മുംബൈ: കാണാൻ ലുക്കും സിക്‌സ് പാക്കുമില്ലാത്ത രജനീകാന്ത് എങ്ങനെ സൂപ്പർ സ്റ്റാറായെന്ന ചോദ്യത്തിൽ പ്രതിഷേധിച്ച ആരാധകർ ചവറുകളെന്നു ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ. ട്വിറ്ററിലൂടെയാണു രാം ഗോപാൽ വർമയുടെ വിവാദ പരാമർശങ്ങൾ.

താരപദവിക്ക് ലുക്ക്സ് നിർണായകമല്ലെന്ന് തെളിയിച്ച വലിയ താരമാണു രജനീകാന്തെന്നായിരുന്നു രാം ഗോപാൽ വർമ ട്വീറ്റ് ചെയ്തത്. സിക്സ് പാക്കില്ലാത്ത, ഉയരമില്ലാത്ത, രണ്ട് ഡാൻസ് സ്റ്റെപ്പുകൾ മാത്രം അറിയാവുന്ന മനുഷ്യനെന്നും പരിഹാസമുയർത്തി.

ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാൾക്ക് സൂപ്പർസ്റ്റാറാകാൻ സാധിക്കില്ല. ഇദ്ദേഹം ഇതിനായി എന്താണ് ദൈവത്തിന് നൽകിയത്. പ്രേക്ഷകർക്ക് സിനിമയിൽ എന്താണ് ഇഷ്ടപ്പെടുന്നത് എന്ന് നിശ്ചയിക്കാൻ കഴിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രജനിസാർ. രജനീ പ്രതിഭാസം എന്താണെന്നു വിശദീകരിക്കാൻ ലോകത്തെ ഏറ്റവും വലിയ മനഃശാസ്ത്രജ്ഞർക്ക് പോലും സാധിക്കില്ലെന്നും രാം ഗോപാൽ വർമ്മ ട്വിറ്ററിൽ കുറിച്ചു.

ഇതിനെതിരെ ചില രജനി ആരാധകർ കടുത്ത ഭാഷയിൽ പ്രതിഷേധിച്ചു. ഇതിനു മറുപടിയായിട്ടാണ് രജനീകാന്തിനെ താൻ പ്രശംസിക്കുകയായിരുന്നു എന്നും ചവറുകളായ ആരാധകർക്ക് മനസ്സിലാകാത്തതാണെന്നും രാംഗോപാൽ വർമ്മ പറഞ്ഞത്. നേരത്തേ മമ്മൂട്ടിയെ പരിഹസിച്ചും രാം ഗോപാൽ വർമ്മ രംഗത്തെത്തിയിരുന്നു.