തിരുവനന്തപുരം: കോവിഡ് രോഗികൾക്കെതിരെയുള്ള തുടർച്ചയായ പീഡനങ്ങൾ കേരളത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ആരോഗ്യവകുപ്പിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണിതെന്ന് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെല്ലാം തങ്ങളുടെ നേട്ടമായ ചിത്രീകരിക്കാനുള്ള വ്യഗ്രതയിൽ കോവിഡ് ബാധിതരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സർക്കാർ മറന്ന് പോയെന്നാണ് ഇതു വ്യക്തമാക്കുന്നത് അടൂരിലെയും, കുളത്തൂപ്പുഴയിലെയും പീഡനങ്ങൾ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.

രോഗപ്രതിരോധത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് സർക്കാരിന്റെ വീമ്പ് പറച്ചിൽ വെറും പൊള്ളയാണെന്ന് ഇത് തെളിയിക്കുന്നു. പൊലീസിനെ ഉപയോഗിച്ച് മനുഷ്യാവകാശങ്ങളെപ്പോലും ചവിട്ട് മെതിച്ച് രോഗ പ്രതിരോധത്തിന്റെ പേരിൽ സർക്കാർ മേനി നടിക്കുമ്പോൾ സാമൂഹ്യ വിരുദ്ധരുടെ കൈകളാൽ സാധാരണക്കാരുടെ സുരക്ഷ അപകടത്തിലാവുകയാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജനങ്ങളോട് മാപ്പു പറയണമെന്നും പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

ഗുണ്ടാ- ലഹരി മാഫിയ സംഘങ്ങളുടെ പ്രവർത്തനവും, ഉന്നത കേന്ദ്രങ്ങളിൽ നിന്ന് അവർക്ക് ലഭിക്കുന്ന പിന്തുണയും സർക്കാരിന്റെ മുഖം കൂടുതൽ വികൃതമാക്കിയതായും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.