കോഴിക്കോട്: ഇനി വിശുദ്ധ റമദാനിന്റെ കൂടുതൽ പുണ്യകരമായ അവസാനത്തെ പത്ത്. കാരുണ്യവാന്റെ കരുണാകടാക്ഷം പ്രതീക്ഷിച്ച് പശ്ചാത്താപം പൊഴിയുന്ന രാവുകൾ. വിശ്വാസികൾക്ക് വിശുദ്ധിയുടെ തീരമണിയാനുള്ള ധന്യനിമിഷങ്ങൾ. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും ആദ്യ രണ്ടു പത്തുകൾക്കുശേഷമുള്ള അവസാന പത്ത് നരകമോചനത്തിന്റെതാണ്. പള്ളികളിൽ ഇഅ ്ത്തികാഫിന്റെ (പുണ്യം പ്രതീക്ഷിച്ച് സ്ത്രീ പുരുഷന്മാർ പത്തുദിവസവും പള്ളികളിൽ ഭജനമിരിക്കുക) നാളുകൾ കൂടിയാണിത്. ആയിരം മാസത്തേക്കാൾ പുണ്യമുള്ള 'ലൈലത്തുൽ ഖദ്ർ' എന്ന നിർണയത്തിന്റെ രാത്രിയും ഒടുവിലെ പത്തിലെ ഒറ്റപ്പെട്ട രാവിലൊന്നാണ്. വിശുദ്ധഖുർആൻ അവതരിച്ച രാത്രികൂടിയാണിത്.

കഴിഞ്ഞകാല പ്രവർത്തനവൈകല്യങ്ങൾ തിരുത്താനും വരും നാളുകൾ ചൈതന്യപൂർണമാക്കാനും വീണ്ടുവിചാരം കോറിയിടുന്ന നിർണായകമായ പകലന്തികളാണിത്. വിശ്വാസികൾ മനമുരുകി പ്രാർത്ഥിക്കുകയായി. ആവശ്യങ്ങൾ, ആവലാതികൾ, പരാതികൾ, പ്രയാസങ്ങൾ എല്ലാം. അങ്ങനെ ചെയ്തുപോയ തെറ്റുകുറ്റങ്ങൾ പൊറുക്കാൻ അവർ മനമറിഞ്ഞു മാപ്പിരക്കും. രാത്രി ദീർഘനേരമുള്ള തറാവീഹ് നമസ്‌കാരത്തിലും മറ്റുമായി സ്രഷ്ടാവുമായി കൂടുതൽ അടുക്കാനും അവർ സമയം കണ്ടെത്തും.

ഉദയം മുതൽ അസ്തമയംവരെ തീനും കുടിയും ഭോഗവും മറ്റും വർജ്ജിച്ച് ദേഹേഛകൾക്കു വഴങ്ങാതെ പ്രാർത്ഥനാ നിരതരാവുന്ന വിശ്വാസികൾക്കിനി തിരക്കുപിടിച്ച ദിവസങ്ങളാണ്. പുണ്യങ്ങൾ വാരിക്കൂട്ടാൻ അവർ കൂടുതൽ ഉത്സുകരാകും. പള്ളികളിലും മറ്റു വിജ്ഞാനസദസ്സുകളിലും വിശ്വാസികളുടെ തിരക്ക് കൂടുതലനുഭവപ്പെടും. റിലീഫ് പ്രവർത്തനങ്ങളിലും മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ കൂടുതൽ വ്യാപൃതരാവും. എങ്ങും കർമനിരതമായ സേവനപ്രവർത്തനങ്ങളാവും.

ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്ത് കൂടുതലായി ചിലവഴിക്കപ്പെടുന്നതും ഈ അവസാന നാളുകളിലാണ്. സമ്പന്നർ തന്റെ ധനത്തിന്റെ ഒരോഹരി പാവപ്പെട്ടവനു നല്കുകയാണിതിലൂടെ. ഇത് ധനികന്റെ ഔദാര്യമായല്ല, ദരിദ്രന്റെ അവകാശമായാണ് ഇസ്‌ലാം കാണുന്നത്. സകാത്ത് ധനികൻ നേരിട്ട് പാവപ്പെട്ടവനെ ഏല്പിക്കുന്ന രീതിയല്ല ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. മറിച്ച് സംഘടിതമായി അതിന്റെ അവകാശികൾക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിലെ അവശതകൾക്കു പരിഹാരം കാണുന്നതോടൊപ്പം തന്നെ ഒരിക്കൽ സകാത്ത് സ്വീകരിച്ചവനെ തുടർന്നുള്ള വർഷം സകാത്ത് നല്കാനാവുംവിധം അവന്റെ സാമ്പത്തികനില മെച്ചപ്പെടുത്താനുതകുന്ന തരത്തിലാണ് ഇത് ഉപയോഗപ്പെടുത്തേണ്ടത്. ആത്മീയവിശുദ്ധിയോടൊപ്പംതന്നെ പിശുക്ക്, ധൂർത്ത്, സ്വാർത്ഥത, ചൂഷണമനോഭാവം തുടങ്ങിയ ദുർഗുണങ്ങളിൽനിന്ന് മോചിതരാക്കാനും സമത്വവും സമഭാവനയും വിഭാവന ചെയ്യാനും സകാത്ത് പ്രേരകമാവുന്നു.

മുറിഞ്ഞമനസ്സിന്റെ മുറിപ്പാടുണക്കാനും അകന്ന മനസ്സിനെ അടുപ്പിക്കാനും ഹൃദയശുദ്ധി വിമലീകരിക്കപ്പെടുന്നതിനും കൂടുതൽ നിഷ്‌കർഷ പുലർത്തുന്ന സമയങ്ങളാണിത്. ഭക്തിനിർഭരമായ ഈ അന്തരീക്ഷം വരുന്ന പതിനൊന്നു മാസത്തേക്കു കൂടിയുള്ള ശിക്ഷണമാണ്. ത്യാഗത്തിന്റെ - സമർപ്പണത്തിന്റെ - ശിക്ഷണത്തിന്റെ-.ആത്മസംയമനത്തിന്റെ എണ്ണപ്പെട്ട നാളുകൾ കൂടി വിട പറയുന്നതിന്റെ വേദനയിൽ വിശ്വാസികൾ നിരന്തരം ദൈവസ്മരണയിൽ കഴിച്ചുകൂട്ടും.

അതിനിടെ, റമദാൻ അവസാന ഭാഗത്തേക്കു കടന്നതോടെ ഈദ് ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പും വിപണിയെ സജീവമാക്കുന്ന നാളുകളാണിനി. മിക്കയിടത്തും ഓഫറുകളുടെ പെരുമഴയാണ്. പല വ്യാപാര സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിക്കുന്നു. മാളുകളും സൂപ്പർ ഹൈപ്പർ മാർക്കറ്റുകളും തുടങ്ങി വിപണി ജനത്തിരക്കിലേക്ക് വഴിമാറുകയാണ്.