തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിർണായകമായ ഈ ഘട്ടത്തിൽ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിപ്രായ വോട്ടെടുപ്പുകളും സർവേകളുമാണ് വിവിധ മാധ്യമങ്ങൾ പുറത്തു വിട്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പക്ഷപാതപരവും കൃത്രിമവുമായ തിരഞ്ഞെടുപ്പ് സർവേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷപക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറം മീണയ്ക്ക് കത്ത് നൽകി.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ദുസ്വാധീനം ചെലുത്തുന്നതിനുമുള്ള നിക്ഷിപ്ത ലക്ഷ്യത്താടെ കൃത്രിമത്വം നടത്തിയാണ് സർവേകൾ സൃഷ്ടിക്കുന്നതെന്ന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇത് വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇപ്പോൾ ഇലക്ട്രോണിക് മാധ്യമങ്ങൾ നിയമസഭാ മണ്ഡലം തിരിച്ച് നിക്ഷിപ്ത താത്പര്യത്തോടെയുള്ള സർവേകളും അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുകയാണ്. വോട്ടർമാരുടെ മനസിൽ വലിയ തോതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും അവരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ മനോനില മാറ്റുന്നതിനും അതു വഴി സ്വതന്ത്രവും നീതിപൂർവ്വവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ബോധപൂർവ്വം ചെയ്യുന്നതാണിത്.

അതുകൊണ്ട് അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് പ്രക്രിയെ തകിടം മറിക്കാനുള്ള ശ്രമങ്ങൾ തടയണമെന്ന് രമേശ് ചെന്നിത്തല കത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറോട് ആവശ്യപ്പെട്ടു.