- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് വിവാദത്തിൽ സ്കോർ ചെയ്ത് ശ്വാസം വിടും മുമ്പേ ആലപ്പുഴയിലെ നേതൃത്വത്തെ വെട്ടിലാക്കി പുതിയ ചിത്രം; സിപിഎം പ്രാദേശിക നേതാവ് ക്ഷേത്രനിർമ്മാണ ഫണ്ടിലേക്ക് പണം നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ
ആലപ്പുഴ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി നടത്തിയ ഫണ്ട് പിരിവ് കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവത്തിൽ രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വവും വെട്ടിലായി. ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാവ് ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് പണം നൽകുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. സിപിഎം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി എൽ. തങ്കമ്മാളാണ് വിവാദത്തിലായത്. അതേസമയം, ദൈവവിശ്വാസികളായതുകൊണ്ടാണ് പിരിവ് നൽകിയതെന്നാണ് ഇവരുടെ വിശദീകരണം.
ബിജെപി കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമക്ഷേത്ര നിർമ്മാണ ഫണ്ട് ശേഖരണ ചടങ്ങിന്റെ ഉദ്ഘാടനമാണ് മുൻ കുമാരപുരം ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സനും സി പി എം , ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായഎൽ തങ്കമ്മാൾ ആർഎസ്എസ് ജില്ലാ കാര്യവാഹ് ശ്രീ ശിവദാസനും ഫണ്ട് നൽകി നിർവഹിച്ചത്. കുമാരപുരം നോർത്ത് മുൻ എൽസി സെക്രട്ടറിയും നിലവിൽ കുമാരപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ യു പ്രദീപിന്റെ അമ്മയാണ് തങ്കമ്മാൾ.
ക്ഷേത്രനിർമ്മാണത്തിന് ഫണ്ട് പിരിവ് നടത്തിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ള പ്രതിപക്ഷ നേതാവിന്റെ ഉറ്റ സുഹൃത്താണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ആരോപിച്ചിരുന്നു. കോൺഗ്രസുകാരൻ എന്ന നിലയ്ക്ക് അദ്ദേഹം ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തത്. ചെന്നിത്തലയുടെ സുഹൃത്തായതുകൊണ്ടാണ് വിഷയത്തിൽ നേതൃത്വത്തിന്റെ പ്രതികരണം വൈകുന്നത്. ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദാഹരണമാണ് സംഭവമെന്നും ആലപ്പുഴ ജില്ലാ നേതൃത്വം വിമർശിച്ചിരുന്നു. എന്നാൽ, തങ്കമ്മാൾ ചിത്രം പ്രചരിച്ചതോടെ നേതാക്കൾ വെട്ടിലായി.
ക്ഷേത്രനിർമ്മാണത്തിന് ഫണ്ട് പിരിവ് നടത്തിയ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി.ജി.രഘുനാഥപിള്ളയാണ് ആദ്യം വിവാദത്തിൽ അകപ്പെട്ടത്. സംഭവത്തിൽ പാർട്ടി നടപടിയെ ഭയക്കുന്നില്ല. പാർട്ടി വിഷയത്തിൽ വിശദീകരണം ചോദിച്ചാൽ മറുപടി നൽകും. പാർട്ടിയേക്കാൾ വലുതാണ് ഭഗവതിയെന്നും രഘുനാഥപിള്ള വ്യക്തമാക്കിയിരുന്നു.. ആർഎസ്എസ് നേതൃത്വത്തിലാണ് ക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടത്തിവരുന്നത്. ആർ എസ് എസിന്റെ നേതൃത്വത്തിലാണ് ഫണ്ട് പിരിവ് നടന്നത്. അതുകൊണ്ടാണ് വിവാദമാകുന്നത്.
