- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കാലും മുറിച്ച ഇളയച്ഛനെ ഡോക്ടറെ കാട്ടി മടങ്ങുമ്പോൾ അപകടം; അമിത വേഗതയിൽ ബൈക്ക് ഓവർ ടേക്ക് ചെയ്തു; ഇനി ഈ മൊഴികൾ വിശ്വസിക്കേണ്ടി വരും; ഓസ്ട്രേലിയൻ പ്രവാസിയുടെ മരണത്തോടെ റമീസിന്റെ കാറപകടത്തിലെ ദുരൂഹതയും അപ്രസക്തം; കസ്റ്റംസിന് സംശയങ്ങൾ ഏറെ
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ കൂട്ടുകാരനായിരുന്ന റമീസ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കസ്റ്റംസ് ഏറെ ദുരൂഹത കണ്ടിരുന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു അപകടം. എന്നാൽ പൊലീസ് ചില കഥകളുണ്ടാക്കി എല്ലാം സ്വഭാവികമാക്കിയെന്ന അഭിപ്രായം കസ്റ്റംസിനുണ്ടായിരുന്നു.
ഇതിനിടെയാണ് കാർ ഓടിച്ച പി.വി.അശ്വിൻ( 42) ആന്തരിക രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. അസുഖം മൂർഛിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്ന് ബന്ധുക്കൾ അറിയിക്കുമ്പോഴും കേന്ദ്ര ഏജൻസികൾക്ക് സംശയം ഏറെയാണ്. വാഹനാപകടത്തിന് പിന്നിലെ സത്യം അറിയാവുന്ന ഏക വ്യക്തിയായിരുന്നു അശ്വിൻ. അശ്വിനും ആയങ്കിയുമായി അടുപ്പമുണ്ടെന്ന് പോലും കസ്റ്റംസ് ഒരു ഘട്ടത്തിൽ സംശയിച്ചിരുന്നു. അശ്വിനെ ആശുപത്രിയിൽ നിന്ന് മാറ്റുമ്പോൾ ചോദ്യം ചെയ്യാനും പദ്ധതി ഇട്ടു. ഇതെല്ലാം ഈ മരണത്തോടെ പൊളിഞ്ഞു. തളാപ്പ് ഓലച്ചേരിക്കാവിനടുത്ത പി.വി.സദാനന്ദന്റെയും വി.കെ.ഗീതയുടെയും മകനാണ്. സഹോദരൻ: അനുഷ് (ഓസ്ട്രേലിയ).
അർജുൻ ആയങ്കി പ്രതിയായ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യംചെയ്യാനിരിക്കെ ജൂലായ് 23-നാണ് റമീസ് ഓടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. റമീസുമായോ ആയങ്കിയുമായോ പരിചയമില്ലെന്ന് അശ്വിൻ പൊലീസിനോട് പറഞ്ഞിരുന്നു. ബന്ധുവിനെ ആശുപത്രിയിൽ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം എന്നായിരുന്നു വിശദീകരണം. ഓസ്ട്രേലിയയിൽ ജോലിചെയ്യുകയായിരുന്ന അശ്വിൻ അവധിക്ക് നാട്ടിൽ വന്നതാണ്. എന്നാൽ ഇതൊന്നും കസ്റ്റംസ് വിശ്വസിച്ചിരുന്നില്ല.
അപകടത്തിൽപ്പെട്ട റമീസിനെയോ അർജുൻ ആയങ്കിയെയോ അറിയില്ലെന്നാണ് അപകടത്തെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുത്ത കാർ ഉടമയായ തളാപ്പ് സ്വദേശി പി.വി അശ്വിന്റെ മൊഴി നൽകിയതും. ഓസ്ട്രേലിയയിൽ ജോലി ചെയ്തുവരവെ അവധിക്കു വന്നതായിരുന്നു അശ്വിൻ. ഇളയച്ഛനെ ഡോക്ടറെ കാണിച്ചുവരുമ്പോഴായിരുന്നു അപകടം. കപ്പക്കടവ് തോണിയൻ ജങ്ഷനിൽ നിന്നും ഇട റോഡിലേക്ക് കാർ സിഗ്നൽ ലൈറ്റിട്ട് തിരിയുമ്പോഴാണ് പുറകുവശത്തു നിന്നും അതിവേഗതയിലെത്തിയ റമീസിന്റെ ബൈക്ക് കാറിന്റെ ഒരുവശത്ത് ഇടിച്ചത്. റമീസ് കാറിനെ മറികടന്നു കൊണ്ടു തെറിച്ചു വീണുവെന്നും അശ്വിൻ പറഞ്ഞിരുന്നു.
