കൊച്ചി: ദിലീപിന്റെ പുതിയ ചിത്രം രാമലീലയുടെ റിലീസിങ്ങ് മാറ്റി വെച്ചു. വെള്ളിയാഴ്ചയായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസറിങ്ങിന് മുന്നോടിയായുള്ള ജോലികൾ പൂർത്തിയാകാത്തതാണ് ഇതിന് കാരണമെന്ന് നിർമ്മാതവ് ടോമിച്ചൻ മുളകുപാടം മറുനാടൻ മലയാളിയോട് പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപ് ആരോപണ നിഴലിലായ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റിയതെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ വിവാദവുമായി റിലീസ് മാറ്റിയതിന് യാതൊരു ബന്ധവുമില്ല. ചില ജോലികൾ കൂടി പൂർത്തിയാക്കാനുണ്ട്. 14നോ 21നോ ചിത്രം തീയേറ്ററുകളിൽ എത്തും- നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം വിശദീകരിച്ചു. മോഹൻലാലിന്റെ വില്ലന്റെ റിലീസിങ് തീയതിയുമായി ബന്ധപ്പെട്ടാകും അവസാന തീരുമാനം എടുക്കുക.

ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്താൽ ദിലീപിനെതിരായ പ്രതിഷേധം ചിത്രത്തേയും ബാധിക്കുമോയെന്ന ആശങ്ക സജീവമാണ്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമലീലയിൽ രാഷ്ട്രീയക്കാരനായാണ് ദിലീപ് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പ്രയാഗ മാർട്ടിനാണ് നായിക.

മുകേഷ്, സിദ്ദിഖ്, വിജയരാഘവൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ, അനിൽ മുരളി, ശ്രീജിത്ത് രവി തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. രാധികാ ശരത്കുമാർ, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.