ചേർത്തലയിലെ പള്ളിപ്പുറത്താണ് സംഭവം. പള്ളിപ്പുറം കടവിൽ മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് കൂടിയാണ് രഘുനാഥപിള്ള. ക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്ന ഫണ്ട് പിരിവാണ് അദ്ദേഹം ക്ഷേത്ര മേൽശാന്തിക്ക് സംഭാവന കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇത്. ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് കോൺഗ്രസിനുള്ളിലുള്ളവർ തന്നെ ഈ വിഷയം ചർച്ചയാക്കിയത്. എന്നാൽ സിപിഎം കരുതലോടെ മാത്രമേ ഈ വിഷയത്തിൽ പ്രതികരിക്കൂ, സംഭവത്തിൽ രമേശ് ചെന്നിത്തല പ്രതികരിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ ആവശ്യപ്പെട്ടു. ചെന്നിത്തലയുടെ അടുത്ത സുഹൃത്താണ് ഫണ്ട് കൈമാറ്റം ഉദ്ഘാടനം ചെയ്തതെന്നാണ് സിപിഎം പറയുന്നത്.
ഉദ്ഘാടനം നിർവഹിച്ചത് ശരിയാണെന്നും ക്ഷേത്ര പ്രസിഡന്റ് എന്ന നിലയിലാണ് താൻ പരിപാടി ഉദ്ഘാടനം ചെയ്തതെന്നുമാണ് രഘുനാഥ പിള്ളയുടെ നിലപാട്. ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് തനിക്കെതിരേ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസിന് അകത്തും പുറത്തും വിഷയം വിവാദമായിട്ടുണ്ട്. ഇത് കാര്യമാക്കില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ രാഷ്ട്രീയ ഏതിരാളികളാണ് വിവാദം ആളിക്കത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ക്ഷേത്ര ഭാരവാഹിയാണ് താൻ. ഓഫീസിൽ ഇരിക്കുമ്പോൾ മേൽശാന്തിക്ക് ഫണ്ട് കൈമാറണമെന്ന് അവർ പറഞ്ഞു. ഒരു ആത്മീയ സ്ഥാപനത്തിന്റെ ചുമതലയിലുള്ള ആളാണ് ഞാൻ. അതുകൊണ്ട് മറ്റൊരു ആത്മീയ സ്ഥാപനത്തിന്റെ നിർമ്മാണത്തിന് പണം നൽകുന്നതിൽ തെറ്റില്ല. ഹിന്ദു മതവിശ്വാസിയാണ്. ഒപ്പം മതേതരത്വത്തോട് ചേർന്ന് നിൽക്കുന്ന ആളും. വിവാദത്തോടെ രഘുനാഥ പിള്ളയുടെ പ്രതികരണം ഇങ്ങനെയാണ്. അയോധ്യാ ക്ഷേത്ര നിർമ്മാണത്തിൽ മറ്റ് വിഷയമൊന്നുമില്ലെന്നും അദ്ദേഹം പറയുന്നു.
ക്ഷേത്രം പണിയുന്നത് സുപ്രീംകോടതിയുടെ വിധിയുടെ ഭാഗമാണ്. അവിടെ പള്ളി പണിയാനും സ്ഥലം അനുവദിച്ചു. നിർമ്മാണ പ്രവർത്തിയും തുടങ്ങി. ഇത് ഏവർക്കും അറിയാം. എല്ലാവരും അംഗീകരിച്ചതുമാണ്. അതുകൊണ്ടു തന്നെ പള്ളി പണിയിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് വിശദീകരണം. എങ്കിലും ഈ വിഷയം ഗൗരവത്തോടെയാണ് ഡിസിസി കാണുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഈ വിവാദം ഉയർന്നത് കോൺഗ്രസിനേയും വെട്ടിലാക്കുന്നുണ്ട്.
ശബരിമല രാഷ്ട്രീയം അടക്കം ചർച്ചയാക്കിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര കേരള യാത്ര. യുഡിഎഫിനെതിരെ മുസ്ലിം വർഗ്ഗീയത ആരോപിച്ചാണ് സിപിഎം പ്രചരണം. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കരുതലോടെ മാത്രമേ തീരുമാനങ്ങളും നടപടികളും കോൺഗ്രസ് എടുക്കൂ. നേതാക്കൾ പരസ്യമായി പ്രതികരിക്കുമോ എന്നതും നിർണ്ണായകമാണ്.
കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്. ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്. ആലപ്പുഴ ഡിസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവർത്തകർ വിമർശനവുമായെത്തി.
മറുനാടന് മലയാളി ബ്യൂറോ