തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാഴ്ചയായി റേഷൻകടയിൽ അരി പൂഴ്‌ത്തിവെച്ചത് മുഖ്യമന്ത്രിയാണ്. സമയത്ത് അരി കൊടുക്കാതെ തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്യുന്നത് ചട്ടലംഘനമാണ്. പൂഴ്‌ത്തിവെച്ച അരി തിരഞ്ഞെടുപ്പിന് മുമ്പ് വിതരണം ചെയ്ത് അവരുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാൻ ശ്രമിച്ചതും ജനങ്ങളുടെ അന്നംമുടക്കിയതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിൽ ആദ്യമായി ഓണക്കിറ്റ് നൽകിയത് കോൺഗ്രസാണ്. ഇപ്പോൾ വിഷുവിന് കൊടുക്കേണ്ട കിറ്റാണ് നേരത്തെ വിതരണംചെയ്യുന്നത്. വിഷുവിന്റെ കിറ്റ് ഏപ്രിൽ ആറിന് ശേഷം കൊടുത്താൽ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

അമ്മയുടെ ഇരട്ടവോട്ട് സംബന്ധിച്ച വിവാദത്തിലും രമേശ് ചെന്നിത്തല മറുപടി നൽകി. ഇരട്ടവോട്ട് ആരുടെയുണ്ടെങ്കിലും കണ്ടെത്തണം. അത് ഒഴിവാക്കണം. അമ്മയുടേത് ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരുടെ വോട്ടും ചെന്നിത്തലയിൽനിന്ന് ഹരിപ്പാട്ടേക്ക് മാറ്റിയപ്പോൾ ആദ്യത്തെ സ്ഥലത്തുനിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിരുന്നു.

ഭാര്യയുടേതും മക്കളുടേതും മരുമകളുടേതും ഉൾപ്പെടെയുള്ള വോട്ടുകൾ ഒഴിവാക്കിയിട്ടുണ്ട്. ഇത് മാത്രം എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അത് ഉദ്യോഗസ്ഥരാണ് പറയേണ്ടത്. ഇതുകൊണ്ടൊന്നും കള്ളവോട്ടിനെതിരെയുള്ള തന്റെ പോരാട്ടത്തെ തകർക്കാമെന്ന് കരുതേണ്ടെന്നും കേരളത്തിലെ നാലരലക്ഷം കള്ളവോട്ടുകൾക്ക് പിന്നിൽ മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപിയുടെ യഥാർഥ ഏജന്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി പാലമിട്ട് മുഖ്യമന്ത്രി ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ യഥാർഥ കൂട്ടുകാരൻ മുഖ്യമന്ത്രിയാണെന്നും ബാലശങ്കർ പറഞ്ഞതുപോലെ ഇവിടെ സിപിഎം-ബിജെപി കൂട്ടുക്കെട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.