- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഒട്ടകമല്ല, ഹോമോസാപിയൻസ്! വെള്ളം കുടിക്കാതെയുള്ള നോമ്പ് ആത്മഹത്യാപരം; ഇത് ഇന്റർമിറ്റെന്റ് ഫാസ്റ്റിങ് എന്ന ശാസ്ത്രീയ രീതിയല്ല; ഒരു മാസത്തെ ആഹാര സമയക്രമം മാറ്റുന്നതുകൊണ്ട് ഒരു പ്രയോജനവും ഇല്ല; റമദാൻ നോമ്പ് ശാസ്ത്രീയമാണെന്ന വാദത്തിനെതിരെ കാമ്പയിനുമായി എക്സ് മുസ്ലീങ്ങൾ
കോഴിക്കോട്: മതാചാരങ്ങൾക്ക് പിന്നിൽ മുഴുവൻ ശാസ്ത്രീയ സത്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വിശദീകരണങ്ങൾ ഇക്കാലത്ത് സർവ്വ സാധാരണമാണ്. സോഷ്യൽ മീഡിയയിൽ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളാണ് ഈ വിഷയത്തിൽ മുന്നിൽ നിൽക്കുന്നത്. സുനിതാ വില്യംസ് എന്ന ബഹിരാകാശയാത്രിക, ശൂന്യാകാശത്ത് വാങ്കുവിളി കേട്ടെന്നും അങ്ങനെ അവർ ഇസ്ലാം സ്വീകരിച്ചുവെന്നത് തൊട്ട്, നാസ നോമ്പെടുക്കുന്നത് ശാസ്ത്രീയമാണെന്ന് കണ്ടെത്തിയെന്നുവരെ പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ ഡോ അലക്സാണ്ടർ ജേക്കബിനെപ്പോലുള്ള കപടശാസ്ത്രത്തിൽ അഭിരമിക്കുന്ന ചിലർ നടത്തുന്ന പ്രചാരണങ്ങൾ മാത്രമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ റമദാൻ നോമ്പ് സംബന്ധിച്ച് യാതൊരു പഠനവും നടത്തിയിട്ടില്ല. അത്തരം കാര്യങ്ങൾ പഠനം നടത്തുക നാസയുടെ ലക്ഷ്യവുമല്ല. സുനിതാ വില്യംസ് മതം മാറിയിട്ടുമില്ല. എന്നാൽ ഇപ്പോഴും നാസയുടെ പേരിൽ പ്രചാരണം കൊഴുക്കുന്നുണ്ട്.
മാത്രമല്ല, ഇപ്പോൾ ഒരുവിഭാഗം ഹോമിയോ ഡോക്ടർമാരും, ചില ഇസ്ലാമിസ്റ്റുകളായ ഡോക്ടർമാരും ചേർന്ന് വ്രതം ശരീരത്തിന് അത്യുത്തമമാണെന്ന പ്രചാരണം അഴിച്ചുവിടുന്നുണ്ട്. ഇതിനെ വെല്ലുവിളിക്കുകയാണ് ഇസ്ലാം വിട്ടവരുടെ കൂട്ടായ്മയായ കേരള എക്സ് മുസ്ലിം അസോസിയേഷൻ. എന്നാൽ റമദാൻ നോമ്പ് അനിസ്ലാമികമാണെന്ന പ്രചാരണമാണ്, ചേകന്നൂർ മൗലവിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഖുർആൻ സുന്നത് സൊസൈറ്റിയുടെ പ്രവർത്തകർ പറയുന്നത്. നോമ്പ് എടുക്കണമെന്ന് ഖുർആനിൽ എവിടെയും പറയുന്നില്ല എന്ന വാദമാണ് ഇവർ ഇതിനായി ഉയർത്തുന്നത്. നോമ്പുകാലത്ത് കടകൾ അടച്ചിടുന്നതിന് എതിരെയും ഖുർആൻ സുന്നത് സൊസൈറ്റി കാമ്പയിൽ നടത്തുന്നുണ്ട്.
