കൊച്ചി: രമണൻ എന്ന് പേരു കേട്ടാൽ മലയാളിയുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് പ്രധാനമായും രണ്ട് കഥാപാത്രങ്ങളാണ്.ഒന്ന് ഒരുതലമുറയൊകെ കരയിച്ച 'ചങ്ങമ്പുഴ'യുടെ രമണൻ. മറ്റൊന്ന് തലമുറകളെ ഇന്നും ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന 'റാഫി-മെക്കാർട്ടി'ന്റെ രമണൻ.1998-ലായിരുന്നു 'പഞ്ചാബി ഹൗസ്' എന്ന ചിത്രത്തിലൂടെ ഈ രണ്ടാമത്തെ രമണൻ മലയാളിയുടെ 'ജീവിതത്തിന്റെ ഭാഗ'മാകുന്നത്

ഹരിശ്രീ അശോകൻ അവതരിപ്പിച്ച ഈ കഥാപാത്രം പറയുന്ന എല്ലാ ഡയലോഗുകളും ഹിറ്റായി.'എന്തു പറ്റി രമണാ'യെന്ന് എത്രയോ പേരെ നമ്മൾ വിളിച്ചു.എത്രയോ പേർ നമ്മളെ വിളിച്ചു.ഇത് മാത്രമല്ല രമണന് പറ്റുന്ന ഓരോ മണ്ടത്തരങ്ങളും നമ്മൾ ഇപ്പോഴും ആവർത്തിച്ച് കണ്ട് ചിരിക്കാറുമുണ്ട്. ഇന്നും നമ്മുടെ ജീവിതത്തിലെ രസകരമായ ചില നിമിഷങ്ങളിൽ മനസ്സിലെങ്കിലും രമണന്റെ ഡയലോഗുകൾ ഓടിയെത്താറുണ്ട്.സമൂഹ മാധ്യമങ്ങളിലെ ട്രോളർമാരുടെ ഇഷ്ട കഥാപാത്രവും രമണൻ തന്നെ .എന്തായാലും പതിനെട്ടു വർഷങ്ങൾക്കു ശേഷം രമണൻ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ് വെള്ളിത്തിരയിലേക്ക്.

പക്ഷേ പഞ്ചാബി ഹൗസിലൂടെയല്ല രമണന്റെ തിരിച്ചു വരവ്. ഫഹദ് ഫാസിലിന്റെ 'റോൾ മോഡൽസി'ലൂടെയാണ് രമണൻ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തിയിരിക്കുന്നത്.പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന ഈ ചിത്രത്തിലും രമണൻ തന്റെ റോൾ മോശമാക്കിയിട്ടില്ല എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.

എന്തായാലും ട്രോളർമാരും സന്തോഷത്തിലാണ്.പുതിയ രമണനിൽ നിന്നും ഒരുപാട് സാദ്ധ്യത തേടുകയാണ് അവർ. അധികം വൈകാതെ തന്നെ പുതിയ രമണൻ ട്രോളുകൾ രൂപമെടുക്കും എന്ന പ്രതീക്ഷയിലാണ് രമണന്റെ ആരാധകർ.