കൊച്ചി: ദിലീപ് ചിത്രമായ രാമലീല് റിലീസ് ചെയ്യുമ്പോൾ താരം അകത്തായിരിക്കുമോ അതോ പുറത്തായിരിക്കുമോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇതുവരെ വന്നിട്ടില്ല. ഇന്നും ദിലീപിന്റെ ജാമ്യാപേക്ഷ നിഷേധിച്ചിരിക്കയാണ്. ഈമാസം 28നാണ് ചിത്രം റിലീസാകുക. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങൾ മുറുകുമ്പോൾ തന്നെ ടോമിച്ചൻ മുളകുപാടം സിനിമ ഏതു വിധേനെയും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനായി പരമാവധി പബ്ലിസിറ്റി നൽകുകയാണ് അദ്ദേഹം.

പോസ്റ്ററുകളിലൂടെയും സിനിമയുടെ ടീസറിലും ഗാനത്തിലൂടെയും പറയുന്ന കാര്യങ്ങൾ പലപ്പോഴും സംശയങ്ങൾക്കും ഇടയാക്കുന്നുണ്ട്. തന്റെ ഇപ്പോഴത്തെ അവസ്ഥ മുൻകൂട്ടി കണ്ടാണോ സിനിമ തയ്യാറാക്കിയത് എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് കാര്യങ്ങൾ. സിനിമയുട ടീസറിൽ ഉൾക്കൊള്ളിച്ച ഡയലോഗും ഇത്തരത്തിലായിരുന്നു. ഇത് കൂടാതെ പുറത്തിറങ്ങിയ ഗാനത്തിലും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയെ സൂചിപ്പിക്കുന്ന പല കാര്യങ്ങളുമുണ്ടായിരുന്നു. എന്തായാലും പിന്നാലെ രാമലീലയുടെ പോസ്റ്ററുകൾക്ക് പോലും സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്.

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ അതും ശ്രദ്ധിക്കപ്പെട്ടു. ഇന്നലെ വൈകിട്ടിറങ്ങിയ പുതിയ പോസ്റ്റർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും വിമർശകരും. നായകൻ ദിലീപ് ബലി കർമ്മം നിർവഹിക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. പുതിയ പോസ്റ്റർ കണ്ട് ആരാധകരും വിമർശകരും ഒരുപോലെ ഞെട്ടാൻ കാരണമുണ്ട്. ദിലീപിന്റെ ജീവിതത്തിൽ രണ്ടു ആഴ്ചയ്ക്കു മുൻപ് നടന്ന ഒരു സംഭവമാണ് ബലി കർമ്മം നിർവഹിച്ചത്.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ദിലീപ് രണ്ട് ആഴ്ച മുൻപ് അച്ഛന്റെ ശ്രാദ്ധ കർമ്മത്തിൽ പങ്കെടുത്തിരുന്നു. ഇതിനായി കോടതി രണ്ട് മണിക്കൂർ അനുവദിക്കുകയായിരുന്നു. ബലികർമ്മത്തിന്റെ ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. സിനിമയിലെ രംഗമെന്ന വിധത്തിലാണ് പുതിയ പോസ്റ്റർ എത്തിയത്. എന്തായാലും ഈ പോസ്റ്റർ ആരാധകരെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ദിലീപിന്റെ അറസ്റ്റിനു ശേഷമിറങ്ങിയ ടീസറിലും ഓഡിയോയിലും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥകൾ വ്യക്തമായി കാണിക്കുന്നുണ്ടെന്നാണ് ഉയർന്നു വരുന്ന ആരോപണം. ഇതെങ്ങനെ സാധ്യമാകുമെന്നാണ് ആരാധകർ തന്നെ ചോദിക്കുന്നത്. ഏതായാലും സെപ്റ്റംബർ 28 ദിലീപിന് നിർണായകമായ ദിവസം തന്നെ.


