ഡി.എസ്. വിദ്യാർത്ഥിനിയായ കണ്ണൂർ നാറാത്ത് സ്വദേശി മാനസയെ രാഖിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. മാനസ താമസിക്കുന്ന വീട്ടിലെത്തിയ രാഖിൽ പെൺകുട്ടിയെ വെടിവെച്ച് കൊന്നശേഷം സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കണ്ണൂർ മേലൂർ സ്വദേശിയാണ് രാഖിൽ.
മറുനാടന് മലയാളി ബ്യൂറോ