നോമ്പ് ശാസ്ത്രീയ ഫാസ്റ്റിങ് അല്ല
ഇന്റർമിറ്റെന്റ് ഫാസ്റ്റിങ് എന്ന ശാസ്ത്രീയമായ രീതിയല്ല, 12 മണിക്കൂറോളം വെള്ളം കൂടിക്കാതെയുള്ള ഫാസ്റ്റിങ്ങ്. മുസ്ലിംങ്ങളുടെ വ്രതാനുഷ്ഠാനം എങ്ങനെയുള്ളതാണെന്ന് വിശദീകരിക്കതെ ആഹാരനിയന്ത്രണം ആരോഗ്യത്തിനു നല്ലതാണെന്നു പറയുന്നത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നാണ് എക്സ് മുസ്ലിം കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നത്. 'നോമ്പനുഷ്ഠാനം എത്രമാത്രം അശാസ്ത്രീയവുമാണെന്നറിയണമെങ്കിൽ മുസ്ലിം പ്രദേശങ്ങളിലെ ആശുപത്രികളിൽ പോയി ഒരന്വേഷണം നടത്തിയാൽ മതിയാകും. വിവിധ തരം ഉദരരോഗങ്ങൾ, അൾസർ, ബി പി, പ്രമേഹസംബന്ധമായ പ്രശ്നങ്ങൾ നിർജലീകരണം മൂലമുണ്ടാകുന്ന അപകടങ്ങൾ എന്നിങ്ങനെ നോമ്പുകാലത്തു വലിയ തോതിൽ മൂർച്ഛിക്കുന്ന രോഗങ്ങൾ പലതാണ്. അതു കൊണ്ടു തന്നെ ഇക്കാലത്ത് ഡോക്ടർമാരെ തേടി ആശുപത്രികളിൽ ശരണം പ്രാപിക്കേണ്ടിവരുന്നവർ നിരവധിയാണ്.''- സ്വതന്ത്രചിന്തകനും ഇസ്ലാമിക വിമർശകനുമായ ഇ എ ജബ്ബാർ ചൂണ്ടിക്കാട്ടുന്നു.
'ഉദയം മുതൽ അസ്തമയം വരെ ആഹാരവും ജലപാനവും ഉപേക്ഷിക്കുക എന്നതാണു നോമ്പിന്റെ രീതി. കടുത്ത വേനൽക്കാലത്തു പോലും 12 മണിക്കൂർ വെള്ളം കുടിക്കാതിരിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ആരോഗ്യശാസ്ത്രത്തിന്റെ ബാലപാഠങ്ങളറിയുന്ന ആരും പറയുമെന്നു തോന്നുന്നില്ല. 11 മാസക്കാലം സമയകൃത്യത പാലിച്ച് ആഹാരം കഴിച്ചു വന്നവർ പിന്നീട് ഒരു മാസം ആഹാരത്തിന്റെ ക്രമം തെറ്റിക്കുന്നതുകൊണ്ട് ശരീരത്തിന് എന്തു ഗുണമാണുണ്ടാകുന്നത്? വ്യായാമം ചെയ്യാതെയും കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചും കഴിയുന്നവർക്ക് അൽപ്പം ആഹാരനിയന്ത്രണം നല്ലതാണ്. പക്ഷെ അതിന് കൊല്ലത്തിൽ ഒരു മാസത്തെ ആഹാരസമയക്രമം മാറ്റുന്നതുകൊണ്ടു മാത്രം ഒരു പ്രയോജനവും ഇല്ല. അതു ദോഷം ചെയ്യുകയും ചെയ്യും. രാത്രി സമയത്തുകൊഴുത്ത ഭക്ഷണം കഴിച്ച് ഉറങ്ങുകയും പകൽ വെള്ളം കുടിക്കാതെ ജോലികൾ ചെയ്യുകയും ചെയ്യുന്നത് ഒരു തരത്തിലും ആരോഗ്യകരമല്ല. ആരോഗ്യ പരിപാലനമാണു നോമ്പിന്റെ ഉദ്ദേശ്യമെങ്കിൽ അതു കൊല്ലത്തിൽ ഒരു മാസം തുടർച്ചയായി അനുഷ്ഠിക്കുന്നതിനു പകരം ഓരോ മാസവും ഒന്നോ രണ്ടോ ദിവസം അനുഷ്ടിക്കുന്നതായിരിക്കും നല്ലത്. ജലപാനം ഒഴിവാക്കാനും പാടില്ല. അമിതാഹാരം ഒഴിവാക്കി ക്രമവും കൃത്യതയും പലിച്ചു ജീവിക്കുന്നതാണു വല്ലപ്പോഴും പട്ടിണി കിടന്ന് ദുർ മേദസ്സു കളയാൻ ശ്രമിക്കുന്നതിനെക്കാൾ ശാസ്ത്രീയമായ മാർഗ്ഗം.'
