തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുറ്റപത്രം നിരത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തിലെ പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മാവോയിസ്റ്റ് കൊലകൾ, അലൻ-താഹ കേസ്, ശബരിമല വിഷയം തുടങ്ങി വിവിധ വിഷയങ്ങളിൽ പൊലീസ് സ്വീകരിച്ച നടപടികളെ വിമർശിച്ചു കൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. പിണറായി മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷക്കാലത്ത് പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നെന്നും ചെന്നിത്തല ആരോപിച്ചു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മാവോയിസ്റ്റുകളായ എട്ടു പേരെയാണ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്നും അലൻ ഷുഹൈബ്. താഹ ഫസൽ എന്നീ ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി ജയിലലടച്ചുവെന്നും ചെന്നിത്തല പറഞ്ഞു. കോടതി വിധിയുടെ മറവിൽ പുണ്യഭൂമിയായ ശബരിമലയിൽ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നടപടികളാണ്. വാളയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ കേസ് അട്ടിമറിച്ചത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസ് തലപ്പത്ത് വൻ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആഭ്യന്തര വകുപ്പ് ഭരണം പൂർണ്ണമായി പരാജയപ്പെട്ടെങ്കിലും പി.ആർ. ഏജൻസികൾ മുഖ്യമന്ത്രിയുടെ വ്യാജ പ്രതിഛായ ഊതിപ്പെരുപ്പിക്കുകയാണ്. ഇതിനുള്ള മറുപടി ജനം നൽകുമെന്നും ചെന്നിത്തല പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരള ചരിത്രത്തിലെ പൂർണ്ണമായും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഏറ്റവും കൂടുതൽ അഴിമതി നടത്തിയ സർക്കാരാണ് പിണറായിയുടേത്. ഭരണരംഗത്ത് പിണറായി സമ്പൂർണ പരാജയമായപ്പോൾ അദ്ദേഹം നേരിട്ട് ഭരിച്ച പൊലീസ് വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു.

മാവോയിസ്റ്റുകളായ എട്ടുപേരെയാണ് വ്യാജ ഏറ്റുമുട്ടലുകളിലൂടെ പിണറായിയുടെ പൊലീസ് വെടിവച്ചു കൊന്നത്. രോഗികളും വൃദ്ധരും സ്ത്രീകളും ഉൾപ്പെടെയുള്ള മാവോയിസ്റ്റുകളെപ്പോലും വെറുതെ വിട്ടില്ല. നിഷ്‌കരുണമുള്ള കൊലപാതകങ്ങളാണിവയെന്ന് സിപിഐ പോലും വിമർശിച്ചു. കേന്ദ്ര ഫണ്ട് തട്ടാനുള്ള കൊലപാതകങ്ങളാണ് ഇതെന്നും സിപിഐ പറഞ്ഞു. ഈ മാവോയിസ്റ്റുകളെ കൊല്ലാതെ ജീവനോടെ പിടികൂടാമായിരുന്നില്ലേ?

കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ ശൈലിയിൽ കൗമാരപ്രായക്കാരായ അലൻ, താഹ എന്നിവരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതാണ് പിണറായി വിജയന്റെ മറ്റൊരു വീഴ്ച. സ്‌കൂൾ കുട്ടികളായിരുന്നപ്പോൾ തന്നെ അവർ മാവോയിസ്റ്റുകളായിരുന്നെന്നാണ് പിണറായിയുടെ പൊലീസ് കണ്ടെത്തിയത്. വന്ദ്യവയോധികനായ ഫാദർ സ്റ്റാൻ സ്വാമിയെ നരേന്ദ്ര മോദി ജയിലിലടച്ചപ്പോൾ ഒരു കുറ്റവും ചെയ്യാത്ത രണ്ടു കൗമാരക്കാരെ പിണറായി സർക്കാരും ജയിലിലടച്ചു.

കോടതി വിധിയുടെ മറവിൽ പുണ്യഭൂമിയായ ശബരിമലയിൽ പൊലീസ് നടത്തിയത് വിശ്വാസികളെ മുറിവേൽപ്പിക്കുന്ന നടപടികളാണ്. ആചാരലംഘനത്തിനായി ഒരു വനിതാ ആക്ടിവിസ്റ്റിന് അകമ്പടി സേവിച്ചത് പൊലീസ് ഐ.ജിയാണ്. സന്നിധാനത്ത് 144 പ്രഖ്യാപിച്ച് ഭക്തജനങ്ങളെ കണ്ണീരിലാഴ്‌ത്തി. പൊലീസിലെ രാഷ്ട്രീയ അനുകൂലികളെ ഉപയോഗിച്ച് യുവതികളായ രണ്ട് ആക്ടിവിസ്റ്റുകളെ ഗൂഢമാർഗ്ഗത്തിലൂടെ സന്നിധാനത്ത് എത്തിച്ചു. തന്ത്രിയും മറ്റും ഉപയോഗിക്കുന്ന സ്റ്റാഫ് ഗേറ്റു വഴിയാണ് ഇവരെ സന്നിധാനത്ത് കയറ്റിയത്.

