തിരുവനന്തപുരം: സ്വർണ്ണക്കടത്തിനെക്കുറിച്ചും, മയക്ക് മരുന്ന് കച്ചവടത്തിനെക്കുറിച്ചും അഴിമതികളെക്കുറിച്ചുമുള്ള അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും സി പി എമ്മും നടത്തുന്ന സംഘടിത ശ്രമത്തെക്കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

രാജ്യദ്രോഹപരമായ കള്ളക്കടത്ത് ഉൾപ്പടെയുള്ളവയെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഢാലോചനയെ പറ്റി എൻ.ഐ.എ അന്വേഷിക്കണം. സെക്രട്ടറിയേറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഫയലുകൾ തീവച്ചത് മുതൽ ആരംഭിച്ച ഈ അട്ടിമറി നീക്കത്തിന്റെ തുടർച്ചയാണ് സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്ത് വന്നത്. നിയമസഭയെപ്പോലും ഈ അട്ടിമറിക്കായി ഉപയോഗപ്പെടുത്തുന്നു. ഭരണഘടനാപ്രകാരം സ്ഥാപിതമായ ഒരു സർക്കാർ ഭരണഘടനാസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയുടെ അന്വേഷണങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇത് ഭരണഘടനയെയും നീതിന്യായ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്നതാണ്.

സ്വർണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിന്റെ തുടക്കത്തിലാണ് നിർണ്ണായക വിവരങ്ങൾ അടങ്ങിയ ഫയലുകൾ സൂക്ഷിച്ചിരുന്ന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീ പിടുത്തമുണ്ടായയത്. ഷോർട്ട് സർക്യുട്ടാണെന്നാണ് സർക്കാരും സർക്കാർ നിയോഗിച്ച സമിതിയും പൊലീസും പറഞ്ഞു കൊണ്ടിരുന്നത്. എന്നാൽ ഷോർട്ട് സർക്യുട്ട് മൂലമല്ല തീപിടിത്തമുണ്ടായതെന്ന് ഫോറൻസികിന്റെ ശാസ്ത്രീയ അന്വേഷണത്തിൽ തെളിഞ്ഞു. ഫോറൻസിക് കണ്ടെത്തിലിനെ അട്ടിമറിക്കാൻ അപ്പോൾ തന്നെ ശ്രമം നടന്നു. ഒരു പൊലീസ് ഐ ജി ഫോറൻസിക് ശാസ്ത്രജ്ഞരെ വിളിച്ചു വരുത്തി വിരട്ടി. എന്നിട്ടും ഫോറിൻസിക്കുകാർ ഉറച്ച് നിന്നു. ഇപ്പോൾ കോടതിയിൽ അവസാന റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. ഇതോടെ പ്രോട്ടോക്കോൾ വിഭാഗത്തിന് തീവച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അപ്പോൾ ആരാണ് തീവച്ചത്?

ഈ തീവയ്പിന്റെ തുടർച്ചയായി വേണം മറ്റ് അട്ടിമറിശ്രമങ്ങളും കാണേണ്ടത്. ലൈഫ് പദ്ധതിയിലെ സി ബി ഐ അന്വേഷണം അട്ടിമറിക്കാൻ വിജിലൻസിനെ ആയുധമാക്കി. ഫയലുകൾ കടത്തി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രിയും പിന്നീട് സ്വരം മാറ്റി. സ്വർണ്ണക്കടത്തു കേസിലെ പ്രതി ശിവശങ്കരനും സ്വപ്ന സുരേഷും മുഖ്യമന്ത്രിയെ രക്ഷപെടുത്താൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്നും രാഷ്ട്രീയക്കാരുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തുന്നു എന്നും ശിവശങ്കരൻ കോടതിയിൽ പറഞ്ഞത് ഇതുകൊണ്ടാണ്.

ഇപ്പോൾ സ്വപ്ന സുരേഷിന്റെതായി പുറത്ത് വന്ന ശബ്ദസന്ദേശത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നിരിക്കുന്നത്. സ്വപ്നയുടെ ശബ്ദരേഖയുടെ പിന്നിൽ സി പിഎമ്മിന്റെ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാണ്. ശബ്ദരേഖ വന്നതിന് പിന്നാലെ അതിന്റെ ചുവട് പിടിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയത് ഇതിന് തെളിവാണ്. വികസന പ്രവർത്തനങ്ങളെ കേന്ദ്ര ഏജൻസികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് അന്വേഷത്തെ തടസപ്പെടുത്താനാണ് സർക്കാരും സി പി എമ്മും ശ്രമിക്കുന്നത്. ഈ സർക്കാരിന് കീഴിൽ ഒരു വികസനവും നടന്നിട്ടില്ല. സ്വർണ്ണക്കടത്തും മയക്ക് മരുന്ന് കച്ചവടവും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ് ഇവരുടെ വികസന പ്രവർത്തനങ്ങൾ.

ഇടതു മുന്നണിയും സി പി എമ്മും സർക്കാരും ഏത്ര തന്നെ ശ്രമിച്ചാലും അഴിമതി മൂടിവായ്കാനാകില്ല. എന്നായാലും സത്യം പുറത്ത് വരിക തന്നെ ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.