തിരുവനന്തപുരം: അപകടത്തിൽ പരുക്കേറ്റ് ആരും രക്ഷിക്കാനില്ലാതെ റോഡിൽ കിടന്ന യുവാവിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുണയായി. യു എസ് ടി ഗ്ലോബൽ കമ്പനിയിലെ ജീവനക്കാരനായ വിജിത്ത്(26)നാണ് രമേശ് ചെന്നിത്തലയുടെ ഇടപെടൽ സഹായമായത്.

തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ വച്ച് രാവിലെ പത്ത് മണിക്കാണ് അപകടം ഉണ്ടായത്. രക്ഷാപ്രവർത്തനത്തിനിടെ ചിലർ സെൽഫിയെടുക്കാനെത്തി. ഇതും ചെന്നിത്തല അനുവദിച്ചില്ല.  അങ്ങനെ തീർത്തും വ്യത്യസ്തനായാണ് പിഎംജിയിൽ ചെന്നിത്തലയുടെ രക്ഷാപ്രവർത്തനം.

സിഗ്‌നൽ തെറ്റിച്ച് മറികടക്കാൻ ശ്രമിച്ച കാറിടിച്ച ബൈക്ക് യാത്രക്കാരനായ വിജിത്ത് നടുറോഡിൽ വീഴുകയായിരുന്നു അപകടം കണ്ട് ഓടിക്കൂടിയ ആളുകൾ വിജിത്തിനെ പിടിച്ച് എഴുന്നേൽപ്പിക്കാൻ പോലും തയ്യാറായില്ല. നടുറോഡിലെ ആൾക്കൂട്ടം കണ്ടാണ് പിന്നാലെ എത്തിയ പ്രതിപക്ഷനേതാവിന്റെ വാഹനം നിർത്തിയത് റോഡിലിറങ്ങിയ രമേശ് ചെന്നിത്തല ഉടൻ തന്നെ തന്റെ എസ്‌ക്കോർട്ട് വാഹനത്തിൽ വിജിത്തിനെ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഡോക്ടർമാരോട് ചെന്നിത്തല ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ തിരക്കി. ഇതിന് ശേഷമാണ് ഔദ്യോഗിക പരിപാടികൾ തുടർന്നത്. അങ്ങനെ പൊതു സമൂഹത്തിന് മാതൃകയായവുകയായിരുന്നു ചെന്നിത്തല.

രാവിലെ കന്റോൺമെന്റ് ഹൗസിൽ നിന്ന് ഹരിപ്പാടേക്ക് പോകുന്നതിനിടെയാണ് ഒരാൾ അപകടത്തിൽപ്പെട്ട് റോഡിൽ കിടക്കുന്നത് കണ്ടത്. ഉടൻ വണ്ടിനിർത്തി പൈലറ്റ് വാഹനത്തിൽ ആളെ ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശിച്ചു. പൊലീസിനെ വിളിച്ചു പറഞ്ഞു. യുവാവിന് ചികിത്സ ഉറപ്പുവരുത്തി. അൽപ്പസമയം മുൻപ് യുവാവിന്റെ സഹോദരി വിളിച്ചിരുന്നു. നന്ദിപറഞ്ഞു. യുവാവിന് വലിയ പരിക്കുകളില്ലെന്നും അറിയിച്ചു.-മറുനാടൻ മലയാളിയോട് സംഭത്തെ കുറിച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചത് ഇങ്ങനെയാണ്.

കേരളത്തിൽ ദിവസവും എത്രയോ റോഡ് അപകടങ്ങളുണ്ടാകുന്നു. എത്രയോ പേർ മരിക്കുന്നുണ്ട്. പലരും മരിക്കുന്നത് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ കഴിയാത്തതിനാലാണ്. ഞാൻ ഇതിനുമുമ്പ് പലരെയും ഇതുപോലെ രക്ഷിച്ചിട്ടുണ്ട്. എത്ര തിരക്കുള്ള അവസരത്തിലായാലും ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇടപെടും. എത്രയും വേഗം ആശുപത്രിയിലെത്തിക്കും. ആ സമയത്ത് വീണുകിടക്കുന്നയാളുടെ ഫോട്ടോയെടുക്കാനോ പബ്ലിസിറ്റി നൽകാനോ അല്ല ശ്രമിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതിനോട് യോജിപ്പുമില്ല.-ചെന്നിത്തല വിശദീകരിക്കുന്നു.

രണ്ടു മാസത്തിനിടയിൽ അപകടത്തിൽ പ്പെട്ട നാല് പേരെ ഇതേ രീതിയിൽ ചെന്നിത്തല ആശുപത്രിയിൽ എത്തിച്ചിരുന്നു നങ്ങ്യാർകുളങ്ങര ,പാറ്റൂർ ,പുനലൂർ , ഹരിപ്പാട് ആർ.കെ ജംഗ്ഷൻ എന്നിവിടങ്ങളിൽ അപകടത്തിൽ പരിക്ക് പറ്റിയവരെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.