നാം ശീലിച്ചു വന്ന ആഹാരക്രമത്തിനനുസരിച്ചു സജ്ജീകരിക്കപ്പെട്ട ഒരു ദഹനേന്ദ്രിയ വ്യവസ്ഥയാണു നമ്മുടേത്. ആഹാര സമയമടുക്കുന്നതോടെ അന്നനാളത്തിലെ വിവിധ സ്രവഗ്രന്ഥികൾ ആഹാരത്തെ സ്വീകരിക്കാനും ദഹിപ്പിക്കാനുമുള്ള ശ്രമം ആരംഭിക്കുകയായി. പാലിച്ചു വന്ന ആഹാര ക്രമത്തിനനുസരിച്ച് കണ്ടീഷൻ ചെയ്യപ്പെട്ടതാണിത്. അതിനാൽ ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റം ഈ സിസ്റ്റത്തിൽ താളപ്പിഴ ഉണ്ടാക്കുന്നു. വായിലുണ്ടാകുന്ന ഉമിനീർ ആഹാരത്തിന്റെ ദഹനപ്രക്രിയയിലെ പ്രധാനപ്പെട്ടതാണ്. ക്ഷാരഗുണമുള്ള ഈ ദ്രവം, ഭക്ഷണം സമയത്തു ചെന്നില്ലെങ്കിൽ മറ്റൊരു ധർമ്മം കൂടി നിർവ്വഹിക്കുന്നു. ആമാശയത്തിലെ അമ്ല ഗുണമുള്ള ദ്രാവകത്തെ നിർവീര്യമാക്കുക എന്നതാണത്. അമ്ലത കുറയ്ക്കാനുള്ള ഒരു സംവിധാനമാണത്. ഉമിനീരെല്ലാം തുപ്പിക്കളഞ്ഞാൽ ആമാശയത്തിൽ ആസിഡ് പ്രവർത്തിച്ച് അൾസർ ഉണ്ടാക്കും. നോമ്പുകാലത്ത് ഉദര രോഗങ്ങൾ വർദ്ധിക്കാൻ ഇതാണ് ഒരു കാരണം. പൊതുസ്ഥലങ്ങളിൽ കാർക്കിച്ചു തുപ്പി മലിനീകരണമുണ്ടാക്കുന്നതും നോമ്പുകാലത്ത് പതിവാണ്.
കേരളത്തിലെ മുസ്ലിങ്ങൾ വ്രതകാലം ഒരു തീറ്റമഹോത്സവമായാണ് ഇപ്പോൾ ആചരിച്ചു വരുന്നത്! ഭക്ഷണച്ചെലവ് മറ്റു കാലങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയായെങ്കിലും ഇക്കാലത്തു വർദ്ധിക്കുന്നു എന്നതാണു കണക്ക്. നോമ്പുകാലത്തെ പ്രധാന മാധ്യമച്ചർച്ചകൾ തന്നെ വിഭവങ്ങളെ കുറിച്ചാണ്. രാത്രികാലത്തെ ഈ വിഭവസമൃദ്ധമായ അമൃതേത്തുകൊണ്ട് എന്ത് ആരോഗ്യമാണുണ്ടാകാൻ പോകുന്നത്? നോമ്പിന്റെ ശാസ്ത്രീയത വ്യാഖ്യാനിച്ചുണ്ടാക്കുന്നവർ അതുണ്ടാക്കുന്ന ശരീര സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചു ശാസ്ത്രീയമായ പഠനങ്ങൾ നടത്തി ശരിയായ ആഹാര ശീലം എന്താണെന്നു ജനങ്ങളെ ബോധവൽക്കരിക്കുകയാണു വേണ്ടത്.''- ഈ രീതിയിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയിൽ എക്സ് മുസ്ലിം കൂട്ടായ്മ നടത്തുന്നത്.
