- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റു കിട്ടാത്തയാളുടെ നിരാശയല്ല; സിപിഎമ്മിന് തുടർ ഭരണം ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുന്നു; ഇരു പാർട്ടികളുടേയും സ്ഥാനാർത്ഥി പട്ടിക തെളിവ്; സംസ്ഥാനത്തെമ്പാടും കള്ളവോട്ട് ചേർത്തു; ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആർ ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റ് ലഭിക്കാത്ത ഒരാൾ നിരാശയിൽ നിന്ന് പറയുന്ന കാര്യമായി നിസാരവത്കരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രിയുമായി ഉറ്റ ബന്ധമുള്ള ആർ.എസ്.എസുമായി അടുപ്പമുള്ള ബാലശങ്കറിനെപോലെ ഒരാൾ നടത്തിയ പ്രസ്താവന അതീവ ഗൗരവമാണ്. കോൺഗ്രസ് നേരത്തെ പറഞ്ഞതാണ് ബാലശങ്കർ ഇപ്പോൾ ശരിവെച്ചിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ബാലശങ്കർ ആർ.എസ്.എസ് സൈദ്ധാന്തികനാണ്. ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരാണ്. അങ്ങനെ ഒരാളാണ് ഡീൽ ഇന്നലെ പുറത്തുവിട്ടത്. ഈ അവിശുദ്ധ കൂട്ടുകെട്ട് കുറേ ദിവസമായി നടന്നുകൊണ്ടിരിക്കുന്നതാണ്. അത് മൂടിവെയ്ക്കാനാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും പലതരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത്.
സിപിഎമ്മിന് തുടർ ഭരണം ഉറപ്പാക്കാൻ ബിജെപി എല്ലാ ശ്രമവും നടത്തിക്കൊണ്ടിരിക്കുകയാണെന്നും കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടാണ് കാണുന്നതെന്നും ചെന്നിത്തല ആരോപിച്ചു. രണ്ട് രാഷ്ട്രീയ പാർട്ടികളുടേയും സ്ഥാർഥികളെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാണ്. ഇക്കാര്യം കോൺഗ്രസ് പറഞ്ഞപ്പോൾ പരിഹസിക്കുകയാണുണ്ടായത്.
ചെങ്ങന്നൂർ, ആറന്മുള, കോന്നി മണ്ഡലങ്ങളിൽ നല്ല രസികൻ ഒരു വോട്ടുകച്ചവടമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ബാലശങ്കർ പറഞ്ഞതിന് ഒരു തിരുത്തുണ്ട്. വോട്ടുകച്ചവടം ഈ മണ്ഡലങ്ങളിൽ മാത്രമല്ല, കേരളം മുഴുവനുണ്ട്. എത്ര മണ്ഡലങ്ങളിൽ ബിജെപിയെ വിജയിപ്പിക്കാൻ ഇത്തരം ഒരു കരാർ ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തിരിച്ച് എത്ര മണ്ഡലങ്ങളിൽ സിപിഎമ്മിന് വോട്ടുകൊടുക്കാൻ ബിജെപി കരാർ എടുത്തിട്ടുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫിനെ എങ്ങനേയും തറപറ്റിച്ച് ഒരിക്കൽ കൂടി ആ കസേരയിൽ തുടരുക എന്നതാണ് പിണറായിയുടേയും സിപിഎമ്മിന്റേയും ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. നേരിയ വോട്ട് വ്യത്യാസത്തിൽ നിൽക്കുന്ന മണ്ഡലങ്ങളിൽ പരസ്പരം സഹായിച്ചാൽ അവർക്ക് ജയിക്കാനാകുമെന്നാണ് സിപിഎം സ്വപ്നം കാണുന്നത്.
അപകടകരമായ കളിയാണ് സിപിഎം കളിക്കുന്നത്. അത് കേരളത്തിലെ സിപിഎമ്മിന്റെ അന്ത്യം കുറിക്കുന്ന ഒരു നടപടിയായി മാറും. എത്ര പേരാണ് സിപിഎമ്മിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേരുന്നതെന്ന് ചോദിച്ച അദ്ദേഹം അര ഡസനിലേറെ പേർ സിപിഎമ്മിൽ നിന്ന് പോയവരാണ് ഇത്തവണ ബിജെപി സ്ഥാനാർത്ഥികളെന്നും ചെന്നിത്തല ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടാണ് ഉള്ളതെന്നും് രമേശ് ചെന്നിത്തല പറഞ്ഞു. ഉദുമ മണ്ഡലത്തിൽ 164ാം നമ്പർ ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെന്നും പല മണ്ഡലങ്ങളിലും ആയിരക്കണക്കിന് വോട്ടർമാരുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനതലത്തിൽ കള്ളവോട്ട് സൃഷ്ടിക്കാൻ ഗൂഢാലോചന നടന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും ഒരേ പേരും ഫോട്ടോയും വിലാസവും സഹിതമാണ് പേര് ചേർത്തിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിൽ. അട്ടിമറിക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും സംശയിക്കുന്നു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ട് ചേർത്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും ചെന്നിത്തല ആരോപിച്ചു. പല മണ്ഡലങ്ങളിലെയും കണക്കുകൾ സഹിതമാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. ഈ വോട്ടുകൾ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ടുകൾ കണ്ടെത്തി നീക്കം ചെയ്യണം. ഇവരെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കരുത്. എങ്കിലേ സുതാര്യമായ തെരഞ്ഞെടുപ്പ് ഉണ്ടാവൂ. ഡിജിറ്റൽ സംവിധാനത്തിൽ ഇത് വളരെ വേഗം കണ്ടെത്താനാവും. കഴക്കൂട്ടം മണ്ഡലത്തിൽ 4506 കള്ളവോട്ടർമാരെ കണ്ടെത്തി. കൊല്ലത്ത് 2534, തൃക്കരിപ്പൂരിൽ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരത്ത് 6771, കൂത്തുപറമ്പിൽ 3525 പേരുമാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
മറുനാടന് മലയാളി ബ്യൂറോ