- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണം; കണ്ണൂർ വി സി രാജിവക്കണം; സർവ്വകലാശാലയിലെ സ്വജനപക്ഷപാദത്തിനും അഴിമതിക്കുമെതിരെ ലോകായുക്തയെ സമീപിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള കത്തും അതിൽ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളും ഏറെ ഗൗരവമുള്ളതാണെന്ന് രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വിസിക്കും ഒരു നിമിഷം പോലും തുടരാൻ അവകാശമില്ല രാജിവെച്ച് പുറത്ത് പേകണം. കഴിഞ്ഞ അഞ്ചര വർഷമായി കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ വൽക്കരണ ത്തെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള വിഷയങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കുന്ന രേഖയാണ് ഈ കത്ത്. കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലയളവുമുതൽ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടും, മാർക്ക് ദാനവുമായി ബന്ധപ്പെട്ടും, മാർക്ക് അദാലത്തുമായി ബന്ധപ്പെട്ടും ഉൾപ്പെടെ, ഉന്നത വിദ്യാഭ്യാസ വകുപ്പിനെതിരെ നിരവധി പരാതികളാണ് ഞാൻ ഗവർണർക്ക് നൽകിയിരുന്നത്.
എന്നാൽ പരാതികളിലൊന്നും വേണ്ടത്ര നടപടി സ്വീകരിക്കുവാൻ ചാൻസലർ കൂടിയായ ഗവർണർ തയ്യാറായിരുന്നില്ല. ഇന്നിപ്പോൾ ഈ കത്തിലൂടെ പ്രതിപക്ഷ നേതാക്കൾ പറഞ്ഞിരുന്നത് അക്ഷരംപ്രതി ശരിയാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഗവർണർ. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനവുമായി (ഞലമുുീശിാേലി)േ ബന്ധപ്പെട്ട ഗവർണറുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. നിയമവിരുദ്ധമായിരുന്നിട്ടും സർക്കാരുമായി ഒരു അഭിപ്രായവ്യത്യാസം വേണ്ടതില്ല എന്നതിന്റെ അടിസ്ഥാനത്തിൽ നിലവിലെ വൈസ് ചാൻസലറുടെ പുനർ നിയമനത്തിനുള്ള ഫയലിൽ താൻ ഒപ്പുവെച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. 60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാൻസിലർമാരാക്കാൻ പാടില്ല എന്ന സർവ്വകലാശാലാ നിയമം കാറ്റിൽ പറത്തിയാണ് അദ്ദേഹം നിലവിലെ വൈസ് ചാൻസിലർക്ക് പുനർ നിയമനം നൽകിയത്.
മാത്രമല്ല പുതിയ വൈസ് ചാൻസിലറെ കണ്ടെത്താൻ യു ജി സി യുടെയും ചാൻസിലറുടെയും സർവ്വകലാശാലയുടേയും പ്രതിനിധികളെ ചേർത്ത് ''സേർച്ച് കമ്മിറ്റി' രൂപീകരിക്കുകയും ആ കമ്മിറ്റി അപേക്ഷ ക്ഷണിക്കുകയും ചെയ്തശേഷം, നിലവിലെ വി സി യുടെ കാലാവധി തീരുന്നതിന്റെ തലേദിവസം സേർച്ച് കമ്മിറ്റി റദ്ദാക്കി അദ്ദേഹത്തിന് തന്നെ പുനർ നിയമനം നൽകിയത് ചട്ടവിരുദ്ധമാണെന്ന് ഗവർണ്ണർ സമ്മതിക്കുകയാണ്. പുനർ നിയമനത്തിന് അയോഗ്യനായ നിലവിലെ വൈസ് ചാൻസിലർ ഡോ: ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായിപുനർ നിയമനം നടത്താൻ ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ബിന്ദുവാണ്. വി സിക്ക് പുനർ നിയമനം നൽകിയതിനെ എതിർത്ത് വന്ന ഹർജിയിൽ, പുനർനിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രിയാണെന്ന് അഡ്വക്കേറ്റ് ജനറൽ തന്നെ ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുമുണ്ട്. പ്രോ ചാൻസിലർ കൂടിയായ മന്ത്രിക്ക് ഇത്തരത്തിൽ ഒരു ശുപാർശ നൽകാൻ നിലവിലെ ഒരു നിയമവും അനുവാദം നൽകുന്നില്ല.
ഈ വിഷയത്തിൽ ഏറെ പ്രസക്തമായ ചോദ്യം ഉന്നത വിദ്യാഭ്യാസമന്ത്രി ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുനർ നിയമനം ശുപാർശ ചെയ്തത് എന്നാണ്. മന്ത്രി നടത്തിയിട്ടുള്ളത് അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും അഴിമതിയുമാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ കാരണമാണ് ഇത്തരത്തിൽ പുനർനിയമനത്തിന് അനുമതി നൽകിയതെന്ന് ഗവർണ്ണർ കത്തിൽ ഉറപ്പിക്കുന്നു. അതുകൊണ്ട് തന്നെ മന്ത്രിക്ക് ഒരു നിമിഷം പോലും ഈ സ്ഥാനത്ത് തുടരാൻ അവകാശമില്ല. മന്ത്രി സ്വമേധയാ സ്ഥാനം ഒഴിയുന്നില്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. കൂടാതെ, ചട്ടവിരുദ്ധമായാണ് പുനർ നിയമനം നടത്തിയതെന്ന് നിയമനാധികാരിയായ ഗവർണ്ണർ തന്നെ പരസ്യമാക്കിയ സാഹചര്യത്തിൽ കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസിലർ ഉടൻ സ്ഥാനം രാജിവക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മതിയായ അദ്ധ്യാപന പരിചയം ഇല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവ്വകലാശാലയിൽ അസ്സോസ്സിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കാൻ കൂട്ടുനിന്ന വൈസ് ചാൻസിലർക്കാണ് പുനർ നിയമനം നൽകാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടത്. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ ഭാരവാഹി ആർ എസ് ശശികുമാർ സമയബന്ധിതമായി ഇടപെട്ടതിനെ തുടർന്നാണ് അവർക്ക് നിയമന ഉത്തരവ് നൽകാതെ നിയമോപദേശത്തിന് വി സി തയ്യാറായതെന്ന് എല്ലാവർക്കുമറിയാം-ചെന്നിത്തല കൂട്ടിച്ചേർത്തു.