മോഹൻലാൽ നായകനായ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രമാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ചിത്രം. രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവർത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. സച്ചിയുടെ തിരക്കഥയിൽ റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിപാൽ സംഗീതവും നിർവ്വഹിക്കുന്നു. സിദ്ദീഖ്, മുകേഷ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, ശ്രീജിത്ത് രവി, അനിൽ മുരളി എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ദിലീപിന്റെ സ്വന്തം സാഹചര്യം ധ്വനിപ്പിച്ചായിരുന്നു രാംലീലയുടെ രണ്ടാം ടീസർ പുറത്തിറങ്ങിയത്. അമ്മയുടെ യോഗത്തിൽ ദിലീപിനെ പിന്തുണച്ച് വിവാദത്തിൽപ്പെട്ട മുകേഷിന്റെ കഥാപാത്രവും ദിലീപിന്റെ നായകകഥാപാത്രവുമാണ് ടീസറിലുള്ളത്. ഭഗവദ്ഗീതയിലെ വിഖ്യാതമായ ശ്ലോകത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ടീസർ. ശക്തമായ കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യയ ഗാനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. രാമ കഥയെ മനുഷ്യ ജീവിതത്തോടു ചേർത്തുവച്ച് പാടുന്നൊരു പാട്ടാണ് പുറത്തുവന്നത്. വിരഹവും പ്രതീക്ഷയും നിഴലിക്കുന്ന വരികളാണു പാട്ടിന്. പൊളിറ്റിക്കൽ ത്രില്ലർ ചിത്രത്തിന്റെ മൂഡിനോടു ചേർന്നു നിൽക്കുന്ന മനോഹര ഗാനം. ജീവിതത്തിലെ പ്രതിസന്ധികളേയും വെല്ലുവിളേയും എങ്ങനെ തരണം ചെയ്യണം, ചതികളും പൊള്ളത്തരങ്ങളും നിറഞ്ഞ ജീവിതത്തോടു പടവെട്ടി എങ്ങനെ മുന്നേറണം എന്നു പറയുന്നു വരികൾ.

ബി.െക.ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദറാണ് സംഗീത നൽകിയത്. ഗോപി സുന്ദറും അഗം എന്ന ബാൻഡിലൂടെ പ്രശസ്തനായ ഹരീഷ് ശിവരാമകൃഷ്ണനും ചേർന്നാണീ ഗാനം പാടിയിരിക്കുന്നത്. പാട്ടിന്റെ ഓർക്കസ്ട്രയിലെ ഗിത്താറും മാൻഡലിനും ബാസ് സംഗീത സംവിധായകനായ സുമേഷ് പരമേശ്വറാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രം പരമാവധി പ്രചരിപ്പിക്കാൻ തന്നെയാണ് ടോമിച്ചൻ മുളകുപാടത്തിന്റെ തീരുമാനം.

ദിലീപിന്റെ 'രാമലീല' എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിനെതിരെ ടോമിച്ചൻ മുളകുപാടം പരാതി നൽകിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രനെതിരെയാണ് ഐജി പി.വിജയന് ടോമിച്ചൻ പരാതി നൽകിയത്. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അമിതാവേശവും വികാരത്തള്ളിച്ചയും മൂലമാണ് ചില അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവ പെട്ടെന്നു തന്നെ പിൻവലിച്ചതായും രാമചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ചിലർ പ്രചരിപ്പിച്ചു വരുന്നതിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പലതവണ മാറ്റിയതിനു ശേഷമാണ് രാമലീല'യുടെ റിലീസ് 28ന് നിശ്ചയിച്ചത്. ചിത്രം തിയറ്ററിൽ പോയി കാണണം എന്നും കാണരുത് എന്നവിധത്തിലുമുള്ള ക്യാംപെയ്നുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഒട്ടേറെ പ്രമുഖരും അനുകൂലപ്രതികൂല പോസ്റ്റുകളും അഭിപ്രായങ്ങളുമായി രംഗത്തു വന്നിരുന്നു.