തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ തീരുമാനിക്കാനായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന് ചേരുമ്പോൾ കൂടുതൽ സാധ്യത രമേശ് ചെന്നിത്തലയ്ക്ക് തന്നെ. കേരളത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷയുടേതാകും പ്രഖ്യാപനം. നിയമസഭാ സമ്മേളനം ചേരുന്ന 24നു മുൻപായേ അന്തിമ തീരുമാനത്തിനു സാധ്യതയുള്ളൂ. എന്നാൽ ഉമ്മൻ ചാണ്ടി പോലും പിന്തുണയ്ക്കുന്ന ചെന്നിത്തലയെ ഹൈക്കമാണ്ട് മാറ്റില്ലെന്നാണ് സൂചന. ചെന്നിത്തലയ്‌ക്കൊപ്പം നിൽക്കാൻ ഐ ഗ്രൂപ്പിലും ധാരണയുണ്ട്. ഇതോടെ വിഡി സതീശന്റെ സാധ്യത മങ്ങുകയാണ്.

ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെ, വി.വൈത്തിലിംഗം എന്നിവരുടെ സാന്നിധ്യത്തിലാണ് 21 അംഗ നിയമസഭാകക്ഷി യോഗം. എംഎൽഎമാരെ ഇവർ പ്രത്യേകം കണ്ടും അഭിപ്രായം ആരായും. രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, എംപിമാർ എന്നിവരോടും തലസ്ഥാനത്ത് എത്തിച്ചേരാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായവും ചോദിക്കും. രമേശ് ചെന്നിത്തലയുടെയും വി.ഡി.സതീശന്റെയും പേരാണ് ഉയരുന്നത്. സീനിയോറിറ്റിയും പൊതു സ്വീകാര്യതയും കണക്കിലെടുത്ത് ചെന്നിത്തല തുടരണമെന്നാണ് ഉമ്മൻ ചാണ്ടിയും എ ഗ്രൂപ്പും പോലും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ ചെന്നിത്തലയെ മാറ്റില്ലെന്നതാണ് സൂചന.

വലിയ തോൽവി സൃഷ്ടിച്ച നിരാശ മാറ്റി പ്രതീക്ഷ പകരാൻ സതീശനെ പോലെ ഒരു നേതാവ് വരണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും അഭിപ്രായപ്പെടുന്നു. ഇരുവരും ഐ വിഭാഗത്തിൽ ഉള്ളവരാണ്. ഇതിനിടെ ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവാകാൻ മുന്നിലുണ്ട്. അതിനിടെ ഐയിലെ ഭിന്നത മുതലെടുക്കാൻ ഇല്ലെന്ന സമീപനത്തിലാണ് എ വിഭാഗം. അഭിപ്രായ സമന്വയത്തിനു വേണ്ടി നിലകൊള്ളാനാണു തീരുമാനം. നിലവിലെ സ്ഥിതി തുടരണമെന്നാണ് എ ഗ്രൂപ്പിലെ ഭൂരിപക്ഷ ആഗ്രഹം. ഇതും ചെന്നിത്തലയ്ക്ക് തുണയാകും. ഇതോടെ മാറ്റത്തിന് വേണ്ടിയുള്ള അണികളുടെ മുറവിളി വെറുതെയാകും. ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവുമാകും. തോൽവിയിൽ നിന്ന് പാഠം പഠിച്ച് വിപ്ലവകരമായ തീരുമാനം എടുക്കാനുള്ള കരുത്ത് ഹൈക്കമാണ്ടിനും ഇല്ലെന്നതാണ് വസ്തുത.

കോൺഗ്രസിലെ 21 എംഎ‍ൽഎ.മാരെയും കെപിസിസി. പ്രസിഡന്റിനെയും മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് പ്രതിനിധികൾ കാണും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരണമോയെന്നതാണ് പ്രധാന ചോദ്യം. പുതിയ പ്രതിപക്ഷ നേതാവ് വേണമെന്നാണെങ്കിൽ പകരമാര് എന്ന ചോദ്യവും ഉയരും. ഇതിനോട് ബഹുഭൂരിഭാഗവും ചെന്നിത്തല എന്ന മറുപടി നൽകാനാണ് സാധ്യത. പ്രതിപക്ഷ നേതാവായി മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ രമേശ് തന്നെ തുടരട്ടെയെന്ന നിലപാട് വലിയൊരു വിഭാഗത്തിനുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം നേതൃത്വത്തിന്റെ തലയിൽ മാത്രം വെക്കരുതെന്നാണ് രമേശിനെ അനുകൂലിക്കുന്നവരുടെ വാദം. ഇതാണ് ചെന്നിത്തലയ്ക്ക് തുണയാകുന്നത്.

തോൽവിയുണ്ടായതിനാൽ പകരം പുതിയ മുഖം വേണമെന്നും ചെറുപ്പക്കാരിലേക്ക് നേതൃത്വം മാറേണ്ട സമയമായെന്നും വാദിക്കുന്നവരുമുണ്ട്. വി.ഡി. സതീശനെയാണ് ഈ വിഭാഗം മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞപ്രാവശ്യം ഭരണത്തിൽനിന്ന് പുറത്തായപ്പോൾ ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകാതെ മാറിനിന്നതും സതീശനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് നേതാവാണ് പ്രതിപക്ഷ നേതാവെന്നതിനാൽ ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് പ്രതിനിധികൾ അനൗപചാരികമായി തേടും.

ഐകകണ്‌ഠ്യേനയുള്ള തീരുമാനത്തിൽ എത്താൻ കഴിഞ്ഞാൽ ഹൈക്കമാൻഡിന്റെ അനുമതിയോടെ തീരുമാനം ചൊവ്വാഴ്ചതന്നെ പ്രഖ്യാപിക്കാനിടയുണ്ട്. കഴിഞ്ഞപ്രാവശ്യം രമേശിനെ തീരുമാനിച്ചകാര്യം ഇവിടെ പ്രഖ്യാപിക്കുകയായിരുന്നു. വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നതെങ്കിൽ തീരുമാനം പിന്നീടേ ഉണ്ടാകാൻ സാധ്യതയുള്ളൂ.