- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിപക്ഷ നേതാവാകാൻ വിഡി സതീശനും ഷാഫി പറമ്പിലും മത്സരത്തിൽ; ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാകും; ഹൈക്കമാണ്ടുമായി തെറ്റി നിൽക്കുന്ന നേതാക്കളെ അനുനയിപ്പിക്കേണ്ട ചുമതലയും ഹിന്ദി അറിയാവുന്ന കേരള നേതാവിന് നൽകും
തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമാകുമെന്ന് സൂചന. ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റാനാണ് കോൺഗ്രസ് ഹൈക്കമാണ്ടിന്റെ ശ്രമം. യുത്ത് കോൺഗ്രസിന്റെ മുൻ ദേശീയ അധ്യക്ഷനാണ് ചെന്നിത്തല. എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിലും പ്രവർത്തിച്ച് മികവുകാട്ടി. ഹിന്ദിയും നന്നായി വഴങ്ങും. ഈ സാഹചര്യത്തിൽ ഡൽഹിയിലേക്ക് തട്ടകം മാറ്റാൻ ചെന്നിത്തലയോട് എഐസിസി നിർദ്ദേശിക്കും. പാർട്ടിയെ ദേശീയ തലത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള ചുമതലയും നൽകും. പ്രവർത്തക സമിതിയിലും ഉൾപ്പെടുത്തും.
കേരളത്തിലെ കോൺഗ്രസിന് തലമുറ മാറ്റം ഉണ്ടാകുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവായി പുതുമുഖത്തെ എത്തിക്കും. വിഡി സതീശനാണ് കൂടുതൽ സാധ്യത. യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ഷാഫി പറമ്പിലും ചരടുവലികൾ നടത്തുന്നുണ്ട്. ചെന്നിത്തല മാറിയാൽ വിഡി എന്ന ഫോർമുലയാണ് ഐ ഗ്രൂപ്പ് മുമ്പോട്ട് വയ്ക്കുന്നത്. എന്നാൽ കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിയമിക്കണമെന്ന ആവശ്യം സജീവമാണ്. അങ്ങനെ വന്നാൽ എ ഗ്രൂപ്പിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടും. അത് കണ്ണു വച്ചാണ് ഷാഫിയുടെ നീക്കങ്ങൾ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ ബാബു, വിഷ്ണുനാഥ് എന്നിവരെ വെട്ടാൻ ഡൽഹി സ്വാധീനം ഷാഫി ഉപയോഗിക്കുന്നുണ്ട്.
രമേശ് ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറിയാകുമ്പോൾ നഷ്ടം കെസി വേണുഗോപാലിനാകും. കെസിക്ക് സംഘടനാ ജനറൽ സെക്രട്ടറിയുടെ ചുമതലയാണ് എഐസിസിയിൽ ഉള്ളത്. അതുകൊണ്ട് തന്നെ കെസിക്ക് കീഴിൽ പണിയെടുക്കാൻ ചെന്നിത്തല തയ്യാറല്ല. അതുകൊണ്ട് തന്നെ കെസിക്ക് ചെന്നിത്തല എത്തിയാൽ സ്ഥാന ചലനം ഉണ്ടാകും. ഗുലാം നബി ആസാദും കപിൽ സിബലും അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് കെസിയോട് താൽപ്പര്യമില്ല. അതു കെസിക്ക് തിരിച്ചടിയാണ്. സംഘടനാ ജനറൽ സെക്രട്ടറി സ്ഥാനം പോലും ചെന്നിത്തലയ്ക്ക് കിട്ടാൻ സാധ്യത ഏറെയാണ്.
കേരളത്തിൽ മടങ്ങിയാലും കെസിക്ക് നിർണ്ണായക ചുമതലകൾ കിട്ടില്ല. കെപിസിസി അധ്യക്ഷനാക്കിയാൽ സുധാകരനും മുരളീധരനും ഉടക്കിടും. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ കെസിയുടെ പദവിയിൽ തീരുമാനം എടുക്കൂ. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായതു കൊണ്ട് തന്നെ തനിക്ക് ഒന്നും സംഭവിക്കില്ലെന്നതാണ് കെസിയുടെ പ്രതീക്ഷ. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാനുള്ള സാധ്യതയാണ് ഈ ചർച്ചകളിലൂടെ ഹൈക്കമാണ്ടും നൽകുന്നത്.
യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനായും എംപിയായും ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തന പരിചയം ചെന്നിത്തലയ്ക്കുണ്ട്. ഹിന്ദിയിൽ നല്ല പ്രാവീണ്യമുള്ള ചെന്നിത്തലയ്ക്ക് ദേശീയ നേതാക്കളുമായും അടുത്ത ബന്ധമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനും കോൺഗ്രസിനുമുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ പാർട്ടി തലപ്പത്ത് മാറ്റം വരുത്താൻ ദേശീയ നേതൃത്വം ആലോചിക്കുന്നത്. ചെന്നിത്തല മാറിയാൽ സ്വാഭാവികമായും കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും മുല്ലപ്പള്ളിയും മാറേണ്ടി വരും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്റെ പേരിനാണ് മുൻതൂക്കം. കെ.മുരളീധരനും ഈ പദവിയിലേക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പിടി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളും പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉയർന്നു കേട്ടിരുന്നു.
