തിരുവനന്തപുരം: രാമക്ഷേത്ര നിർമ്മാണത്തിന് ധനം സമാഹരിക്കാനായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലും കയറാനുള്ള പദ്ധതിയുമായി സംഘപരിവാർ. ഇതിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ക്ഷേത്രനിർമ്മാണത്തിനായി രൂപവത്കരിച്ച രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുമായാണ് വീടുകയറുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേകമായി തയ്യാറാക്കിയ ലഘുലേഖകൾ വീടുകളിൽ വിതരണം ചെയ്യും. 10, 100, 1000 രൂപ കൂപ്പണുകളും അതിനുമുകളിലുള്ള തുകയ്ക്ക് രസീതും ഉപയോഗിക്കും.

സംഭാവന നൽകുന്നവരുടെ പേരും മേൽവിലാസവും തുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. തുക അന്നന്നുതന്നെ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റണം. ഗൃഹസമ്പർക്കത്തിലൂടെ ധനസമാഹരണത്തിനു പുറമേ രാഷ്ട്രീയപ്രചാരണമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് മുഴുവൻ ആസൂത്രണം ചെയ്തിട്ടുള്ള ഗൃഹസമ്പർക്കം ചില സംസ്ഥാനങ്ങളിൽ തുടങ്ങിയിട്ടുണ്ട്.

ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെ നടക്കുന്ന ഗൃഹസമ്പർക്കത്തിനായി പരിവാറിന് പുറത്തുള്ള പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി പഞ്ചായത്ത്, ജില്ലാ തലങ്ങളിലും സംസ്ഥാനതലത്തിലും പ്രത്യേക സമിതികൾ രൂപവത്കരിക്കും. ജനുവരി ഏഴിന് സംസ്ഥാനതല സമിതി നിലവിൽ വരും. ഈ സമിതികളുടെ നിയന്ത്രണം ആർ എസ് എസിനായിരിക്കും.