തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം, അഴിമതി നിരോധനം എന്നിവയ്ക്ക് വേണ്ടിയാണ് ലോകയുക്തയുള്ളത്. ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.

കാരണം നായനാർ കൊണ്ടുവന്ന ഒരു നിയമത്തിൽ ആദ്യമായാണ് ഒരു മന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതര അഴിമതി നടന്നിട്ട് ആ മന്ത്രിയെ പുറത്താക്കണം എന്ന് ലോകായുക്ത പറയുമ്പോൾ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്.- ചെന്നിത്തല പറഞ്ഞു.

ലോകായുക്ത വിധിക്ക് എതിരെ അപ്പീൽ പോകാൻ കഴിയില്ല. സാങ്കേതിമായി വേണമെങ്കിൽ ഹൈക്കോടതിയിൽ പോകാമെന്നെയുള്ളു. മാസങ്ങളോളം അഭിപ്രായങ്ങളും വാദമുഖങ്ങളും പരിശോധിച്ച ശേഷമാണ് ലോകായുക്ത കെ ടി ജലീൽ എന്ന മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നും പുറത്താക്കണമെന്നും വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതിൽ എന്ത് ധാർമികതയാണ് എന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നെന്ന് മനസ്സിലാകുന്നില്ല.

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവലിന് കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിനാണ്. അതിലെ പ്രതിയായ പിണറായി വിജയൻ അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

അദീബിന്റെ നിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയതിനാൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു നീക്കണമെന്നായിരുന്നു ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തെളിവുകളും ജലീലിന് എതിരാണ്. അതുകൊണ്ട് തന്നെ ഹൈക്കോടതിയിൽ നിന്ന് അനൂകല തീരുമാനം ഉണ്ടാകുമോ എന്ന് സിപിഎമ്മിനും ഉറപ്പില്ല. ഇതാണ് തുടർഭരണത്തിൽ മന്ത്രിയായി ജലീലിനെ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സിപിഎം എത്തുന്നത്.

ബന്ധു നിയമനത്തിന്റെ പേരിൽ മുമ്പ് ഇപി ജയരാജൻ രാജിവച്ചിരുന്നു. പിന്നീട് കേസിൽ നിന്ന് കുറ്റവിമുക്തനായ ശേഷമാണ് തിരിച്ചെത്തിയത്. ഈ സാഹചര്യത്തിൽ ജലീലിനെ സംരക്ഷിക്കരുതെന്ന അഭിപ്രായം സിപിഎമ്മിൽ സജീവമാണ്. ലോകായുക്താ വിധി അതിനിർണ്ണായകമാണെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് തുടർഭരണം കിട്ടിയാലും ജലീലിനെ മന്ത്രിയാക്കേണ്ടതില്ലെന്ന ചർച്ച സിപിഎമ്മിൽ സജീവമാകുന്നത്.

യോഗ്യതയിൽ മാറ്റം വരുത്തിയ ഫയൽ മന്ത്രിസഭായോഗത്തിലെത്താതിരിക്കാനും മന്ത്രി കെ.ടി. ജലീൽ ഇടപെട്ടു എന്ന് വ്യക്തമായിട്ടുണ്ട്. പൊതുഭരണ വകുപ്പിന്റെ അഭിപ്രായം മറികടന്നായിരുന്നു ജലീലിന്റെ ഇടപെടൽ. യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്നും ജലീൽ നിർദ്ദേശിച്ചു. ഫയലിൽ പൊതുഭരണ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടതിന്റെ രേഖകളും പുറത്തുവന്നു. ഇതോടെ മുഖ്യമന്ത്രിയും വിവാദത്തിലായി. ഭരണ മാറ്റം ഉണ്ടായാൽ ജലീലിനെതിരെ ക്രിമിനൽ കേസ് വരാനും സാധ്യത ഏറെയാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരനായ കെ.ടി. അദീബിന്റെ ഡെപ്യൂട്ടേഷൻ നിയമനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥർ എതിർത്തിരുന്നെങ്കിലും മന്ത്രിയുടെ താത്പര്യപ്രകാരം ഉദ്യോഗസ്ഥർ പിൻവാങ്ങിയെന്നു രേഖകൾ വ്യക്തമാക്കുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജരുടെ തസ്തിക സൃഷ്ടിച്ചതും വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചതും ധനവകുപ്പിന്റെ അഭിപ്രായത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരമാണ്. അതിനാൽ വിദ്യാഭ്യാസ യോഗ്യതയിൽ മാറ്റംവരുത്തുമ്പോൾ മന്ത്രിസഭാ യോഗത്തിൽ വെക്കേണ്ടതുണ്ടോയെന്നാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ആരാഞ്ഞത്.