കൊച്ചി: ദിലീപിനെതിരെ ഒരു വിഭാഗം ശക്തമായി നില കൊണ്ടപ്പോഴും ദിലീപ് ചിത്രം തീയറ്ററിൽ പോയി കാണരുത് എന്ന് പറഞ്ഞവർക്കും മുമ്പിൽ രാജകീയമായി തിരിച്ച് വന്നിരിക്കുകയാണ് രാമലീലയിലൂടെ ദിലീപ്. അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല 55 ദിവസം കൊണ്ട് 55 കോടി രൂപയാണ് സ്വന്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായിതിന് പിന്നാലെ ദിലീപിനും റിലീസിനൊരുങ്ങിയ രാമലീലയ്ക്കും എതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ചാണ് ദിലീപ് ചിത്രം വൻ വിജയം കൊയ്തത്.

സംവിധായകനായ അരുൺ ഗോപി തന്നെയാണ് ചിത്രത്തിന്റെ കളക്ഷൻ പുറത്തിറക്കിയത്. തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ചിത്രം 55 കോടി ക്ലബിലെത്തിയെന്ന വിവരം സംവിധായകൻ പറഞ്ഞത്. പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടമാണ് രാമ ലീല നിർമ്മിച്ചത്.

'പ്രതിബന്ധങ്ങളെ മറികടന്ന് രമലീലയെ 55 കോടി ക്ലബിൽ എത്താൻ സഹായിച്ച ദൈവത്തിന് നന്ദി. ഞങ്ങളുടെ വിജയത്തിനായി സംഭാവനകൾ നൽകിയ എല്ലാവർക്കും നന്ദി. ടോമിച്ചായനും ദിലീപേട്ടനും, സച്ചിയേട്ടനും നോബിളിനും ഹൃദയംഗമായ നന്ദി. നിങ്ങളില്ലാതെ ഇത് സാധ്യമാകില്ലായിരുന്നു. ഈ വിജയത്തിന് ദിലീപേട്ടനോട് കടപ്പെട്ടിരിക്കുന്നു. - എന്ന് അരുൺ ഗോപി പറയുന്നു.

ഷാഫി സംവിധാനം ചെയ്ത 2 കണ്ട്രീസിന് ശേഷം 50 കോടി ക്ലബിൽ ഇടംനേടുന്ന രണ്ടാമത്തെ ദിലീപ് ചിത്രമാണ് രാമലീല. ഇതേക്ലബിൽ ഇടം ലഭിക്കുന്ന പത്താമത്തെ മലയാളസിനിമ കൂടിയാണ് ഈ ചിത്രം. പുലിമുരുകൻ, ദൃശ്യം, ഒപ്പം, പ്രേമം, 2 കണ്ട്രീസ്, എന്നു നിന്റെ മൊയ്തീൻ, എസ്ര, ഗ്രേറ്റ്ഫാദർ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളാണ് 50 കോടി കടന്ന മലയാളചിത്രങ്ങൾ.

സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പതിനാലു കോടി രൂപ മുടക്കിയ ചിത്രത്തിന് സമീപകാലത്ത് ഒരു സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും മികച്ച ജനപ്രീതിയും ലഭിച്ചിരുന്നു.