തിരുവനന്തപുരം: വി എസ്. അച്യുതാനന്ദനെ വികസന വിരോധിയെന്ന് പിണറായി വിജയനും പാർട്ടിയും മുദ്രകുത്തിയതിന്റെ യഥാർത്ഥ കാരണം ഇപ്പോൾ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ കമീഷനടിക്ക് വി എസ് വിഘാതമായതാണ് ഇതിന് കാരണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

കഴിഞ്ഞ വി എസ് സർക്കാറിന്റെ കാലത്ത് വികസനപദ്ധതികൾ മുഖ്യമന്ത്രി അച്യുതാനന്ദൻ തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പാർട്ടി അദ്ദേഹത്തെ പ്രതികൂട്ടിൽ നിർത്തിയിരുന്നു. അഞ്ചോളം വികസനപദ്ധതികളുടെ ഫയലുകൾക്ക് വി എസ് അനുമതി നൽകാതിരുന്നപ്പോൾ അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഎം സെക്രട്ടറിയേറ്റ് ചേർന്ന് വി.എസിനെതിരെ പ്രമേയം പാസാക്കി.

'വികസനം മുടക്കുന്ന മുഖ്യമന്ത്രി' എന്നു പറഞ്ഞാണ് അന്ന് വി.എസിനെ ചിത്രവധം ചെയ്തത്. യഥാർഥത്തിൽ നേതാക്കൾക്കും പാർട്ടിക്കും കിട്ടുന്ന കമീഷൻ വി എസ് മുടക്കി എന്നതായിരുന്നു ആ ചൊരുക്കിന് കാരണം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പിണറായിയുടെ കമീഷനടി.

അധികാരത്തിലേറിയപ്പോൾ സ്വന്തം ഓഫിസിനെ കമീഷനടിക്കാനുള്ളതാക്കി മാറ്റി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫിസിൽ രൂപംകൊള്ളുന്ന പദ്ധതികളുടെ രഹസ്യ വിവരങ്ങളെല്ലാം സ്വപ്നക്ക് ചോർത്തിക്കൊടുത്തിരുന്നത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരനായിരുന്നു.

ലൈഫ്, കെ-ഫോൺ തുടങ്ങിയ പദ്ധതികളെല്ലാം തന്നെ ശിവശങ്കരനും സ്വപ്നയും തമ്മിലെ കൂട്ടുകച്ചവടമായിരുന്നു. സ്വപ്നയുടെയും സംഘത്തിന്റെയും പ്രധാന ജോലി കള്ളക്കടത്തും ദേശവിരുദ്ധ പ്രവർത്തനവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുമതലക്കാരനായ ശിവശങ്കറിന് നേരത്തെ തന്നെ അറിയാമായിരുന്നു എന്ന് ഇ.ഡി വ്യക്തമാക്കിക്കഴിഞ്ഞു. ടോറസ് ഡൗൺ ടൗൺ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്.

പണ്ട് കേരളത്തിലെ ചില വൻകിടക്കാരുടെ വ്യവസായ പദ്ധതികളായിരുന്നു പണംതട്ടിപ്പിന്റെ ഇവരുടെ മാർഗമെങ്കിൽ ഇന്ന് കേരളത്തിന് പുറത്തുള്ള കോർപറേറ്റുകളുമായാണ് ചങ്ങാത്തം. അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറുമായുള്ള കൂട്ടുകെട്ട് വരെ അതു നീണ്ടുകിടക്കുന്നു.

ഇടനിലക്കാർ വഴി അവരെ ക്ഷണിച്ചുകൊണ്ടുവന്ന് വേണ്ട ഒത്താശകളെല്ലാം ചെയ്ത് സർക്കാർ ചെലവിൽ കമീഷനായി കോടികൾ തട്ടുന്ന വ്യവസായം തന്നെയാണ് ഈ സർക്കാർ അധികാരത്തിൽ വന്നതോടെ സിപിഎം ശാസ്ത്രീയമായി ആരംഭിച്ചു നടപ്പാക്കുന്നത്. മുഖ്യമന്ത്രിയാണ് അതിന്റെ നായക സ്ഥാനത്ത്.

ലാവ്‌ലിൻ കേസിലെ അതേ തന്ത്രമാണ് പിണറായി ഇപ്പോൾ പയറ്റുന്നത്. സ്വയം വെട്ടിപ്പും തട്ടിപ്പും നടത്തുക, എന്നിട്ട് രക്ഷപ്പെടാനായി പാർട്ടിയെയും എൽ.ഡി.എഫിനെയും രംഗത്തിറക്കുക. അങ്ങനെ രാഷ്ട്രീയ പരിച ഉപയോഗിച്ചിട്ട് കാര്യമില്ലെന്നു പിണറായി വിജയൻ മനസ്സിലാക്കണം.

ഒരുപാട് ഒളിപ്പിക്കാനുള്ളതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിയെ പിന്തുണച്ചേ പറ്റൂ. ഈ ചേട്ടൻ ബാവ, അനിയൻ ബാവ ഏർപ്പാട് കേരളത്തിൽ അവസാനിക്കാൻ പോകുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.