നിങ്ങൾക്ക് മാത്രമല്ല അപകടം മറ്റുള്ളവർക്കും
എക്സ് മുസ്ലിം മൂവ്മെന്റിന്റെ അമരക്കാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഡോ ആരിഫ് ഹുസൈൻ തെരുവത്ത് തന്റെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെ എഴുതുന്നു. 'റമദാൻ മാസത്തിൽ ഇസ്ലാമിസ്റ്റുകൾ സ്ഥിരമായി നടത്തുന്ന ഒരു ഏർപ്പാടാണ് കൊച്ചമ്മയെ കാണിച്ചു ഉമ്മുമ്മുയെ കെട്ടിക്കുന്ന പരിപാടി...! ഒരുതരത്തിൽ പോലും ഗുണം ഉണ്ട് എന്നതിന് വാലിഡ് ആയ തെളിവുകൾ ഇല്ലാത്ത, അശാസ്ത്രീയമായ റമദാൻ നോമ്പിനെ ന്യായീകരിക്കാൻ വേണ്ടി ഇന്റർമിറ്റെന്റ് ഫാസ്റ്റിങ് എന്ന വെള്ളം കുടിച്ചുള്ള, ഭക്ഷണം കൃത്യമായി ക്രമീകരിച്ചുള്ള ശാസ്ത്രീയ നോമ്പിന്റെ ഗുണങ്ങൾ എഴുന്നള്ളിക്കുന്ന ഏർപ്പാടാണ് അത്..! കാലങ്ങളായി അത് നടന്നു വരുന്നു. മുസ്ലിം ഡോക്ടർമാരും ഉസ്താദുമാരും, പിന്നെ കപടശാസ്ത്ര വക്താക്കളും ഇന്നതിന്റെ മുന്നണി പോരാളികൾ ആണ്.
ഓരോ നോമ്പുകാലത്തിനു ശേഷവും ഹോസ്പിറ്റലിൽ അഡ്മിറ്റാവുന്ന ആളുകളുടെ അവസ്ഥ പരിശോധിച്ചാൽ തന്നെ ഇതിന്റെ ഒക്കെ സത്യാവസ്ഥ പ്രകടം ആണ് എന്നുള്ളത് മറ്റൊരു വസ്തുത. അനേകം പഠനങ്ങൾ ഇതിനോടകം തന്നെ ആഗോള തലത്തിൽ നിലനിൽക്കെ ആണ് ഈ തള്ളി മറിക്കലുകൾ നടക്കുന്നത് എന്നും ഓർക്കണം.
ഇസ്ലാമിൽ എല്ലാ വിഷയത്തിലും ശാസ്ത്രം തിരുകി കയറ്റുന്ന പരിപാടി നോമ്പിന്റെ കാര്യത്തിലും ഇസ്ലാമിസ്റ്റുകൾ ചെയ്തു തുടങ്ങിയതോടെ ആണ്, സത്യത്തിൽ അതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് അറിയാൻ വേണ്ടി മാത്രം തികഞ്ഞ ഒരു വിശ്വാസി ആയിരുന്ന ഞാനും പണ്ട് അതൊന്നു അന്നെഷിച്ചു ഇറങ്ങിയത്..!
