ചെന്നൈ: മലയാളത്തിലെ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ സിനിമാലോകം. നടിക്ക് പിന്തുണയുമായി നിരവധി താരങ്ങൾ എത്തിയിരുന്നു. മലയാളം സിനിമാലോകം ഒരുമിച്ച് നടക്കൊപ്പം നൽകുകയും ചെയ്തു. ഇതോടെ നടി വീണ്ടും അഭിനയം ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ നടിയുടെ ദുരനുഭവം ക്ഷോഭത്തോടെയാണ് ചില നടിമാർ പ്രതികരിച്ചത്. ആ നടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ അക്രമികളെ മുഴുവൻ കൊന്നുകളയുമെന്നാണ് തെന്നിന്ത്യൻ നടി രാകുൽ പ്രീത് പ്രതികരിച്ചത്.

നടിക്കുണ്ടായ ഭീകരമായ ദുരനുഭവം കേട്ട് ഞെട്ടിയെന്നും ഇതുപോലെ ഹീനമായ പ്രവർത്തിചെയ്യുന്നവരെ മനുഷ്യരെന്ന് വിളിക്കാനാകില്ലെന്നും രാകുൽ പറയുന്നു. ഇത് നിന്ദ്യവും വൃത്തികെട്ടതുമായ ആക്രമണമാണ്. ഞാനായിരുന്നു ആ നടിയുടെ സ്ഥാനത്തെങ്കിൽ അവരെ മുഴുവൻ കൊന്നു കളയുമെന്നും രാകുൽ വ്യക്തമാക്കി.

ഞാനൊരു കായികാഭ്യാസിയാണ്. ജിമ്മ് ഒഴിവാക്കി എവിടെയും ഞാൻ പോകാറില്ല. ശരീരം ഫിറ്റ് ആയി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ ശേഷം സത്യത്തിൽ ടാക്‌സിയിൽ പോകാനോ അല്ലെങ്കിൽ പരിചയമില്ലാത്ത ആളുമായി കാറിൽ യാത്ര ചെയ്യാനോ പേടിയായിരിക്കുകയാണ്. ആരെയാണ് ഈ ലോകത്ത് വിശ്വസിക്കുക. രാകുൽ പറഞ്ഞു.