ദോഹ: റമദാൻ നോമ്പിന് മുന്നോടിയായി ഒട്ടേറെ ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് മിനിസ്ട്രി ഓഫ് ഇക്കണോമി ആൻഡ് കൊമേഴ്‌സ്. അരി, പാൽ, പഞ്ചസാര, ചിക്കൻ, പൊടികൾ, ഓയിൽ തുടങ്ങി നാനൂറിലധികം ഉത്പന്നങ്ങൾക്കാണ് നോമ്പുകാലത്ത് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. വിലക്കിഴിവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

നോമ്പുകാലത്ത് മൊത്തം ഈ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്കായിരിക്കും വിൽക്കുക. ഇത് ആറാം വർഷമാണ് നോമ്പുകാലത്ത് അവശ്യവസ്തുക്കൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിക്കുന്നത്. കഴിഞ്ഞ വർഷവും നാനൂറിലധികം ഉത്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള പുതുക്കിയ പ്രൈസ് ലിസ്റ്റിൽ ഒട്ടേറെ ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവാണുള്ളത്.

രണ്ടു ലിറ്റർ അൽമറായ് ഫ്രെഷ് മിൽക്കിന് 10 റിയാൽ, 1.75 ലിറ്റർ നാദാ ഫ്രെഷ് മിൽക്കിന് 8.50 റിയാലും രണ്ടു ലിറ്റർ അൽ സാഫി മിൽക്കിന് പത്തു റിയാലുമാണ് വില. അഞ്ചു കിലോ പഞ്ചാബ് ഗാർഡൻ ബസ്മതി റൈസിന് 25.75 റിയാൽ, സൺവൈറ്റ് റൈസിന് 33.75 റിയാൽ, ക്ലിയോപാട്ര ഈജിപ്ഷ്യൻ റൈസിന് 27.75 റിയാലുമാണ് പുതുക്കിയ നിരക്ക്.

വിവിധ ബ്രാൻഡുകളിലുള്ള ഫ്രോസൻ, ഫ്രെഷ് ചിക്കന്റെ വിലയും ഏറെ കുറഞ്ഞിട്ടുണ്ട്. സാദിയ ഫ്രോസൻ ചിക്കന് കിലോയ്ക്ക് 12.50 റിയാലും 1,100 ഗ്രാമിന് 14 റിയാലും 1200 ഗ്രാമിന് 15 റിയാലുമാണ് വില. വിവിധ ബ്രാൻഡുകളിലുള്ള ഓയിൽ, പഞ്ചസാര, പാസ്ത, ഒലിവ് ഓയിൽ എന്നിവയ്ക്കും വില കുത്തനെ കുറച്ചിട്ടുണ്ട്. ഏതെങ്കിലും കച്ചവട സ്ഥാപനം മന്ത്രാലയത്തിന്റെ നിരക്ക് മറികടന്ന് വില്പന നടത്തുന്നതായി കണ്ടെത്തിയാൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.