- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുസ്ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള വ്യാപക പ്രചരണം നടക്കുന്നു; മതങ്ങളെ തമ്മിലടിപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്തിരിയണം; കോൺഗ്രസിനേയും യുഡിഎഫിനേയും ദുർബലപ്പെടുത്തുക എന്ന ഹീന ബുദ്ധി ഫലിക്കില്ല; യുഡിഎഫിനുണ്ടായ തോൽവി പഠിച്ച് ജനങ്ങളെ സമീപിക്കും: ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ജനകീയ അടിത്തറയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. വോട്ടിങ് ശതമാനം കൂടുതൽ നേടിയത് യുഡിഎഫാണ്. എന്നാൽ യുഡിഎഫിന് എതിരെ സംസ്ഥാനത്ത് വ്യാപകമായി പ്രചരണം നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോർപ്പറേഷനുകളിൽ പ്രതീക്ഷിച്ച വിജയമുണ്ടാക്കാൻ സാധിച്ചില്ല. മുൻസിപ്പാലിറ്റികളിൽ വലിയ മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കിയത്. ജില്ലാ പഞ്ചായത്തുകളിലാണ് കണക്കുകൂട്ടലുകൾ തെറ്റിയത്.
ഗ്രാമപഞ്ചായത്തിലും തുല്യമായ നിലയിൽ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ കഴിഞ്ഞു. പാർട്ടിയുടെ എല്ലാ ഘടകങ്ങളും തോൽവി പരിശോധിക്കുകയാണ്. ഉദ്ദേശിച്ച വിജയം എന്തുകൊണ്ട് ഉണ്ടായില്ലയെന്നാണ് പരിശോധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.അഴിമതിയിലും കൊള്ളയിലും മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. അത് പൂർണമായി ചർച്ച ചെയ്യാൻ കഴിഞ്ഞില്ല. പ്രാദേശിക തിരഞ്ഞെടുപ്പായതിനാൽ തന്നെ വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും എല്ലാം പരാമർശിക്കപ്പെട്ടതു കൊണ്ട് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള വ്യാപക പ്രചരണം നടക്കുകയാണ്. അതുവഴി കോൺഗ്രസിനേയും യുഡിഎഫിനേയും ദുർബലപ്പെടുത്തുക എന്ന ഹീന ബുദ്ധിയാണ് ഇതിനു പിന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് സിപിഎം ആണ്. മതധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ജനങ്ങൾ അത് മനസിലാക്കേണ്ടിയിരിക്കുന്നു. മതവിഭാഗങ്ങൾ തമ്മിലുള്ള ബന്ധം തകർക്കാൻ ആസൂത്രിത നീക്കമാണ് നടത്തുന്നത്.സിപിഎം-ബിജെപി- എസ്ഡിപിഐ കൂട്ടുകെട്ട് പല വാർഡുകളിലും ഉണ്ടായിരുന്നു. നാല് വോട്ടിന് വേണ്ടി ഏത് വർഗീയ കാർഡും സിപിഎം കളിക്കും.
മതങ്ങളെ തമ്മിലടിപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിന്തിരിയണം. ഇത്രയും ചീഞ്ഞുനാറിയ സർക്കാർ കേരളത്തിലുണ്ടായിട്ടില്ല. യുഡിഎഫിനുണ്ടായ തോൽവി പഠിച്ച് ജനങ്ങളെ സമീപിക്കും.പിണറായി വിജയൻ സർക്കാരിനുള്ള അംഗീകാരമാണ് ഈ വിജയമെന്നാണ് സിപിഎം പറയുന്നത്. അത് തെറ്റായിരുന്നുവെന്ന് കേരളം നാളെ തെളിയിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന രാജ്യദ്രോഹ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്ന് പറഞ്ഞ് അവസാനിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