ചാരുംമൂട്: മകനെ രക്ഷിക്കാനായിരുന്നു ആ കല്ലേറ്. പക്ഷേ അതുകൊണ്ടു പോയത് മകന്റെ കാഴ്ചയും. ഒരമ്മയ്ക്കും സഹിക്കാനാവുന്നതല്ല ഈ ദുരന്തം. അങ്ങനെ അബദ്ധത്തിൽ നഷ്ടപ്പെടുത്തിയ കാഴ്ച തന്റെ മരണാനന്തരം മകനു തന്നെ മടക്കി നൽകുകയാണ് ഈ അമ്മ.

താമരക്കുളം കൊട്ടയ്ക്കാട്ടുശേി കണ്ണുചാരേത്ത് കൃഷ്ണഗാഥയിൽ രാജൻപിള്ളയുടെ ഭാര്യ രമാദേവിയുടെ കണ്ണ് ഇനി മകൻ ഗോകുൽരാജി(27)നു വെളച്ചമേകും. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കണ്ണുമാറ്റി വയ്ക്കൽ ശസ്ത്രക്രിയ. ഒരാഴ്ച മുമ്പ് വൈകിട്ട് ഇളയ മകൻ രാഹുൽരാജിനൊപ്പം യാത്രചെയ്യുമ്പോൾ ബൈക്കിൽനിന്നു തെറിച്ചുവീണാണ് രമാദേവി(50)ക്കു ഗുരുതരമായി പരുക്കേറ്റത്. ചുനക്കര തെക്ക് എൻ.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ.ഗീതുവിന്റെ നേതൃത്വത്തിലുള്ള സംഘം രമാദേവിയുടെ ഇരുകണ്ണുകളും നീക്കം ചെയ്തു. ഇതിലൊരെണ്ണമാണു മകന് വെളിച്ചമാകുന്നത്. ആറാം വയസിലാണു ഗോകുലിന്റെ ഇടതു കണ്ണു നഷ്ടമായത്. രമാദേവിയുടെ കൈയിൽനിന്ന് കയർ വിട്ട് പശു കുതറിയോടിയതാണ് ഗോകുലിന് വിനയായത്. വീട്ടുമുറ്റത്ത് കളിച്ചു നിൽക്കുകയായിരുന്ന മകനെ രക്ഷിക്കാനായി രമാദേവി പശുവിനു നേരേ കല്ലുവാരിയെറിഞ്ഞു. ഇതിലൊരെണ്ണം ഗോകുലിന്റെ കണ്ണിൽ കൊണ്ടു. ഇതോടെ ഒരു കണ്ണിന്റെ കാഴ്ത പോയി.

കാഴ്ച ലഭിക്കാൻ കണ്ണു മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതനുസരിച്ച് അവയവദാന സെല്ലിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ജീവിച്ചിരിക്കെ തന്റെ കണ്ണുകളിലൊന്നു മകനു നൽകാൻ രമാദേവി പലതവണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഗോകുൽ ഇതിന് അനുകൂലമായിരുന്നില്ല. അമ്മയുടെ സംസ്‌കാര ശേഷവും കണ്ണ് ഏറ്റുവാങ്ങാൻ ഗോകുൽ വിസമ്മതിച്ചു. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധപൂർവ്വം ഗോകുലിനെ കൊണ്ട് സമ്മതിക്കുകയായിരുന്നു.

ബി.എസ്.സി. നഴ്സിങ് ബിരുദധാരിയാണു ഗോകുൽ. രമാദേവിയുടെ രണ്ടാമത്തെക്കണ്ണ് അവയവദാന രജിസ്റ്ററിലെ മുൻഗണനാ പ്രകാരം ദാനം ചെയ്യുമെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.