ഡോർ ലോക്കായി സൈഡ് വിൻഡോയുടെയും മുൻഭാഗത്തെയും ചില്ലുകൾ തകർന്നിരുന്നു. അശ്വിന്റെ കണ്ണിനു സമീപത്തും മുറിവേറ്റു. നാല് തുന്നലിടേണ്ടി വന്നു. അസുഖത്തെ തുടർന്ന് രണ്ടുകാലും മുറിക്കേണ്ടി വന്ന ഇളയച്ഛനാണ് മുൻസീറ്റിൽ ഇടതുവശത്തിരുന്നത്. സുഹൃത്ത് പ്രശോഭ്, ഇളയമ്മ, ഇളയച്ഛന്റെ സുഹൃത്ത് സലാം എന്നിവരും കൂടെയുണ്ടായിരുന്നു. തനിച്ച് നടക്കാൻ കഴിയാത്ത ഇളയച്ഛനെ സഹായിക്കാനാണ് ഇവർ കൂടെ വന്നത്്. സലാമിനെ അഴീക്കോട് കപ്പക്കടവിലെ വീട്ടിലേക്ക് ഇറക്കുന്നതിനു വേണ്ടിയാണ് തിരിഞ്ഞതെന്നും അശ്വിൻ പൊലിസിന് മൊഴി നൽകിയിരുന്നു.
അപകട സമയത്ത് റമീസ് ഉപയോഗിച്ചിരുന്നത് അർജുൻ ആയങ്കിയുടെ പേരിലുള്ള ബൈക്കായിരുന്നു. റമീസ് സഞ്ചരിച്ച ബൈക്കിൽ ഇടിച്ച കാറിലുണ്ടായിരുന്നത് അർജുൻ ആയങ്കിയുടെ സുഹൃത്തുക്കളായിരുന്നു എന്നും സൂചനകൾ പുറത്തു വന്നിരുന്നു. കസ്റ്റംസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിന് തൊട്ട് പിറകെയാണ് റമീസ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് അപകടം ഉണ്ടായത്. കരിപ്പൂർ സ്വർണ്ണക്കടത്തിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനായിരുന്നു അഴീക്കോട് മൂന്ന് നിരത്ത് സ്വദേശി റമീസിന് കസ്റ്റംസ് നോട്ടീസ് നൽകിയത്.
എന്നാൽ ചില അസൗകര്യങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചിരുന്നു. ഇതിന് പിറകെ ഉച്ചയോടെയാണ് കപ്പക്കടവിനടുത്ത് റമീസ് സഞ്ചരിച്ച് ബൈക്കിൽ കാർ ഇടിച്ച് അപകടമുണ്ടാകുന്നത്. 27-ാം തിയ്യതി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ റമീസിന് കസ്റ്റംസ് നോട്ടിസ് നൽകിയിരുന്നു. നോട്ടീസ് ലഭിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് റമീസിന്റെ മരണം സംഭവിച്ചിരിക്കുന്നത് എന്നതും സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.
റമീസിനെ ചോദ്യം ചെയ്താൽ അർജുൻ ആയങ്കിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു അന്വേഷണ ഏജൻസികൾ. ഇതിനിടയിലാണ് റമീസ് അപ്രതീക്ഷിതമായി മരണപ്പെട്ടത്. കരിപ്പൂർ വിമാനത്താവളത്തിൽ അർജുൻ ആയങ്കി സ്വർണം തട്ടിയെടുക്കാനെത്തിയപ്പോൾ കാറിൽ അർജുനോപ്പം റമീസും ഉണ്ടായിരുന്നു. അർജുൻ നടത്തിയ കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് നിർണ്ണായക വിവരം നൽകേണ്ട വ്യക്തിയാണ് അപകടത്തിൽ മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