കേരളീയർക്ക് റമദാൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിലും, നാവിൻ തുമ്പിലും ഓടി എത്തുന്നത് മലബാറിലെ ഇഫ്താർ വിരുന്നുകളോടും മുസ്ലിം വിഭവങ്ങളോടും ഉള്ള കൊതിയൂറും രുചി ആണ്. തീൻ മേശ നിറയെ അരിപ്പത്തിരി, മട്ടൻ കറി, അരീസ്, നെയ്‌ചോറ്, ബിരിയാണി പിന്നെ എണ്ണയിൽ വറുത്തതും പൊരിച്ചതും ആയ എണ്ണിയാൽ ഒടുങ്ങാത്ത പലഹാരങ്ങളും പാനീയങ്ങളും വേറെയും.

എന്നാൽ ഇതിൽ നിന്നെല്ലാം വേറിട്ടും കേരളത്തിലെ മറ്റുള്ള ജില്ലകളിൽ നിന്നും വളരെ വ്യത്യസ്തവും ആണ് കോട്ടയം ,പത്തനംതിട്ട ,ഇടുക്കി,ആലപ്പുഴ എന്നീ ജില്ലകളിലെ മുസ്ലീങ്ങളുടെ നോമ്പുതുറ.

ഇസ്ലാമിൽ ആദ്യത്തെയും ഇസ്ലാമിൽ ഏറ്റവും വലുതും ആയ ഹനഫി മദ്ഹബ് (അനുഷ്ടാന രീതി) (വർഗ പരമായി റാവുത്തർ വിഭാഗം) ആണ് ഇവിടെ ഉള്ള മുസ്ലീങ്ങൾ പിന്തുടരുന്നത്. ഇട അത്താഴം മുതൽ നോമ്പുതുറ വരെ ഉള്ള ഭക്ഷണ രീതിയിൽ വളരെ മിതത്വം ആണ് ഇക്കൂട്ടർ നോമ്പുകാലത്ത് പിന്തുടരുന്നത്. നോമ്പ് വിഭവങ്ങളിൽ ഏറ്റവും പ്രധാന പെട്ടത് ഇവരുടെ നോമ്പ് കഞ്ഞി ആണ്. ഇവിടെ എല്ലാ പള്ളികളും കേന്ദ്രീകരിച്ചു മഹല്ലുകളുടെ നേതൃത്വത്തിൽ ആണു കഞ്ഞി വിതരണം. മഗ്രിബ് നമസ്‌കാരാനന്തരം പാരമ്പര്യം ആയി നടത്തപെടുന്നത്. അസർ (സായാഹ്‌നം) നമസ്‌കാരാനന്തരം പള്ളികളിൽ നിന്നും വീട്ടിൽ നോമ്പനുഷ്ഠിക്കുന്ന സ്ത്രീകൾക്കായി നോമ്പ് കഞ്ഞി വിതരണം നടത്താറുണ്ട്. ഇത് വാങ്ങുവാനായി വീട്ടിലെ കുട്ടികൾ തലയിൽ തട്ടവും തൊപ്പിയും ആയി എത്തും. തൂക്കു പാത്രങ്ങളുമായി കുട്ടിപ്പട്ടാളങ്ങൾ പള്ളിപ്പറമ്പും നാട്ടിടവഴികളും കയ്യടക്കും.

പള്ളികളിൽ വിതരണം ചെയ്യുന്ന നോമ്പ് കഞ്ഞിയോടൊപ്പം ഇടി ചമ്മന്തി, മാങ്ങ അച്ചാർ തുടങ്ങി കഞ്ഞിക്കു മേമ്പൊടി ഏകുന്ന വിഭവങ്ങളും ഉണ്ടാകും. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് കഞ്ഞി കോരി കുടിക്കാൻ ഇന്നും പ്ലാവിലയിൽ കുത്തിയെടുത്ത കോരി ആണുപയോഗിക്കുന്നത്. പാത്രത്തിലെ കഞ്ഞിയുടെ അളവ് തീരുന്ന ഘട്ടത്തിൽ പ്ലാവില മാറ്റി കഞ്ഞി പാത്രം രണ്ടു കയ്യാൽ എടുത്തു ചുണ്ടോടു അടുപ്പിച്ചു ചേർത്ത് വലിച്ചു കുടിക്കുന്നതോടുകൂടി ആ ദിവസത്തെ നോമ്പിന്റെ എല്ലാ ക്ഷീണവും പരിസമാപ്തി അടയുന്നതാണ്. നോമ്പ് കഞ്ഞിയുടെ ഈ രുചി ഇവിടുത്തെ സഹോദര സമുദായങ്ങളും നമ്മളോടൊപ്പം പങ്കു വെയ്ക്കുന്നത് ഇവിടങ്ങളിലെ നോമ്പ് കാഴ്ചയാണ്.

കേരളത്തിലെ മറ്റു പത്തു ജില്ലകളിലേം മുസ്ലീങ്ങൾ ഷാഫി മദ്ഹബ് (അനുഷ്ഠാന രീതി ) ഇസ്ലാമിൽ അവസാനത്തെയും ,ഇസ്ലാമിൽ ഏറ്റവും ചെറുതുമാണു പിന്തുടരുന്നത്. ഇതിൽ പ്രത്യേകിച്ചും മലബാറിലെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കുമ്പോൾ അവരുടെ നോമ്പുതുറ വിഭവങ്ങൾ കാണുമ്പോൾ കണ്ണ് തെള്ളിപോവുകയും നമ്മൾ ഇതിനാണോ ഈ പകൽ സമയം പട്ടിണി കിടന്നത് എന്നൊരു തോന്നൽ ഉണ്ടാവും ചെയ്യുക സ്വാഭാവികം. ചിലപ്പോൾ ഈ തോന്നൽ മറ്റു ജില്ലകളിൽ ഉള്ളവർക്ക് മാത്രം ആകാം.

എന്തായാലും കേരളത്തിലെ മറ്റു ജില്ലകളിൽ ഉള്ള മുസ്ലിം സഹോദരങ്ങളും, മറ്റു സഹോദര സമുദായ അംഗങ്ങളും ഒരു വട്ടം എങ്കിലും മധ്യ തിരുവിതാംകൂറിലെ നോമ്പ് കൂട്ടായ്മയിലും, ഇവിടുത്തെ പ്രശസ്തം ആയ നോമ്പ് കഞ്ഞി വിതരണത്തിലും പങ്കെടുത്തു നോമ്പിന്റെ വ്യത്യസ്തത ഒന്ന് മനസിലാക്കാൻ ശ്രമിക്കുന്നത് ഒരു വല്ലാത്ത നോമ്പുകാല അനുഭവം ആയിരിക്കും.