തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവികളെ അനധികൃതമായി നിയമിക്കൻ കൂട്ടു നിൽക്കുന്ന സംവിധായകൻ കമലിനെ വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചലച്ചിത്ര അക്കാദമി ഇടുതുപക്ഷ പ്രവർത്തകരെ അനധികൃതമായി നിയമിക്കാൻ കൂട്ടു നിൽക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സംവിധായകൻ കമൽ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി എഴുതിയ കത്ത് ഉയർത്തിപിടിച്ചാണ് രമേശ് ചെന്നിത്തല സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഇടതുപക്ഷ അനുഭാവമുള്ളവരെ മാത്രം നിയമിക്കാൻ ചലച്ചിത്ര അക്കാദമി എന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ എന്നും അദ്ദേഹം ചോദിച്ചു. ''പ്രശസ്ത ചലച്ചിത്ര സംവിധായകനായ കമൽ ചലച്ചിത്ര അക്കാദമിക്ക് വേണ്ടി എഴുതിയ ഒരു കത്ത് ഞാൻ നിയമസഭയ്ക്ക് മുൻപാകെ പ്രദർശിപ്പിക്കുകയുണ്ടായി.

ആ കത്തിൽ പറയുന്നത് ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നി സാംസ്‌കാരിക രംഗത്ത് നിലകൊള്ളുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമാണ് എന്നാണ്.

ചലച്ചിത്ര അക്കാദമിയെന്താ എ.കെ.ജി സെന്ററിന്റെ പോഷക സംഘടനയാണോ.ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റിൽപറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുന്നത്,'' ചെന്നിത്തല പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. 'കേരളത്തിലെ ജനങ്ങളുടെ ഓർമ്മശക്തിയെ പരീക്ഷിക്കരുത്. അഴിമതിയുടെ കൂത്തരങ്ങായിരുന്നില്ലേ ഇവിടം. എത്ര അഴിമതിയായിരുന്നു. അതിന്റെ ഒരു ഭാഗമാണ് നേരത്തെ ഞാൻ പറഞ്ഞത്. എന്തെല്ലാമാണ് ജനങ്ങൾ ധരിച്ചിരുന്നത്. സർ ഇത് നാടിനൊരു ശാപമായി എന്ന് കണക്കാക്കിയിരുന്നതായിരുന്നില്ലെ ജനങ്ങൾ. ആ കാലം മറന്നുപോകുകയാണോ', പിണറായി ചോദിച്ചു.

ഉളുപ്പ് എന്നൊന്നില്ലാത്തതുകൊണ്ടാണ് ഇപ്പോഴും ചിരിക്കാൻ പറ്റുന്നതെന്നും നമ്മുടെ നാട്ടിലെ ജനങ്ങളുടെ കൈ കൊണ്ട് കരണത്ത് അടികൊണ്ടവരാണ് ഇവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നു. എംഎ‍ൽഎമാർക്കെതിരെ കേസുകളെ സംബന്ധിച്ചായിരുന്നു ചോദ്യോത്തരവേള. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.