അതുപക്ഷേ വെറും നോമ്പ് ഉപേക്ഷിക്കലിൽ മാത്രം അല്ല ഒടുങ്ങിയത്, മത നിരാസത്തിലേക്കാണ് വഴിവെച്ചത്. പിന്നീട് മതം ഉപേക്ഷിക്കാൻ ഒരുങ്ങിയ വേളയിൽ, ആദ്യം ഉപേക്ഷിച്ചത് ഈ അശാസ്ത്രീയമായ നോമ്പ് ആയിരുന്നു...! നോമ്പെടുക്കുന്ന 'മറ്റുള്ളവരെ പേടിച്ച്' ഒളിച്ചിരുന്ന് വെള്ളം കുടിച്ചും, കാറിൽ ബിസ്ക്കറ്റും ഫ്രൂട്ടിയും ഒക്കെ കരുതിയും ആയിരുന്നു നിർജലീകരണം വരാതെ, ജോലിക്കിടയിൽ ക്ഷീണം വരാതെയും ഒരു നോമ്പുകാരനായി ഭംഗിയായി അഭിനയിച്ചു നടന്നത്..!
നോമ്പെടുത്ത് കാറോടിക്കുന്ന വേളയിൽ മയങ്ങി പോയ ഒരു അവസരം ഇപ്പോൾ ഓർത്തെടുക്കുമ്പോൾ തന്നെ ഞെട്ടൽ മാറുന്നില്ല. മാന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ റോഡിന് വശത്തു പാകിയിരിക്കുന്ന സ്റ്റഡ്ഡുകളിൽ ടയർ കയറിയ ശബ്ദം കേട്ടാണ് അന്ന് ഞാൻ ഞെട്ടിയുണർന്നത്...അതുപോലെ പലതവണ...
മറ്റൊരു അവസരത്തിൽ രാവിലെ മുതൽ ഉള്ള (ഹോമിയോ..!) ക്ലിനിക് ഡ്യൂട്ടി കഴിഞ്ഞു വൈകിട്ട് നോമ്പുതുറക്കാൻ വേണ്ടി കുടുംബവുമായി തൃശൂർ പോകുന്ന വഴി, വണ്ടി ഓടിക്കവേ കാലിൽ മസ്ക്കുലാർ ക്രാംപ്സ് വന്ന കാരണം തുടർന്ന് വണ്ടി ഓടിക്കാൻ സാധിക്കാതെ ഒതുക്കി ഇടേണ്ടി വന്ന അവസ്ഥ... വില്ലൻ നിർജ്ജലീകരണവും, തുടർന്നുണ്ടാവുന്ന ഇലട്രോളൈറ്റ് ഇംബാലൻസ് തന്നെ..ഇതെല്ലാം നോമ്പുകാലത്ത് ആവർത്തിക്കാൻ തുടങ്ങിയതോടെ, പകൽ സമയത്ത് നോമ്പെടുത്തുള്ള കാർ ഡ്രൈവിങ് കഴിയുന്നതും ഒഴിവാക്കാൻ തുടങ്ങി. അത് ആത്മഹത്യാപരം ആണ് എന്ന തിരിച്ചറിവ് തന്നെ.
ഒന്നുകിൽ അത്താഴം കഴിഞ്ഞ ഉടനെ, അല്ലെങ്കിൽ നോമ്പ് തുറന്ന ശേഷം മാത്രം...! ഇന്നിപ്പോൾ കാലം മാറി. പകൽ മുഴുവൻ വെള്ളം കുടിക്കാതെ എടുക്കുന്ന റമദാൻ നോമ്പ് തികച്ചും അശാസ്ത്രീയവും അപകടകരവും, അതറിഞ്ഞിട്ടും നോമ്പെടുക്കുന്നത് ആത്മഹത്യാപരവും ആണ് എന്നും 'മുസ്ലിം നാമധാരിയായ', മതം ഉപേക്ഷിച്ച മുൻ മുസ്ലിങ്ങളായ ആളുകൾ തുറന്നു പറയുന്നത് കുറെയെങ്കിലും സമൂഹത്തിൽ ചലനം ഉണ്ടാക്കുന്നു എന്നറിയുന്നതിൽ സന്തോഷം. അനേകം ആളുകൾ ആണ് ഇന്ന് നോമ്പിന്റെ അശാസ്ത്രീയത തിരിച്ചറിഞ്ഞു അതിൽ നിന്നും വിട്ടു നിൽക്കാൻ തയാറാകുന്നത്. അനേകം പേര് പക്ഷെ ഇന്നും മറ്റു നോമ്പുകാരെ പേടിച്ച് ഒളിച്ചിരിക്കുകയാണ്. അത്രക്ക് വിലയാണ് ഇസ്ലാമിൽ 'ചോയ്സ്' എന്ന വാക്കിന്..!
