- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
റാസ്പുട്ടിൽ കൊല്ലപ്പെട്ടത് ഒരുഡിസംബർ 30 ന്; ബോണി എം ഗാനത്തിൽ റാസ്പുട്ടിനായി വേഷമിട്ട ബോബി ഫാരൽ മരണമടഞ്ഞതും അതേ ദിവസം; വിഖ്യാന ഗാനത്തെ നവീനും ജാനകിയും വീണ്ടും വൈറലാക്കിയപ്പോൾ രാംദാസ് എഴുതുന്നു ദുരൂഹത നിറഞ്ഞ ആ കഥ
റാസ്പുട്ടിന്റെ ജീവിതവും മരണവും മരണാനന്തരവും എല്ലാം എന്നും കൗതുകമുണർത്തുന്നവയാണ്. ബോണി എം എന്ന വിഖ്യാത സംഗീത ബാന്റിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്നായ റാ റാ റാസ്പുട്ടിനിലൂടെയാണ് ആ ദുരൂഹ വ്യക്തിത്വത്തെക്കുറിച്ച് ലോകം കൂടുതൽ അറിഞ്ഞത്.
ആ ഗാനത്തിൽ റാസ്പുട്ടിനായി വേഷമിട്ട ബോബി ഫാരൽ 2010 ൽ മരണമടഞ്ഞത് യഥാർത്ഥ റാസ്പുട്ടിൻ കൊല്ലപ്പെട്ട സെന്റ് പീറ്റേഴ്സ് നഗരത്തിൽ റാസ്പുട്ടിൻ 1916 ൽ കൊല്ലപ്പെട്ട അതേ ദിവസത്തിലായിരുന്നു. ഡിസംബർ 30 ന്.
സാർ ചക്രവർത്തിയുടെ പത്നിയുടെ അടുത്ത് വലിയ സ്വാധീനശക്തിയുണ്ടായിരുന്ന സ്വയം പ്രഖ്യാപിത പുണ്യപുരുഷനായിരുന്ന റാസ്പുട്ടിൻ ഭരണകാര്യങ്ങളിലേക്കും ആ സ്വാധീനം എത്തിച്ചപ്പോൾ യൂസുപോവ് രാജകുമാരനും സുഹൃത്തുക്കളും റാസ്പുട്ടിനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയും 1916 ഡിസംബർ 30 ന് രാത്രി സെന്റ് പീറ്റേഴ്സ് ബർഗിലെ കൊട്ടാരത്തിൽ ഒരു വിരുന്നിന് ക്ഷണിച്ച് കടുത്ത വിഷം കലർത്തിയ ഭക്ഷണം കഴിപ്പിക്കുകയായിരുന്നു. എന്നാൽ അതിശക്തമായ വിഷം ഉള്ളിൽ ചെന്നിട്ടും യാതൊരു കുഴപ്പവും റാസ്പുട്ടിന് സംഭവിച്ചില്ല. തുടർന്ന് വിഷം കലർത്തിയ വൈൻ കുടിച്ചിട്ടും റാസ്പുട്ടിൻ യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല.
ഒടുവിൽ യൂസുപ്പോവ് റാസ്പുട്ടിന്റെ നെഞ്ചിൽ വെടിവച്ച് കൊട്ടാരത്തിൽ നിന്നും പുറത്തേക്ക് പോയി. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ റാസ്പുട്ടിന്റെ മൃതദേഹം മാറ്റാനായി തിരികെയെത്തിയ യൂസുപോവ് വെടിയേറ്റു നിശ്ചലനായി കിടന്നിരുന്ന റാസ്പുട്ടിനരികിലെത്തിയതും റാസ്പുട്ടിൻ പൊടുന്നനെ എഴുന്നേൽക്കുകയും യൂസുപ്പോവിനെ ആക്രമിക്കുകയുമായിരുന്നു. ഒടുവിൽ യൂസുപോവിന്റെ സുഹൃത്തുക്കളും അംഗരക്ഷകരും പാഞ്ഞെത്തുകയും റാസ്പുട്ടിനുമേൽ വെടിയുണ്ടകൾ വർഷിക്കുകയും ചെയ്തു. മരണം ഉറപ്പു വരുത്തിയശേഷം റാസ്പുട്ടിന്റെ ജഡം തുണിയിൽ പൊതിഞ്ഞ് മഞ്ഞുമൂടി കിടക്കുന്ന നേവാ നദിയിലേക്ക് വലിച്ചെറിഞ്ഞു. രണ്ടു ദിവസത്തിനു ശേഷം കണ്ടെത്തിയ റാസ്പുട്ടിന്റെ ജഡം പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ശ്വാസകോശത്തിൽ ജലാംശം കണ്ടെത്തിയെന്നും പറയപ്പെടുന്നുണ്ട്.
എന്തായാലും അത്രയേറെ ദുരൂഹത നിറഞ്ഞ ആ കഥാപാത്രത്തെ ഒരുപാട് വേദികളിൽ കെട്ടിയാടിയ ബോബി ഫാരൽ 2010 ഡിസംബർ 30 ന് വൈകുന്നേരം റാസ്പുട്ടിൻ കൊല്ലപ്പെട്ട സെന്റ് പീറ്റേഴ്സ്ബർഗിൽ റാസ്പുട്ടിനെ അവതരിപ്പിച്ച ശേഷം വേദിയിൽ നിന്നിറങ്ങിയപ്പോൾ ചെറിയ ശ്വാസതടസം പോലെ തോന്നുന്നതായി തന്റെ മാനേജരെ അറിയിച്ചിരുന്നു. എങ്കിലും കാര്യമായ ശാരീരിക അസ്വസ്ഥതകൾ ഒന്നും തന്നെ ഫാരലിന് തോന്നിയിരുന്നില്ല. എന്നാൽ അടുത്ത ദിവസം രാവിലെ റൂമിലേക്ക് ചെന്ന ഹോട്ടൽ ജീവനക്കാരുടെ വിളിക്ക് പ്രതികരണമില്ലാത്തതിനെ തുടർന്ന് മുറി ബലമായി തുറന്ന് നോക്കിയപ്പോൾ ഫാരൽ ജീവനറ്റു കിടക്കുകയായിരുന്നു. ഒരുപക്ഷേ റാസ്പുട്ടിൻ ജീവൻ വെടിഞ്ഞ അതെ സമയത്ത് തന്നെയായിരുന്നിരിക്കണം ഫാരലും അവസാന ശ്വാസമെടുത്തതും.
ഇതെല്ലാം യാദൃശ്ചികം എന്ന് കരുതാമെങ്കിലും റഷ്യയിലെ സ്ത്രീകളെല്ലാം തന്നെ കാമിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്ന റാസ്പുട്ടിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളിലും നിറഞ്ഞു നിന്നിരുന്ന ദുരൂഹതകളുടെ ഒരു ഭാഗം തന്നെയായി ബോബി ഫാരലിന്റെ മരണവും കരുതുന്നവരും ഉണ്ട്.