- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷനേതാവെന്ന നിലയിൽ സാധ്യമായതെല്ലാം ചെയ്തു; പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ട; സതീശന് പൂർണപിന്തുണയെന്ന് ചെന്നിത്തല
ആലപ്പുഴ: കോൺഗ്രസ് ഹൈക്കമാന്റ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്റിന്റെ തീരുമാനം ഞങ്ങൾ എല്ലാവരും അംഗീകരിക്കും. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ശക്തമായി മുന്നോട്ട് നയിക്കാൻ വിഡി സതീശന് കഴിയട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
വലിയ വെല്ലുവിളി നേരിടുന്ന സന്ദർഭമാണ്. എല്ലാവരും യോജിച്ച് നിന്നുകൊണ്ട് പാർട്ടിയെയും യുഡിഎഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദർഭമാണ്. അതിന് വേണ്ടി കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണം. പഴയകാര്യങ്ങൾ ഒന്നും ചർച്ചയിലില്ല. എല്ലാ പ്രവർത്തകരും നേതാക്കളും ഒരുമിച്ച് നിൽക്കുകയാണ് പ്രധാനം. താൻ ചെയ്ത കാര്യങ്ങളെ പറ്റി ഇനി ഒന്നും പറയാനില്ല. അതിനെ പറ്റി ജനങ്ങൾ തീരുമാനിക്കട്ടയെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാവരും ഒരുമിച്ച് നിന്ന് സതീശന് പിന്തുണ നൽകും. പ്രതിപക്ഷനേതാവ് എന്ന നിലയിൽ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. പ്രതിപക്ഷധർമ്മം പൂർണമായി നിറവേറ്റിയിട്ടുണ്ട്. തന്റെ ഒരു പോരാട്ടമായിരുന്നു കഴിഞ്ഞ സർക്കാരിനെതിരെ. അക്കാര്യം ഇന്നലത്തെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കേട്ടാൽ മനസിലാകും. എന്നാൽ തനിക്ക് പിണറായിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷനേതൃസ്ഥാനം ഒഴിയാൻ താൻ നേരത്തെ അറിയിച്ചതാണ്. യുഡിഎഫ് നേതാക്കളാണ് പ്രതിപക്ഷ സ്ഥാനത്ത് തുടരാൻ പറഞ്ഞത്. താൻ സ്ഥാനമാനങ്ങൾക്ക് പിന്നാലെ പോയിട്ടില്ലെന്നും ഹരിപ്പാട്ടെ ജനങ്ങൾക്കൊപ്പം നിന്ന് താൻ പ്രവർത്തിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