ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടി റാഷ്മിക മന്ദനയുടെയും കന്നട സംവിധായകനും നടനുമായ രക്ഷിത് ഷെട്ടിയുടെയും വിവാഹം മുടങ്ങിയെന്ന റിപ്പോർട്ടുകൾ തെന്നിന്ത്യൻ സിനിമയിൽ വലിയ ചർച്ചയായി തീർന്നിട്ട് കുറച്ചു ദിവസങ്ങളായി..വിവാഹം മുടങ്ങിയെന്ന വാർത്ത സ്ഥിരീകരിച്ച് നടിയുടെ അമ്മ സുമൻ മന്ദന കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായി രുന്നു സുമൻ നിലപാട് വ്യക്തമാക്കിയത്. അമ്മ രംഗത്ത് എത്തിയതിന് പിന്നാലെ നടൻ രക്ഷിത് ഷെട്ടി തന്നെ തന്റെ നിലപാട് അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വിവരമന്വേഷിച്ചവരോടാണ് രക്ഷിത് ഷെട്ടി പ്രതികരിച്ചത്.

കുറച്ച് ദിവസങ്ങളായി വരുന്ന വാർത്തകൾ കാണുമ്പോൾ ഇതുവരെ സ്നേഹിച്ചതും ജീവിക്കുന്നതുമൊക്കെ വെറുതെയാണെന്ന് തോന്നുന്നു. രഷ്മികയെക്കുറിച്ച് നിങ്ങൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടായേക്കാം. അതിൽ എനിക്ക് ആരെയും കുറ്റം പറയാനാകില്ല. കാരണം അങ്ങനെയാണ് കാര്യങ്ങൾ വന്നുനിൽക്കുന്നതും പ്രചരിക്കുന്നതും'.'കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളാണ് നാം വിശ്വസിക്കുന്നത്. എന്നാൽ അതെല്ലാം സത്യമാകണമെന്നില്ല. ഒരുപക്ഷത്തുനിന്നു മാത്രം ചിന്തിച്ച ശേഷമാകും ചിലകാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. അതിനു രണ്ടാമതൊരു വശം കൂടിയുണ്ടെന്ന് ആരും വിചാരിക്കുന്നില്ല.' 'രഷ്മികയെ എനിക്ക് രണ്ടുവർഷമായി അറിയാം. നിങ്ങളെക്കാളെല്ലാം അവളെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. ഇവിടെ മറ്റുകുറെ സംഗതികൾ കളിക്കുന്നുണ്ട്. ദയവായി അവളെ വിധിക്കുന്നത് നിർത്തൂ. കുറച്ച് സമാധാനം കൊടുക്കൂ. യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കി ഇതിനൊരു തീരുമാനം ഉടൻ നിങ്ങളെ അറിയിക്കും. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വിശ്വസിക്കരുത്. അതിലൊന്നിലും എന്റെയോ രഷ്മികയുടെയോ പ്രതികരണം ഉണ്ടാകില്ല. അവരെല്ലാം സ്വയം എഴുതുകയാണ്. ഊഹാപോഹങ്ങൾ യാഥാർഥ്യമല്ല'.രക്ഷിത് ഷെട്ടി വ്യക്തമാക്കുന്നു.

തങ്ങൾ ദുഃഖിതരാണെന്നും അതേ സമയം ഈ വിഷമത്തിൽ നിന്ന് കരകയറിക്കൊണ്ടി രിക്കുകയാണെന്നുമായിരുന്നു രഷ്മികയുടെ അമ്മയുടെ പ്രതികരണം.

2017 ജൂൺ 17 നായിരുന്നു രഷ്മികയുടെയും രക്ഷിതിന്റെ വിവാഹനിശ്ചയം. ഈ വർഷം വിവാഹം നടക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. കുറച്ച് മാസങ്ങൾക്ക് മുൻപ് ഇരുവരും വേർപിരിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ രഷ്മിക അതെല്ലാം നിഷേധിച്ച് രംഗത്തു വരികയും ചെയ്തു. രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് വേർപിരിയലിന് കാരണമായതെന്നും വാർത്തയുണ്ട്. നടിയുടെ ഏറ്റവും പുതിയ റിലീസ് ആയ ഗീതാഗോവിന്ദം നൂറുകോടി ക്ലബിൽ എത്തിയിരുന്നു. സിനിമയുടെ വൻ വിജയത്തെ തുടർന്ന് നിരവധി ഓഫറുകളും രഷ്മികയെ തേടിയെത്തി.

എന്നാൽ രക്ഷിതിന്റെ കുടുംബത്തിന് രഷ്മിക സിനിമയിൽ ഇനിയും തുടരുന്നത് താൽപര്യമില്ലെന്നും വിവാഹം എത്രയും പെട്ടന്നുതന്നെ നടത്തണമെന്നുമായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ വിവാഹം വേണ്ടെന്നു വെയ്ക്കുകയായിരുന്നു എന്നാണ് തെലുങ്ക് മാധ്യമങ്ങൾ പറയുന്നത്.