എല്ലാറ്റിനും ഉപരി, 'ആരോഗ്യം ഉള്ളവർ നോമ്പെടുക്കട്ടെ' എന്ന് ഒരു പടച്ചോൻ പറയുമ്പോൾ, രോഗികൾ നോമ്പെടുക്കണ്ട എന്ന് പറയുമ്പോൾ, അത് എത്രമാത്രം 'മാനുഷികം' ആണ് എന്ന് എന്താണ് വിശ്വാസികൾക്ക് കാണാൻ സാധിക്കാത്തത്? എന്താണ് അതിലെ പൊള്ളത്തരം നിങ്ങൾക്ക് പിടികിട്ടാത്തത്? ആരോഗ്യം ഇല്ലാത്ത അവസ്ഥയെ നിങ്ങൾ രോഗ അവസ്ഥ എന്ന് വിളിക്കും എങ്കിൽ, അതിനെ ക്ലിനിക്കൽ സ്റ്റേജ് എന്ന് ശാസ്ത്രം പറയും.
പക്ഷെ അതിന്റെ ഇടയിൽ പ്രീ ക്ലിനിക്കൽ സ്റ്റേജ് എന്നാരു അവസ്ഥ ഉണ്ട്. ആ സ്റ്റേജിന്റെ പ്രത്യേകത, അത് പൂർണ രോഗി ആകുന്നതിനു മുന്നേ ഉള്ളതാണ് എന്നും, ആ സമയത്ത് അസുഖം കണ്ടെത്തുക എളുപ്പം അല്ല എന്നുള്ളതും ആണ്. മാത്രമല്ല, അറിഞ്ഞോ അറിയാതെയോ ഒരാൾ തന്റെ ജീവിത രീതി ആ സമയത്ത് മോദിഫൈ ചെയ്യുകയാണെങ്കിൽ, അത് തിരിച്ചു ആരോഗ്യാവസ്ഥയിലേക്കോ, അല്ലെങ്കിൽ ക്ലിനിക്കൽ സ്റ്റേജിലേക്ക് വരുന്നത് വൈകിപ്പിക്കുകയോ ചെയ്യും. മറിച്ച്, മോശം ജീവിത ശൈലി ആണ് ഏറ്റെടുക്കുന്നത് എങ്കിൽ, ക്ലിനിക്കൽ സ്റ്റേജിലേക്ക് പെട്ടന്ന് തന്നെ എത്തിപ്പെടും.
അങ്ങനെ നിങ്ങൾക്കൊരു പൂർണ രോഗിയായി മാറി, നോമ്പെടുക്കാതെ, അതിനു പകരം വീട്ടാൻ ഉള്ള ഇസ്ലാമിക വഴികൾ തിരഞ്ഞു നടക്കാം...! രോഗം-ആരോഗ്യം എന്ന ഒരു ദ്വന്ദത്തിനു അപ്പുറം കാണാനോ ചിന്തിക്കാനോ സാധിക്കാത്ത ഒരു പടച്ചോൻ ഭൂലോക ദുരന്തം ആണ് എന്ന് പറയുന്നത് അവിടെ ആണ്...! 'അള്ളാഹു' മുഹമ്മദിന്റെ ഒരു ഫേക്ക് ഐഡി മാത്രം ആയിരുന്നു എന്ന് തിരിച്ചറിയുന്നത് അങ്ങനെ ആണ്...!
