- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിക്ക് വന്നതുകൊണ്ട് മറ്റുള്ളവർക്ക് കോവിഡ് വരാതിരിക്കില്ലല്ലോ? സംസ്ഥാനത്ത് നടക്കുന്നത് ഓൺലൈൻ ഭരണം; മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ല; കോവിഡ് പ്രതിരോധത്തിന് 'ഡോളോ'യ്ക്ക് നന്ദി പറയണം; സർക്കാറിനെതിരെ വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ വിമർശിച്ചും പരിഹസിച്ചു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ നിലവിൽ നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ബദൽ സംവിധാനം ഒരുക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റേത് ജനവഞ്ചനയാണ്. ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന അവസ്ഥയാണ്. കോവിഡ് മറവിലെ തീവെട്ടിക്കൊള്ള ഇനിയും പുറത്തുവരുമെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് കാട്ടുതീ പോലെ പടരുന്നുപാർട്ടി പരിപാടികൾ കൊഴിപ്പിക്കാൻ നടത്തുന്ന താല്പര്യം രോഗപ്രതിരോധിക്കാൻ കാണിക്കുന്നില്ല. ഇത് ജനവഞ്ചനയാണ്. സർക്കാരിന്റെ താല്പര്യം പാർട്ടി താല്പര്യം മാത്രമാണ്. ഇപ്പോൾ സമ്മേളനങ്ങൾക്കല്ല പ്രാധാന്യം കൊടുക്കേണ്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും നടക്കാൻ പോകുന്നു. 25 ന് തെരഞ്ഞെടുപ്പായതുകൊണ്ടാണ് കോളേജ് അടയ്ക്കാത്തത്. കുടുംബശ്രീ തെരഞ്ഞെടുപ്പും നടക്കുന്നു. കുടുംബശ്രീയിൽ അധിപത്യം സ്ഥാപിക്കാൻ കോവിഡ് സമയത്തും വ്യഗ്രതയാണ്.
ഉദ്യോഗസ്ഥർ എത്ര മാത്രം സമ്മർദ്ദത്തിന് വിധേയമാകുന്നു എന്നതിന് തെളിവാണ് കാസർകോട് കളക്ടറുടെ നടപടി. പണ്ട് 5 പേർ സമരം ചെയ്തപ്പോൾ ഭക്ഷണം കൊടുക്കാൻ പോയപ്പോൾ മരണത്തിന്റെ വ്യാപാരികൾ എന്ന് ആക്ഷേപിച്ചു. നിയന്ത്രണങ്ങൾ പാലിച്ച് മാതൃക കാണിക്കേണ്ട പാർട്ടിയാണ് ലംഘിക്കുന്നത്. ടിപി ആർ കാണിച്ചായിരുന്നു നേരത്തെ കേരളം ഒന്നാമതെന്ന് പറഞ്ഞിരുന്നത്. ഇന്ന് ടി പി ആർ നോക്കേണ്ടെന്ന് മന്ത്രി പറയുന്നു. കാര്യങ്ങൾ കൈവിട്ട് പോയപ്പോൾ ടി പി ആർ വേണ്ടെന്ന് പറയുന്നു. ഇത് ഇരട്ടത്താപ്പാണ്. അന്ന് അഴിമതി കിട്ടുന്നതിലായിരുന്നു താല്പര്യം.
മുഖ്യമന്ത്രി വിദേശത്ത് പോയപ്പോൾ ഒരു മന്ത്രിക്കും ചുമതല കൊടുത്തിട്ടില്ല. സർക്കാർ പ്രവർത്തനം സ്തംഭിച്ചു. മരണനിരക്ക് കൂടുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. സർക്കാർ ഒരു മുന്നൊരുക്കവും നടത്തിയില്ല. സർക്കാരിന് 7 വീഴ്ചകൾ പറ്റിയെന്നം അദ്ദേഹം അക്കമിട്ടു കൊണ്ടു പറഞ്ഞു.
1. പാർട്ടി സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി
2. കോളേജുകൾ, സ്‌കൂളുകൾ സമയത്ത് അടച്ചില്ല, കുടുംബശ്രീ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചില്ല
3. മൂന്നാം തരംഗം മുൻകൂട്ടി കണ്ട് മുന്നൊരുക്കം നടത്തിയില്ല
4. ആശുപത്രികളിൽ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയില്ല
5. രോഗികൾക്ക് ഗൃഹ പരിചരണം നിർദ്ദേശിക്കുന്ന സർക്കാർ, വീടുകളിൽ വൈദ്യ സഹായം എത്തിക്കാൻ സംവിധാനമൊരുക്കിയില്ല
6. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ മുൻകൂട്ടി തയ്യാറാക്കിയില്ല
7. രോഗവ്യാപനം കാരണം തൊഴിൽനഷ്ടമായവർക്ക് സഹായം എത്തിക്കുന്നില്ല
കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തില്ല. എല്ലാത്തിനും അമേരിക്കയിലേക്ക് നോക്കി ഇരിക്കേണ്ട അവസ്ഥ ശരിയല്ല. കിറ്റ് കൊടുക്കേണ്ട സമയമാണ്. ജനങ്ങൾക്ക് കിറ്റ് നൽകണം. എല്ലാവർക്കും കിറ്റ് നൽകണം. നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗൺ പരിഹാരമല്ല. ആരോഗ്യ മന്ത്രി മാത്രം വിചാരിച്ചാൽ നിയന്ത്രിക്കാൻ കഴിയില്ല. അവർക്ക് പരിചയക്കുറവുണ്ട്. മമ്മൂട്ടിക്ക് വന്നതുകൊണ്ട് മറ്റുള്ളവർക്ക് കോവിഡ് വരാതിരിക്കില്ലല്ലോ. പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കും കോവിഡ് വരുന്നത് വ്യാപനം രൂക്ഷമായതുകൊണ്ടാണ്. കോവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