- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസയെ വകവരുത്തിയത് അതിശക്തപ്രഹരിശേഷിയുള്ള പിസ്റ്റളിലൂടെ; ഓൺലൈനിൽ വാങ്ങാവുന്ന ആയുധമല്ലെന്ന് പ്രാഥമിക നിഗമനം; രക്തത്തിൽ മുങ്ങിയ തോക്കിന്റെ കാലപ്പഴക്കം നിർണ്ണയിക്കൽ ആദ്യ കടമ്പ; തോക്ക് കണ്ണൂരിൽ നിന്നെന്ന് വിലയിരുത്തൽ; രാഖിലിന്റെ പിന്നാമ്പുറം തേടി പൊലീസ്
കോതമംഗലം : പിസ്റ്റൾ ഉപയോഗിച്ചാണ് രാഖിൽ മാനസയെ വെടിവച്ചിട്ടതെന്ന് പൊലീസ് സ്ഥിരീകരിക്കുമ്പോഴും തോക്കിനെ കുറിച്ചുള്ള അന്തിമ കണ്ടെത്തലാകും അന്വേഷണത്തിൽ നിർണ്ണായകമാകുക. ഇരുവരും വെടിയേറ്റു കിടന്നിരുന്ന മുറിയിൽ നിന്നാണ് പൊലീസിന് തോക്ക് ലഭിച്ചത്. തോക്കിൽ 10 മുതൽ 12വരെ ബൂള്ളറ്റുകൾ നിറയ്ക്കാൻ കഴിയുമെന്നാണ് പൊലീസ് വിലയിരുത്തുന്നത്.
രക്തത്തിൽ മുങ്ങിയ അവ വസ്ഥയിൽ ആയിരുന്നതിനാൽ ഇതിന്റെ പഴക്കമോ മറ്റ് കാര്യങ്ങളോ കൃത്യമായി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ബാലസ്റ്റിക് പരിശോധന നിർണ്ണായകമാകും. അതിശക്ത പ്രഹരശേഷിയുള്ളതാണ് കണ്ടെടുത്ത തോക്കെന്നും ഇത് ഓൺലൈനായി വാങ്ങാൻ കഴിയില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
കണ്ണൂരിൽ നിന്നായിരിക്കാം രാഖിൽ തോക്കു സംഘടിപ്പിച്ചന്നാണ് പൊലീസിന്റെ സംശയം. ഇതെക്കുറിച്ചന്വേഷിക്കാൻ കോതമംഗലം പൊലീസ് കണ്ണൂരിന് തിരിച്ചിട്ടുണ്ട്. ബാലിസ്റ്റിക് വിദഗ്ധരിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ തോക്കിൽ വ്യക്തത വരും. ഇതിനുശേഷമേ തോക്കിനെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ലഭ്യമാവു എന്നും പൊലീസ് പറയുന്നു. ലൈസൻസുള്ള പിസ്റ്റൾ ആണോ അതോ മറ്റേതെങ്കിലും വഴി കൈക്കലാക്കിയതാണോ എന്നാണ് അന്വേഷിക്കുന്നത്. ബാലിസ്റ്റിക് പരിശോധനയിൽ തോക്ക് സംബന്ധിച്ച് വ്യക്തത വരും.
കോതമംഗലത്തുനിന്നു ദിവസങ്ങളോളം മാനസയെ നിരീക്ഷിച്ച ശേഷം കണ്ണൂരിൽ തിരിച്ചെത്തി തോക്ക് സംഘടിപ്പിച്ചാണു രാഖിൽ എത്തിയെന്നാണു പൊലീസിന്റെ നിഗമനം. വെടിയൊച്ച കേട്ട് ഓടിക്കൂടിയ നാട്ടുകാർ അകത്തുനിന്നു പൂട്ടിയ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വെടിയേറ്റ് കട്ടിലിൽ പിടയ്ക്കുന്ന മാനസയും കട്ടിലിലേക്ക് തല വെച്ചു കിടക്കുന്ന രാഖിലും. വെടിയൊച്ച കേട്ട സമീപവാസികൾ പലരും വിചാരിച്ചത് കുട്ടികൾ ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നാണ്. പിന്നീടാണ് ദുരന്തം എന്താണെന്ന് മനസ്സിലായത്. സംഭവ സ്ഥലത്തെത്തിയ പൊലീസ്, തെളിവ് നശിപ്പിക്കാതിരിക്കാൻ ഗോവണിപ്പടി മുതലുള്ള ഭാഗം റിബൺ കെട്ടി തിരിച്ചു.
രണ്ട് നിലയുള്ള കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു മാനസയും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ഗോവണിപ്പടി കയറി ചെല്ലുമ്പോഴുള്ള ആദ്യ മുറിയായിരുന്നു ഇവരുടേത്. ഉച്ചഭക്ഷണം കഴിച്ചു തുടങ്ങുമ്പോഴാണ് സംഭവം. വാരിയെടുത്ത ചോറിന്റെ ബാക്കി മാനസയുടെ കൈയിൽ പറ്റിപ്പിടിച്ച നിലയിലായിരുന്നു. ദിവസങ്ങളോളം ആസൂത്രണംചെയ്തു നടത്തിയ കൊലപാതകമാണ് മാനസയുടേതെന്നാണ് പൊലീസിന്റെ നിഗമനം.
യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അമ്പതുമീറ്റർ മാറിയുള്ള വാടകമുറി രാഖിൽ കണ്ടെത്തി. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ജൂലായ് നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖിൽ നെല്ലിക്കുഴിയിലെത്തിയതും വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചതും. കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് വീണ്ടും എത്തുന്നത്. ഒരു ബാഗും കൊണ്ടുവന്നു. ഇതിൽ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണു നിഗമനം.
മറുനാടന് മലയാളി ലേഖകന്.