- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ; ഒൻപത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശക്തമായ തെളിവുകളുണ്ടെന്ന് കസ്റ്റംസ്; അർജ്ജുനെയും ക്യാരിയർ ഷെഫീക്കിനെയും ഒരുമിച്ച് ചോദ്യം ചെയ്യാനും കസ്റ്റംസ്
കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ നിർണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി അറസ്റ്റിൽ. കൊച്ചി കസ്റ്റംസാണ് അറസ്റ്റുചെയ്തത്. രാവിലെ പതിനൊന്ന് മണിയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായ അർജ്ജുൻ രാത്രി എട്ട് മണി വരെ ചോദ്യം ചെയ്ത ശേഷമാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. അർജ്ജുനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അറസ്റ്റ് വിവരം പുറത്തു വിട്ട് കൊണ്ട് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. സ്വർണ്ണക്കടത്തിലും, ഇത് അട്ടിമറിക്കുന്ന ക്വട്ടേഷൻ സംഘത്തിലും ഒരേ പോലെ പങ്ക് വ്യക്തമായ അർജുൻ ആയങ്കിയുടെ അറസ്റ്റോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. പല കേസിലും ഇടപാടുകാരനായ അർജ്ജുനിൽ നിന്ന് മലബാർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണക്കടത്തിനായി പണം നൽകുന്നത് ആരെന്ന വിവരം ലഭിക്കുമെന്ന പ്രതീക്ഷയും കസ്റ്റംസിനുണ്ട്.
സ്വർണക്കള്ളക്കത്ത് കേസിൽ ഇന്ന് രാവിലെ അർജുൻ ആയങ്കി ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. അഭിഭാഷകർക്കൊപ്പമാണ് അർജുൻ എത്തിയത്. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുക്കുകയായിരുന്നു. സ്വർണക്കടത്തിലെ കാരിയറായ ഷെഫീഖിന്റെ മൊഴിയാണ് അർജ്ജുനെ കുടുക്കുന്നതിൽ കസ്റ്റംസിന് നിർണായകമായത് എന്നാണ് സൂചന. കടത്ത് സ്വർണം അർജ്ജുനെ ഏൽപിക്കാനായിരുന്നു നിർദ്ദേശം കിട്ടിയതെന്ന് ഇയാൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. അർജ്ജുനുമായി ഷെഫീഖ് നടത്തിയ ചാറ്റുകളും കോളുകളും പ്രധാന തെളിവുകളായി.
നാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന അർജ്ജുനെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങും. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജ്ജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. മുഖ്യപ്രതി മുഹമ്മദ് ഷെഫീഖിനായുള്ള കസ്റ്റഡി അപേക്ഷയിൽ കേസിൽ അർജ്ജുൻ ആയങ്കിയുടെ പങ്ക് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ കസ്റ്റംസ് റിപ്പോർട്ട് നൽകിയത്. സ്വർണ്ണക്കടത്തിയ മുഹമ്മദ് ഷഫീഖ് പിടിക്കപ്പെടുമെന്നായപ്പോൾ ഒടുവിൽ സംസാരിച്ചത് അർജ്ജുനുമായാണ്. ഈ ഫോൺ രേഖയും തെളിവായി കസ്റ്റംസ് കോടതിയിൽ ഹാജരാക്കി.
കരിപ്പൂർ വിമാനത്താവളത്തിലൂടെ കള്ളക്കടത്ത് സ്വർണം കടത്താനും അത് തട്ടിയെടുക്കാനുമായി നിരവധി സംഘങ്ങൾ അന്നേ ദിവസം എത്തിയിരുന്നു. സംഭവദിവസം അർജുൻ ആയങ്കിയും കരിപ്പൂരിൽ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
അർജുൻ എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ പിന്നീട് കണ്ണൂർ അഴീക്കോട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുകയും പൊലീസ് എത്തും മുന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്തു. എന്നാൽ ഞായറാഴ്ച മറ്റൊരിടത്ത് കാർ കണ്ടെത്തി. ഡിവൈഎഫ്ഐ നേതാവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാറിലാണ് അർജുൻ എത്തിയതെന്ന് തെളിഞ്ഞതോടെ ഈ വാഹന ഉടമയെ ഡിവൈഎഫ്ഐയിൽ നിന്ന് പിന്നീട് പുറത്താക്കി.
കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്ന 'പൊട്ടിക്കൽ' പലതവണ അർജുൻ ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. അങ്ങനെ എങ്കിൽ എത്ര തവണ എത്ര അളവിലുള്ള സ്വർണം തട്ടിയെടുത്തു, സംഘത്തിൽ ആയങ്കിയെ കൂടാതെ മറ്റ് ആർക്കൊക്കെ പങ്ക് എന്നീ കാര്യങ്ങളിൽ വിശദമായ ചോദ്യം ചെയ്യലോടെ വിവരം ലഭിക്കുമെന്നാണ് കസ്റ്റംസ് കരുതുന്നത്. അർജുൻ ഇരുപതോളം തവണ ഇത്തരത്തിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തെന്നാണ് സംശയിക്കുന്നത്. അർജുൻ ആയങ്കി സിപിഎം നേതാക്കൾക്കൊപ്പം നിൽക്കുന്ന പഴയ ചിത്രങ്ങൾ ഇതിനിടെ പുറത്തുവന്നിരുന്നു. ഡിവൈഎഫ്ഐയിൽ നിന്ന് അർജുനെ നേരത്തെ തന്നെ പുറത്താക്കിയെന്ന് സംഘടന അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