എന്നാൽ ഇങ്ങനെയൊരു ആലോചന നിലവിൽ ഇല്ലെന്നാണ് ചെന്നിത്തല ക്യാംപ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തല തുടരണമെന്നാണ് ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ആഗ്രഹിക്കുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കേരള നേതാക്കളുടെ അഭിപ്രായം എത്രത്തോളം ഹൈക്കമാൻഡ് പരിഗണിക്കും എന്നറിയില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി വലിയ പാഠമായി കാണണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധി പറഞ്ഞിരുന്നു. എഐസിസിയിൽ സമൂല മാറ്റത്തിനും സാധ്യതയുണ്ട്.
തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് കാര്യമില്ലെന്നും അവർ യോഗത്തിൽ തുറന്നടിച്ചിരുന്നു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ചെന്നിത്തല ഭേദപ്പെട്ട പ്രകടനം നടത്തിയെന്ന് പാർട്ടിയിൽ പൊതുവിൽ വിലയിരുത്തലുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ നൽകിയ റിപ്പോർട്ടിൽ വേറെയും ചില കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഗ്രൂപ്പ് രാഷ്ട്രീയം ശക്തമാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്ക് എ-ഐ ഗ്രൂപ്പുകളുടെ പിന്തുണ കിട്ടിയില്ലെന്നും നേതാക്കൾ തമ്മിലുണ്ടായ ഭിന്നത തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും താരീഖ് അൻവറിന്റെ റിപ്പോർട്ടിൽ പറയുന്നതായാണ് സൂചന. പ്രതിപക്ഷനേതാവ് എന്ന നിലയിൽ ഭിന്നിച്ചു നിൽക്കുന്ന നേതാക്കളെ ഏകീകരിക്കാനുള്ള നീക്കം ചെന്നിത്തലയിൽ നിന്നുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇടതുപക്ഷത്തെ നേരിടാൻ താഴെ തട്ടിൽ സംഘടനാ സംവിധാനം പര്യാപ്തമായില്ലെന്നും താരിഖ് അൻവർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നേതൃത്വത്തെ പൂർണമായും പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ സമർപ്പിച്ചത്. 'സംസ്ഥാനത്തെ കോൺഗ്രസിൽ നേതാക്കൾക്കിടയിലുള്ള അനൈക്യമാണ് തെരെഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായതെന്നാണ് ഈ റിപ്പോർട്ടിന്റെ പ്രധാനപ്പെട്ട കണ്ടെത്തൽ. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാൻ കഴിഞ്ഞില്ല. അതിനാൽ ഈ അനൈക്യം പാർട്ടി പ്രവർത്തകരിലും അണികളിലും പ്രകടമായി. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്ടം പോലെ പ്രവർത്തിച്ചു. ഇത് തന്നെയാണ് പരാജയത്തിന് പ്രധാന കാരണമായത്. താഴെത്തട്ടിൽ ഇടതുപക്ഷത്തെ നേരിടാൻ കോൺഗ്രസിന്റെ സംഘടനാസംവിധാനം പര്യാപ്തമായിരുന്നില്ല. സംഘടനയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നേതൃത്വം പരാജയപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 19 സീറ്റാണ് ലഭിച്ചത്. ഇത് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ തെറ്റിദ്ധരിച്ചു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായേക്കും എന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ യുഡിഎഫിന് വൻ വിജയം ഉണ്ടായത്. എന്നാൽ ഇത് വ്യക്തിഗത നേട്ടം എന്ന നിലയിലാണ് പല നേതാക്കളും കണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് കോൺഗ്രസ് പാഠം ഉൾകൊണ്ടില്ല. തിരിച്ചുവരവിന് സമയം ലഭിച്ചിട്ടും ഇതിൽ അലംഭാവം കാണിച്ചു', ഇങ്ങനെ പോകുന്നു താരിഖ് അൻവറിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ.
വസ്തുതാ അന്വേഷണ സമിതി റിപ്പോർട്ടിന് ശേഷം കോൺഗ്രസിൽ വൻ അഴിച്ചുപണി ഉണ്ടായേക്കും. ചൊവ്വാഴ്ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് പഠിക്കാൻ വസ്തുതാന്വേഷണ സമിതിക്ക് കോൺഗ്രസ് ഹൈക്കമാന്റ് അന്തിമ രൂപം നൽകിയത്. അശോക് ചവാൻ അധ്യക്ഷനായ അഞ്ച് അംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടത്തുക. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുക. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് വസ്തുതാ അന്വേഷണ സംഘത്തോട് ഹൈക്കമാന്റ് നിർദ്ദേശിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