ഹൈദരാബാദ്: പ്രശസ്ത പോൺ താരം മിയ മൽക്കോവയെ നായികയാക്കി ഒരുക്കുന്ന ഗോഡ് സെക്സ് ആൻഡ് ടൂത്ത് എന്ന ചിത്രത്തിലൂടെ സംവിധായകൻ രാം ഗോപാൽ വർമ്മ ഊരാക്കുടുക്കിൽ. ചിത്രത്തിനെതിരേ തെലുങ്കാനയിലെ ഏതാനും വനിതാ സംഘടനകൾ നൽകിയ പരാതിയിൽ കളി കാര്യമാവുകയാണ്.

സ്ത്രീകളുടെ അന്തസ്സിനെ ഇടിച്ചുതാഴ്‌ത്തിയെന്നും നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചുവെന്നുമാണ് ആരോപണം. തുടർന്ന് വർമയ്ക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്നര മണിക്കൂർ നേരം ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ തനിക്ക് ചിത്രവുമായി ബന്ധമൊന്നുമില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന മൽക്കോവയുടെ ദൃശ്യങ്ങൾ ഈ ചിത്രത്തിലേതല്ലെന്നും അവ വിദേശത്ത് വച്ച് ചിത്രീകരിച്ചതാണെന്നുമാണ് വർമ പറഞ്ഞത്.

എന്നാൽ സംവിധായകന്റെ ഈ വാദത്തെ പൊളിക്കുന്നതാണ് കഴിഞ്ഞ ദിവസം ഗ്രേറ്റർ ആന്ധ്ര എന്ന വെബ്സൈറ്റ് പുറത്തു വിട്ട വിശദാംശങ്ങൾ. ജി.എസ്.ടിയിലെ മിയ മൽക്കോവയുടെ നഗ്ന ദൃശ്യങ്ങൾ ഹൈദരാബാദിൽ വച്ചു തന്നെയാണ് ചിത്രീകരിച്ചതെന്നും ഇതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും അവർ അവകാശപ്പെട്ടു. ഈ ദൃശ്യങ്ങൾ ഹൈദരാബാദിലെ ഒരു ഹോട്ടലിൽ വച്ച് ചിത്രീകരിച്ചതിന് സാക്ഷികളുണ്ടെന്നും അവർ പറയുന്നു. വർമയ്ക്കും ഹോട്ടലിന്റെ ഉടമസ്ഥർക്കും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും വാർത്തയിൽ പറയുന്നു.

എന്നാൽ ഇതിനെക്കുറിച്ച് രാംഗോപാൽ വർമ ഇതുവരെ പ്രതികരിച്ചിട്ടില്ല. എല്ലാറ്റിനും തന്റെ അഭിഭാഷകൻ മറുപടി നൽകും എന്നാണ് വർമ പറയുന്നത്.