- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയോധ്യയിലെ രാമക്ഷേത്രം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പൂർത്തിയാക്കുമെന്ന് സാക്ഷി മഹാരാജ്; ബിജെപിയെ പ്രതിരോധത്തിലാക്കി ഉന്നാവോ എംപി വീണ്ടും
ഉന്നാവോ: വിവാദ പ്രസ്താവനകളിലൂടെ നിരവധി തവണ വാർത്തകളിൽ ഇടംനേടിയ ഉന്നാവോ എംപി സാക്ഷി മഹാരാജ് പുതിയ പരാമർശവുമായി വീണ്ടും രംഗത്ത്. അയോദ്ധ്യയിലെ രാമക്ഷേത്രം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ബിജെപി എംപിയുടെ പ്രഖ്യാപനം. അയോദ്ധ്യയിൽ മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നതായും ക്ഷേത്രത്തിന്റെ സാന്നിദ്ധ്യം വരും കാല

ഉന്നാവോ: വിവാദ പ്രസ്താവനകളിലൂടെ നിരവധി തവണ വാർത്തകളിൽ ഇടംനേടിയ ഉന്നാവോ എംപി സാക്ഷി മഹാരാജ് പുതിയ പരാമർശവുമായി വീണ്ടും രംഗത്ത്. അയോദ്ധ്യയിലെ രാമക്ഷേത്രം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ബിജെപി എംപിയുടെ പ്രഖ്യാപനം.
അയോദ്ധ്യയിൽ മുമ്പ് രാമക്ഷേത്രം ഉണ്ടായിരുന്നതായും ക്ഷേത്രത്തിന്റെ സാന്നിദ്ധ്യം വരും കാലങ്ങളിലും ഉറപ്പിക്കുമെന്നുമാണ് തന്റെ ലോക്‌സഭാ മണ്ഡലമായ ഉന്നവോയിൽ സാക്ഷി മഹാരാജ് പറഞ്ഞത്.
ബിജെപിയെ സംബന്ധിച്ച് ഈ വിഷയം അത്ര പ്രാധാന്യമുള്ളതല്ല. എന്നാൽ തന്നെ പോലുള്ള സന്യാസിമാർക്ക് അത് മുഖ്യപ്രശ്‌നമാണ്. ക്ഷേത്ര നിർമ്മാണ എല്ലാവരിൽ നിന്നും സഹായം തേടിയെങ്കിലും ബിജെപി മാത്രമാണ് പിന്തുണ നൽകിയത്. ഇനി ബാബ്‌റിയുടെ പേരിൽ ഒരു ചെറിയ ചുവടുവയ്‌പ്പ് കൂടി അവിടെ സാധ്യമാകില്ലെന്നുമാണ് സാക്ഷിയുടെ പരാമർശം.
നിരവധി വിവാദ പ്രസ്താവനകളുമായി മുമ്പും മാദ്ധ്യമശ്രദ്ധ നേടിയ സാക്ഷി മഹാരാജ് പല തവണ ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിനെ തുടർന്ന് പൊതുസ്ഥലങ്ങളിൽ ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് പ്രവർത്തകരെയും ജനപ്രതിനിധികളെയും ബിജെപി താക്കീത് ചെയ്തിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് പുതിയ പ്രസ്താവനയിറക്കാൻ സാക്ഷി മഹാരാജ് തുനിഞ്ഞത്.
മുമ്പും വിവാദ പ്രസ്താവനകളുമായി വാർത്തയിൽ നിറഞ്ഞ വ്യക്തിയാണ് സാക്ഷി മഹാരാജ്. ഗോതമ്പും ചോളവും തിരിച്ചറിയാതെ കർഷകനു വേണ്ടി വാദിക്കുന്ന രാഹുൽ ഗാന്ധി ഭ്രാന്തനാണെന്ന് മുമ്പ് സാക്ഷി പരാമർശിച്ചിരുന്നു. നിരവധി പേരുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ പ്രകൃതിദുരന്തത്തിനു കാരണം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേദാർനാഥ് സന്ദർശനമാണെന്നും ഇയാൾ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സേയെ ദേശീയവാദിയായി വിശേഷിപ്പിച്ച് നേരത്തെ സാക്ഷി മഹാരാജ് രംഗത്തെത്തിയിരുന്നു. മദ്രസകളിൽ ഖുർ ആൻ പഠിപ്പക്കുന്നതുപോലെ സ്‌കൂളുകളിൽ ഭഗവദ് ഗീത പഠിപ്പിക്കണമെന്നും ഹിന്ദു സ്ത്രീകൾ നാല് കുഞ്ഞുങ്ങൾക്ക് വീതം ജന്മം നൽകണമെന്നുമുള്ള പരാമർശങ്ങളും വാർത്തകളിൽ സ്ഥാനം പിടിച്ചു. വോട്ടവകാശം കുടുംബാസൂത്രണം നടത്തുന്നവർക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും മുസ്ലീങ്ങളെ വന്ധ്യംകരിക്കണമെന്നും സാക്ഷി മഹാരാജ് മുമ്പ് പ്രസ്താവനയിറക്കിയിരുന്നു.

