ആലപ്പുഴ: സിപിഎമ്മിനെ വെട്ടിലാക്കാൻ ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകാൻ രാഹുൽ കൃഷ്ണയെ സഹായിച്ചത് ജനതാദൾ (എസ്) നേതാക്കളെന്ന് സംശയം. പാർട്ടിയുടെ പ്രാഥമികാംഗത്വം പോലുമില്ലാത്ത രാഖുലിനെ മൂന്നുമാസം മുമ്പാണ് ജില്ലാ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തത്. കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹിയെക്കുറിച്ചുള്ള വിവരം ജില്ലാ പ്രസിഡന്റ് പുറത്തുവിട്ടത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങൾപോലും ഇക്കാര്യം അറിഞ്ഞില്ലെന്ന നിലപാടിലാണ്. പാർട്ടിയിലെ ഒരു ഘടകത്തിലും രാഖുലിന്റെ ഭാരവാഹിത്വം ചർച്ചചെയ്യപ്പെടുകയുമുണ്ടായില്ല.

നിലവിൽ എൽ.ഡി.എഫിലെ മൂന്നാമത്തെ വലിയ കക്ഷിയെന്ന നിലയിൽ പാർലമെന്ററി താൽപര്യത്തോടെയാണ് രാഖുൽ ജനതാദളി (എസ്)ൽ എത്തിയതെന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. ആദ്യമായി ഇയാൾ ജില്ലാ കമ്മറ്റിക്ക് പങ്കെടുക്കുന്നത് ആലപ്പുഴ പഗോഡ റിസോർട്ടിൽ നടന്ന യോഗത്തിലാണ്. ജില്ലാ ഭാരവാഹിയാകുവാൻ പാർട്ടിയുടെ ജില്ലയിലെ ഉന്നതനു നല്ലയൊരു തുക പാരിതോഷികമായി കൊടുത്തുവെന്നും പാർട്ടി പ്രവർത്തകരുടെ ഇടയിൽ സംസാരമുണ്ട്. പാർട്ടിയുടെ പ്രാഥമിക ഘടകത്തിൽ പോലും ഒരു ഭാരവാകിയായിരുന്നിട്ടില്ലാത്ത ഇയാൾ നേരിട്ട് ജില്ലാ നേതാവാക്കുന്നതിനു പാരിതോഷികം നൽകുന്നതിൽ തെറ്റ് പറയാനാകില്ല.

ഒരു പതിറ്റാണ്ടിലേറെയായി ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തിവരുന്ന രാഖുൽ കൃഷ്ണന് സ്വദേശമായി മാവേലിക്കര ഇടപ്പോണിൽ ഡയറി ഫാമും ശബരി മിൽക്ക് എന്ന പേരിൽ പാൽ നിർമ്മാണ കമ്പനിയുമുണ്ട്. മാസത്തിൽ ഒന്നിലേറെ തവണ ദുബായിൽ പോയിവരുന്ന രാഖുൽ സമീപകാലത്തായി നാട്ടിലും സജീവമായിരുന്നു. എന്നാൽ, ഇയാൾ ജനതാദൾ- എസിൽ എത്തിയത് സംബന്ധിച്ച് പ്രാദേശിക നേതാക്കൾക്കും അറിയില്ല. രാഖുൽ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചതായി പിതൃസഹോദരി പുത്രൻ മുമ്പ് പൊലീസിൽ പരാതി നൽകിയ സംഭവവുമുണ്ടായിട്ടുണ്ട്.

സംഭവമുണ്ടായി ഇത്രയും നാളായിട്ടും ഇതുവരെ കാത്തു നിന്ന് പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയപ്പോൾ പിബി ക്കു പരാതി നൽകാൻ ഉപദേശം നില്കിയതു ഇതിന്റെ ഭവിഷ്യത്തുകൾ അറിയാവുന്ന മുതിർന്ന പാർട്ടിക്കാരായിരിക്കാമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. എൽ.ഡി.എഫിലെ ഘടകകക്ഷിയായിരിക്കെ മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോടതിയെ സമീപിച്ചതിന്റെ പേരിൽ ജനതാദൾ (എസ്) ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു എം. സുഭാഷിന് രാജിവച്ച് ഒഴിയേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ജില്ലാ സെക്രട്ടറിയുടെ നിയമനവും വിവാദത്തിലാകുന്നത്.