പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന ഗുർമീത് റാം റഹീമിന്റെ ചില പഴയ ട്വീറ്റുകൾ തെരഞ്ഞു പിടിച്ച് മലയാളികളുടെ പൊങ്കാല.

കേന്ദ്രസർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ ബീഫ് ഫെസ്റ്റിവൽ നടത്തിയ കേരളത്തിലെ ജനങ്ങളെ അപമാനിച്ചുകൊണ്ട് റാം റഹീം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് ഇപ്പോൾ സൈബർ പോരാളികൾ കുത്തിപ്പൊക്കിയിരിക്കുന്നത്.

കഴിഞ്ഞ മെയ് 30 ാം തിയതിയായിരുന്നു ഇദ്ദേഹത്തിന്റെ ട്വീറ്റ്. കേരളത്തിൽ ബീഫ് പാർട്ടി നടത്തുന്നത് അപമാനകരമാണെന്നും കേരളത്തെ ഓർത്ത് ലജ്ജിക്കെന്നുമായിരുന്നു റാം റഹീമിന്റെ ട്വീറ്റ്. ഈ ട്വീറ്റിന് സംഘപരിവാർ സംഘടനകളിൽനിന്ന് വൻ പിന്തുണയാണ് അന്ന് ലഭിച്ചിരുന്നത്.

എന്നാൽ പീഡനക്കേസിൽ അകത്തായതിനു പിന്നാലെ ഈ ട്വീറ്റുകൾക്കു താഴെ മലയാളികൾ ഇപ്പോൾ പൊങ്കാലയിടുകയാണ്. മനുഷ്യത്വം എന്താണെന്നൂം നേർവഴി എന്താണെന്നും കേരളീയരെ പഠിപ്പിക്കാൻ താങ്കൾക്ക് മാത്രമേ സാധിക്കൂ എന്നായിരുന്നു പരംജിത് കൗർ എന്ന സ്ത്രീ അന്ന് ഗുർമീതിന്റെ ട്വീറ്റന് നൽകിയ കമന്റ്. ഇത്ര നാണംകെട്ട കേരളീയരെ അനുഗ്രഹിക്കൂ ബാബ എന്നും അവർ പറഞ്ഞിരുന്നു.

ഇത്തരത്തിൽ ബീഫ് പാർട്ടികൾ നടത്തുന്നവർക്ക് അവിടെ വെച്ച് തന്നെ ശിക്ഷ നൽകുകയാണ് വേണ്ടതെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

എന്നാൽ ഇപ്പോൾ ബാബ അനുകൂലികളും സംഘപരിവാരങ്ങളും എവിടെപ്പോയി എന്നാണ് ട്വീറ്റ് റീഷെയർ ചെയ്തുകൊണ്ട് ട്വിറ്ററിൽ ചിലർ ചോദിച്ചത്. നാണംകെട്ടവർ മലയാളികളല്ലെന്നും റാം റഹീം എന്ന ഫ്രോഡാണെന്നും ചിലർ ട്വിറ്ററിൽ കുറിക്കുന്നു. ഏതായാലും റാം റഹീമിന്റെ ട്വീറ്ററിൽ മലയാളികളുടെ പൊങ്കാല തുടരുകയാണ്.