ഇസ്ലാമും, ഖുർആനും ദൈവികം അല്ല, അത് മുഹമ്മദിന്റെയും പിൻഗാമികളുടെയും ഒരു സൃഷ്ടി മാത്രം ആണ് എന്ന് പറയുന്നത് അതുകൊണ്ടാണ്....അതുകൊണ്ട്, പ്രിയ ഇസ്ലാം മത വിശ്വാസികളെ, നിങ്ങൾ നോമ്പെടുത്തോളൂ... വൈകിട്ട് മൂക്ക് മുട്ടെ തിന്നോളൂ...! കോഴിമുട്ടയോ, ഉന്നക്കായയോ, തരിക്കഞ്ഞിയോ, പോത്ത് വരട്ടിയതോ തിന്നോളൂ...! ആരും ഒന്നും പറയില്ല.
പക്ഷെ വെള്ളം അധികം നേരം കുടിക്കാതെ ഇരിക്കുന്നത്, അപകടം ആണ്...! അത് നിങ്ങളെ മാത്രം അല്ല, നിങ്ങൾ കാരണം പലർക്കും അപകടം സംഭവിച്ചേക്കാം. രണ്ടു വർഷം മുന്നേ പാക്കിസ്ഥാനിൽ നടന്ന വിമാന അപകടത്തിന്റെ കാരണം അന്നെഷിച്ച കൂട്ടത്തിൽ കണ്ടെത്തിയത്, ആ പൈലറ്റുമാർ ആ അവസാന വെള്ളിയാഴ്ചയിലെ നോമ്പ് മുടക്കിയിരുനിന്നല്ല എന്നാണ്...! അന്ന് മരണം അടഞ്ഞത് നൂറിൽ പരം ആളുകൾ ആണ്..! അവരിൽ നോമ്പെടുക്കാത്തവരും ഉണ്ടായിരുന്നിരിക്കണം...!
വെള്ളം കുടി തടഞ്ഞുകൊണ്ടുള്ള റമദാൻ നോമ്പ് തികച്ചും ആത്മഹത്യാപരം ആണ്....! അതേതുകൊമ്പൻ പടച്ചോൻ പറഞ്ഞതാണ് എങ്കിലും ശരി. ഇനി, നോമ്പ് തുറന്ന ശേഷം നിങ്ങൾ വെള്ളത്തിൽ മുങ്ങി കിടന്നു കുറവുകൾ നികത്താമെന്നാണ് ചിന്തിക്കുന്നത് എങ്കിൽ ഒരു കാര്യം ആദ്യമേ മനസിലാക്കുക... നമ്മൾ മനുഷ്യർ ആണ്.... ഒട്ടകം അല്ല...!ഹോമോ സാപിയൻസ്..!''- ഇങ്ങനെയാണ് ഡോ ആരിഫ് ഹുസൈൻ തെരുവത്ത് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ആരിഫിന്റെ പോസ്റ്റിനെ തുടർന്ന് വൻ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇ.എ ജബ്ബാർ, ജാമിദ ടീച്ചർ, സി.എം ലിയാഖത്തലി തുടങ്ങിയ നിരവധി സ്വതന്ത്ര ചിന്തകർ നോമ്പിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വീഡിയോകളും പോസ്റ്റുകളും ഇടുന്നുണ്ട്. എന്നാൽ എക്സ് മുസ്ലീങ്ങൾക്ക് മറുപടിയായി പ്രൗഡ് മുസ്ലിംസ് എന്ന സംഘടന നോമ്പിന്റെ ഗുണങ്ങൾ വിശദീകരിച്ച് കാമ്പയിൻ നടത്തുന്നുണ്ട്. എന്നാൽ നോമ്പ് ആരോഗ്യത്തിന് ഗുണകരമാണ് എന്ന രീതിയിൽ അവർ കൊണ്ടുവരുന്ന പഠനങ്ങൾക്ക് ആധികാരികത കാണുന്നില്ല. നാസ നോമ്പെടുക്കുന്നത് ഗുണമാണെന്ന് കണ്ടെത്തി എന്ന് ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞതുപോലുള്ള മറുപടികൾ മാത്രമാണ് ഇവർക്ക് പറയാൻ കഴിയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