- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമനാട്ടുകര വാഹനാപകടത്തിൽ ഉൾപ്പെട്ടവർക്ക് ഇന്ന് കരിപ്പൂരിൽ പിടികൂടിയ 1.11 കോടിയുടെ സ്വർണവുമായി ബന്ധം; പിന്നിൽ കൊടുവള്ളി സ്വർണക്കടത്ത് സംഘം; ചെർപ്പുളശേരി സംഘം അപകടത്തിൽ പെട്ടതുകൊടുവള്ളി സംഘത്തെ പിന്തുടർന്ന് എത്തിയപ്പോൾ; കരിപ്പൂർ പൊലീസും അന്വേഷിക്കും
മലപ്പുറം: രാമനാട്ടുകരയിലുായ വാഹനാപകടത്തിൽ ഉൾപ്പെട്ടവർക്ക് ഇന്നു കരിപ്പൂരിൽ പിടികൂടിയ 1.11 കോടിയുടെ സ്വർണക്കടത്തുമായി ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചു. പിന്നിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സ്വർണക്കടത്ത് സംഘമാണെന്നാണ് സൂചന. ദുബായിൽ നിന്നെത്തിയ മലപ്പുറം മൂർക്കനാട് സ്വദേശി മേലേതിൽ മുഹമ്മദ് ഷഫീഖ്(23) എന്ന യാത്രക്കാരനിൽ നിന്നാണ് ഇന്നു 1.11 കോടിയുടെ സ്വർണം കരിപ്പൂർ എയർകസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നത്.
കോഫി മേക്കർ മെഷിനിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്. 2.33 കിലോ സ്വർണമാണ് മെഷിനകത്ത് നിന്ന് കണ്ടെത്തിയത്. ഇവക്ക് മാർക്കറ്റിൽ 1.11 കോടി വില ലഭിക്കും. ദുബൈയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. വാഹനാപകടത്തിൽ ഉൾപ്പെട്ടവർക്ക് സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം പുറത്തുവന്ന സാഹചര്യത്തിൽ കരിപ്പൂർ പൊലീസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫറൂഖ് പൊലിസ് കരിപ്പൂർ പൊലിസിന് കൈമാറി. ഇതോടനുബന്ധിച്ചു മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസ്, ഡി.വൈ.എസ്പി കെ.അഷ്റഫ്, കരിപ്പൂർ സിഐ ഷിബു എന്നിവർ കരിപ്പൂർ വിമാനത്താവള പരിസരം സന്ദർശിച്ച് സ്ഥിഗതികൾ വിലയിരുത്തി. വിമാനത്താവള പരിസരത്ത് സുരക്ഷ വർധിപ്പിക്കാൻ എസ്പി നിർദ്ദേശം നൽകി. വിമാനത്താവളം കേന്ദ്രീകരിച്ച് ക്വട്ടേഷൻ സംഘങ്ങളുടെ അക്രമം വർധിച്ച സാഹചര്യത്തിലാണിത്.
രാമനാട്ടുകരയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഉൾപ്പെട്ടത് കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്യുന്ന സംഘത്തിൽ ഉൾപ്പെട്ടവരെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘത്തിന്റെ വാഹനം പിന്തുടർന്ന ചെർപ്പുളശ്ശേരി സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളത്തിനടുത്തുനിന്നും രണ്ടു വാഹനങ്ങളിലായി കൊടുവള്ളി സംഘത്തെ പിന്തുടർന്നാണ് ഇവർ രാമനാട്ടുകരയിലെത്തിയത്.
എന്നാൽ ഇവർ ലക്ഷ്യമിട്ട 2.33 കിലോ സ്വർണം പുലർച്ചെ വിമാനത്താവളത്തിൽവച്ച് എയർ ഇന്റലിജൻസ് പിടികൂടിയിരുന്നു. കൊടുവള്ളി സംഘത്തെ പിന്തുടർന്ന ചെർപ്പുളശ്ശേരി സംഘം ഇതറിഞ്ഞതോടെ മടങ്ങി. മടക്കയാത്രയിലാണ് രാമനാട്ടുകരയിൽ വാഹനാപകടമുണ്ടായത്. സംഘം സഞ്ചരിച്ച ഒരു വാഹനം എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാഹനം പിന്തുടരാൻ ശ്രമിക്കുന്നതിനിടെ രണ്ടു സംഘങ്ങളും തമ്മിൽ കൊണ്ടോട്ടി ഭാഗത്ത് ഏറ്റുമുട്ടിയിരുന്നു. ഈ സമയം വെടിയൊച്ച കേട്ടതായി പരിസരവാസികൾ പറയുന്നുണ്ട്. സംഭവത്തിൽ കസ്റ്റംസ് വിവരം ശേഖരിച്ചു. ഫറോക്ക് സ്റ്റേഷനിലെത്തി ഡപ്യൂട്ടി കമ്മിഷണറിൽനിന്നാണ് വിവരങ്ങൾ തേടിയത്.
വാഹനാപകടവുമായി ബന്ധപ്പെട്ട് ഐപിസി 399 പ്രകാരമുള്ള കൊള്ളശ്രമവും ഉൾപ്പെടുത്തിയാണ് എട്ടുപേർക്കെതിരേ പൊലീസ് കേസെടുത്തത്. കേസിൽ കസ്റ്റംസ് അന്വേഷണവും നടത്തുന്നുണ്ട്. ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിയാണ് കസ്റ്റംസ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഇവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന.
അപകടത്തിൽമരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്നവരാണ് ഇവർ. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവരാദ്യം നൽകിയിരുന്ന മൊഴി. പിന്നീട് അപകടമുണ്ടായെന്ന വിവരം ലഭിച്ചതനുസരിച്ചാണ് തങ്ങൾ അപകടസ്ഥലത്ത് എത്തിയതെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ, വിമാനത്താവളത്തിൽ ആരെ കൂട്ടിക്കൊണ്ടുപോകാൻ എത്തി എന്ന ചോദ്യത്തിന് ഇവരാരും കൃത്യമായ മറുപടി നൽകിയിട്ടില്ലെന്നാണ് അനൗദ്യോഗിക വിവരം.
കൊള്ള നടത്താനുള്ള ശ്രമം തടയുന്നതിനായുള്ള വകുപ്പാണ് ഐപിസി 399. കസ്റ്റംസിന്റെ പിടിയിലായ മുഹമ്മദ് ഷെഫീക്കിൽ നിന്ന് സ്വർണം തട്ടിയെടുക്കാൻ എത്തിയവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് ഇവർ കൊള്ള നടത്താനാണ് ശ്രമിച്ചത് എന്ന രീതിയിൽ കേസെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി.