- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ആക്ട് തയാറാക്കിയത് ഉപദേശകന്റെ അറിവോടെ ആയിരുന്നില്ല; രാജ്ഭവനിലേക്ക് ഓർഡിനൻസ് അയച്ചത് നിയമവകുപ്പ് പരിശോധിച്ച ശേഷം; പഴികേട്ടത് പിണറായിയുടെ വിശ്വസ്തനും; വിജിലൻസും ജയിലും ഫയർഫോഴ്സിലും ഒരു ചുമതലയും പഴയ ഡിജിപിക്കില്ല; കെ എസ് എഫ് ഇയിൽ ശ്രീവാസ്തവയ്ക്ക് റോളില്ലെന്ന് വിജിലൻസും; ആ 'നോട്ടപിശകും' സിൻഡീക്കേറ്റ് സൃഷ്ടിയോ?
തിരുവനന്തപുരം : കെ.എസ്.എഫ്.ഇയിലെ പരിശോധന വിജിലൻസ് രഹസ്യറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവയോട് ചർച്ച ചെയ്തിട്ടില്ലെന്നും വിജിലൻസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. വിജിലൻസ് റെയ്ഡിനെ കുറിച്ച് ശ്രീവാസ്തവയ്ക്ക് ഒരു അറിവും ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും കണ്ടെത്തിയിട്ടുള്ളത്.
പൊലീസ് ആക്ടുമായി ബന്ധപ്പെട്ട് ശ്രീവാസ്തവയ്ക്കെതിരെ മുഖ്യമന്ത്രി നോട്ട പിശക് എന്ന വാക്കുപയോഗിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലാക്കാൻ ശ്രീവാസ്തവയുടെ പേര് ചർച്ചയാക്കിയെന്നാണ് ഈ ഘട്ടത്തിൽ ഉയരുന്ന നിരീക്ഷണം. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റെയ്ഡ് നടന്നത്. വിജിലൻസ് ഡയറക്ടർ അറിയാതെ ഐജിയാണ് റെയ്ഡിന് ഉത്തരവിട്ടതെന്ന വാദവും വിജിലൻസ് തള്ളുകയാണ്. ഇതോടെയാണ് ശ്രീവസ്തവയെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് എത്തിയത്.
ശ്രീവാസ്തവയ്ക്കെതിരേ ഉയരുന്ന ആരോപണങ്ങൾ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയും നിഷേധിച്ചു. മന്ത്രിസഭായോഗത്തിൽ നടക്കാത്ത കാര്യങ്ങൾ നടന്നുവെന്ന് പ്രചരിപ്പിച്ചത് ചില സിൻഡിക്കേറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പൊലീസ് ആക്ടിലും ശ്രീവാസ്തവയെ താൻ കുറ്റപ്പെടുത്തിയില്ലെന്ന് വ്യക്തമാകുകയാണ്. പൊലീസിൽ പ്രശ്നമുണ്ടെന്ന വരുത്താനുള്ള തന്ത്രമാണിതെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നു.
ആഭ്യന്തര വകുപ്പിനെതിരായ തുടർച്ചയായ ആരോപണങ്ങൾക്കു പിന്നിൽ രമൺ ശ്രീവാസ്തവയ്ക്കെതിരേയുള്ള ഗൂഢനീക്കമാണെന്നു സംശയമുയർന്നു. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ആക്ട് പരിഷ്കരണവും കെ.എസ്.എഫ്.ഇ. റെയ്ഡും ശ്രീവാസ്തവയുടെ സൃഷ്ടിയാണെന്നും സർക്കാരിനെ പേരുദോഷം കേൾപ്പിക്കുന്നത് ഇദ്ദേഹമാണെന്നുമായിരുന്നു വ്യാപക പ്രചാരണം. ഇതാണ് മുഖ്യമന്ത്രി നേരിട്ടെത്തി പൊളിച്ചത്.
പൊലീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രിക്ക് ഉപദേശം നൽകാനാണു മുൻ പൊലീസ് മേധാവിയായ രമൺ ശ്രീവാസ്തവയെ നിയമിച്ചത്. ഇതിൽ വിജിലൻസ്/ജയിൽ/ഫയർഫോഴ്സ് വകുപ്പുകൾ ഉൾപ്പെടുത്തിയില്ല. ശമ്പളമില്ലാതെയായിരുന്നു നിയമനം. മുഖ്യമന്ത്രി പൊലീസ് വിഷയത്തിൽ ആവശ്യപ്പെടുന്ന കാര്യത്തിൽ വിശദമായ റിപ്പോർട്ട് നേരിട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയാണ് ഉപദേശകന്റെ ജോലി. അതിന് അപ്പുറത്തേക്ക് ഉത്തരവാദിത്തമില്ല.
പൊലീസ് ഹെഡ് ക്വാർട്ടേഴ്സിനോ ഡി.ജി.പിക്കോ നേരിട്ട് ഉപദേശകൻ ഒരു ഫയലും നൽകാറില്ല. അതീവരഹസ്യമായ ഫയലുകൾ വിളിച്ചുവരുത്താൻ അദ്ദേഹത്തിന് അധികാരവുമില്ല. ഇക്കാര്യം പൊലീസ് ഉന്നതകേന്ദ്രങ്ങൾ സ്ഥിരീകരിക്കുന്നു. എന്നിട്ടും ശ്രീവാസ്തവയ്ക്കെതിരേ ആരോപണങ്ങൾ ഉയർന്നതിനു പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണു സംശയം.
പൊലീസ് ആക്ട് തയാറാക്കിയത് പൊലീസ് ഉപദേശകന്റെ അറിവോടെ ആയിരുന്നില്ലെന്നും സൂചനയുണ്ട്. ഓർഡിനൻസ് നിയമവകുപ്പ് പരിശോധിച്ച ശേഷമാണ് രാജ്ഭവനിലേക്കയച്ചത്. എന്നാൽ പഴികേട്ടത് പൊലീസ് ഉപദേശകനുമെന്ന് മംഗളവും റിപ്പോർട്ട് ചെയ്യുന്നു.
മറുനാടന് മലയാളി ബ്യൂറോ