കോഴിക്കോട് : ജനാധിപത്യത്തിനായുള്ള ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വടകരയിലെ ആർ.എംപി സ്ഥാനാർത്ഥിയുമായ കെ.കെ രമ. രാഷ്ട്രീയ കൊലപാതകത്തിനോടുള്ള പകവീട്ടലാണ് തന്റെ സ്ഥാനാർത്ഥിത്വമെന്നും രമ വിശദീകരിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടർമാർ മറുപടി നൽകുമെന്ന് രമ പറയുന്നു. ടിപി ചന്ദ്രശേഖരൻ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുമെന്നും കെകെ രമ പറഞ്ഞു.

രാജ്യം മുഴുവൻ കോൺഗ്രസുമായി സഖ്യമുള്ള ഇടതുപക്ഷത്തിന് കേരളത്തിൽ മാത്രം കോൺഗ്രസിനെ വിമർശിക്കാൻ അർഹതയില്ലെന്നും കെ.കെ രമ പറഞ്ഞു. വടകരയിൽ പുതിയ ചരിത്രം കുറിക്കുമെന്നും മത്സരിക്കാൻ വ്യക്തിപരമായി താത്പര്യപ്പെടാത്തതിനാൽ ആർഎംപിയിലുണ്ടായ ആശയക്കുഴപ്പമാണ് സ്ഥാനാർത്ഥിത്ഥ്വം വൈകാൻ കാരണമെന്നും അവർ വ്യക്തമാക്കി.

അഖിലേന്ത്യാ അടിസ്ഥാനത്തിൽ വർഗീയ ഫാസിസത്തിനെതിരേയുള്ള വിശാലമായ മതേതര ജനാധിപത്യ സഖ്യം ഉയർന്നുവരേണ്ട കാലഘട്ടമാണിത്. ആ രാഷ്ട്രീയത്തിനാണ് കൂടുതൽ പ്രസക്തി. കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഫാസിസത്തിനെതിരായ എല്ലാ ജനാധിപത്യ മതനിരപേക്ഷ കക്ഷികളുടെയും ഐക്യമുണ്ടാകുന്നതിനാണ് യുഡിഎഫിന്റെ പിന്തുണ സ്വീകരിക്കാനുള്ള കാരണമെന്നും അവർ പറഞ്ഞു.

പ്രിയ സഖാവ് ടി.പി. ചന്ദ്രശേഖരന്റെ ദീപ്തസ്മൃതികളാണ് പൊതുജീവിതത്തിൽ എന്റെ ഊർജ്ജം. കക്ഷി രാഷ്ട്രീയഭേദമന്യേ കരുത്തും കരുതലുമായി കൂടെ നിന്ന് എന്റെ പൊതുജീവിതത്തിനും ഇടപെടലുകൾക്കും എന്നും പ്രചോദനം പകർന്ന ഇന്നാട്ടിലെ ജനാധിപത്യ സുമനസ്സുകൾ തന്നെയാണ് തീർച്ചയായും ഈ പോരാട്ടത്തിലും ആത്മവിശ്വാസത്തോടെ എന്നെ മുന്നോട്ടുനയിക്കുന്നത്.

വടകരയുടെ മാറ്റവും മുന്നേറ്റവും യാഥാർത്ഥ്യമാക്കാനുള്ള ഇടപെടലുകളിൽ എന്റെ ആത്മാർത്ഥമായ പങ്കാളിത്തം ഒരിക്കൽക്കൂടി ഞാൻ ഈ നാടിന് വാക്ക് നൽകുകയാണ്. നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എനിക്ക് പിന്തുണയേകണമെന്ന് ഞാൻ സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നന്ദി''-ഇതാണ് രമയുടെ അഭ്യർത്ഥന.

കുറ്റ്യാടിയിലും പൊന്നാനിയിലും സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നങ്ങളിൽ സിപിഎം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. ടിപിയുടെ രക്തസാക്ഷിത്വത്തിന് ശേഷം കേരളം വീണ്ടെടുത്ത ജനാധിപത്യമാണത്. കേരളത്തിലെ ജനാധിപത്യം വീണ്ടെടുക്കാനാണ് ആർഎംപിയുടെ മത്സരമെന്നും കെ.കെ രമ വ്യക്തമാക്കി.

വടകരയിൽ എൻ വേണുവിനെ സ്ഥാനാർത്ഥിക്കാൻ തീരുമാനമെടുത്തിരുന്ന ആർഎംപി കോൺഗ്രസ് നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തിനെടാുവിലാണ് കെ കെ രമയെ മൽസരിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് മാറിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് തുടർച്ചയായി നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫുമായി നീക്കുപോക്കുണ്ടാക്കാൻ ആർഎംപി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ കല്ലുകടിയാണ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിസന്ധിയായത്. രമ സ്ഥാനാർത്ഥിയായാൽ മാത്രം പിന്തുണ നൽകിയാൽ മതിയെന്ന് മുല്ലപ്പള്ളി ഉൾപ്പെടെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നിലപാടെടുത്തു.

ഉപാധി ഇല്ലാതെ പിന്തുണ നൽകണമെന്ന് കെ മുരളീധരൻ അടക്കമുള്ളവർ ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. രമയ്ക്ക് പിന്തുണ നൽകുന്നതായുള്ള പ്രഖ്യാപനം ആർഎംപിക്കുള്ളിലും വലിയ തർക്കങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മൽസരിച്ച് 20000ത്തോളം വോട്ട് പിടിച്ച ആർഎംപി യുഡിഎഫ് പിന്തുണ കിട്ടുന്നതോടെ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്.