പിണറായി വിജയൻ പൊലീസ് വകുപ്പ് ഭരിച്ചപ്പോൾ നിസ്സഹായരായ അനവധി മനുഷ്യരാണ് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദ്ദനമേറ്റ് മരിച്ചത്? വരാപ്പുഴയിലെ ശ്രീജിത്ത്, ഇടുക്കിയിലെ രാജ്കുമാർ, തുടങ്ങി മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽപോലും കസ്റ്റഡിമരണമുണ്ടായി. ഇതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടിയെടുക്കുകയും ജനരോഷം തണുത്തെന്ന് കണ്ടപ്പോൾ പ്രമോട്ട് ചെയ്യുകയുമാണ് പിണറായി വിജയൻ ചെയ്യുന്നത്.

വാളയാറിൽ ബാലികമാരെ പീഡിപ്പിച്ചു കൊന്ന കേസ് അട്ടിമറിച്ചത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു.ആ പൊലീസുകാർക്കെതിരെ നടപടി എടുത്തില്ല. അവർക്കും കിട്ടി പ്രമോഷൻ.

പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മാധ്യമപ്രവർത്തകർക്കെതിരേ എവിടെ വച്ചും കേസെടുക്കാൻ കഴിയുന്ന തരത്തിൽ പൊലീസ് ആക്ട് ഭേദഗതി ചെയ്യാൻ ശ്രമിച്ചതും പിണറായി സർക്കാരാണ്. പ്രതിപക്ഷവും, പൊതുസമൂഹവും എതിർത്തിട്ടും കരിനിയമത്തിന്റെ നിർമ്മാണവുമായി പിണറായി മുന്നോട്ടു പോയി. ദേശീയതലത്തിൽ തിരിച്ചടി ഉണ്ടാകുന്നു എന്ന് കണ്ടപ്പോഴാണ് അതിൽനിന്ന് പിന്തിരിഞ്ഞത്.
മകന്റെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെത്തിയ പാമ്പാടി എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രാണോയിയുടെ അമ്മ മഹിജയെ പൊലീസ് നടുറോഡിൽ വലിച്ചിഴച്ചു. രാഷ്ട്രീയ കൊലപാതകക്കേസുകൾ അട്ടിമറിക്കാൻ പൊലീസിനെ ഉപകരണമാക്കി. പെരിയ ഇരട്ടക്കൊലപാതകം അട്ടിമറിച്ചതിനെ കോടതി തന്നെ രൂക്ഷമായി വിമർശിച്ചു.

പൊലീസിന്റെ തലപ്പത്ത് വൻ അഴിമതിയാണ് നടമാടിയത്. അവ ഓരോന്നായി സി.എ.ജി അക്കമിട്ട് നിരത്തി. പൊലീസ് തലപ്പത്ത് നടത്തിയ 151 കോടി രൂപയുടെ പർച്ചേസിൽ അടിമുടി അഴിമതിയായിരുന്നു. ഇതു സംബന്ധിച്ച സി.എ.ജി. റിപ്പോർട്ട് നിയമസഭയിൽ വച്ചിട്ടും അഴിമതിക്കാർക്ക് കുടപിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

നിരവധി കേസുകൾ ആവിയായിപ്പോയി. ട്രഷറി തട്ടിപ്പ് കേസ്, വെള്ളപ്പൊക്ക ദുരിതാശ്വാസ തട്ടിപ്പ്, സോളാർ നായികയുടെ നിയമനത്തട്ടിപ്പ് തുടങ്ങിയവ ഉദാഹരണം. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികളുടെ പി.എസ്.സി. പരീക്ഷാ തട്ടിപ്പിലും കൃത്യ സമയത്ത് കുറ്റപത്രം നൽകാതെ പ്രതികളെ സഹായിക്കുന്ന നിലപാട് പൊലീസ് സ്വീകരിച്ചു. ആഭ്യന്തര വകുപ്പ് ഭരണം പൂർണ്ണമായി പരാജയപ്പെട്ടെങ്കിലും പി.ആർ. ഏജൻസികൾ മുഖ്യമന്ത്രിയുടെ വ്യാജ പ്രതിഛായ ഊതിപ്പെരുപ്പിക്കുകയാണ്. ഇതിനുള്ള മറുപടി ജനം നൽകും.