ജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന 'ശഹ്റു റമദാൻ' കാംപയിനിന്റെ ഭാഗമായി എസ് വൈ എസ് നേതാവും പ്രമുഖ പ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ 'നിസ്‌കാരം ഒരു സമഗ്ര പഠനം' എന്ന പഠന ക്ളാസിനെ ആസ്പദമാക്കി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും കുടുംബിനികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത മത്സരത്തിൽ നൗഷിദ മൻസൂർ അലി ഒന്നാം സ്ഥാനവും മുഹമ്മദ് റിയാസ് പന്തല്ലൂർ രണ്ടാം സ്ഥാനവും ഉമറുൽ ഫാറൂഖ് അരീക്കോട് മൂന്നാം സ്ഥാനവും നേടി. വിജയികളെ എസ് ഐ സി സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.

ഇതോടൊപ്പം റമദാനിലെ എല്ലാ ദിവസവും വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന പ്രഭാഷണം അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തര പരിപാടിയും ഉണ്ട്. ഇതിൽ ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പേർ പങ്കെടുക്കുന്നുണ്ട്. ശരിയുത്തരം അയക്കുന്ന നിരവധി പേരിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ക്വിസ് മത്സര
ജേതാക്കൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിശുദ്ധ റമദാനിൽ നടത്തപ്പെടുന്ന ഇത്തരം ക്വിസ് പരിപാടികൾ പ്രവാസികളുടെ അറിവ് വർധിപ്പിക്കാൻ ഏറെ സഹായകരമാണെന്ന് എസ് ഐ സി മീഡിയ കൺവീനർ മുഹമ്മദ് റഫീഖ് കൂളത്ത്, പ്രോഗ്രാം കോഓർഡിനേറ്റർ ഉസ്മാൻ എടത്തിൽ എന്നിവർ പറഞ്ഞു.