തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോർന്ന സാഹചര്യത്തിൽ അത് റദ്ദാക്കി പുതിയ ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതര വീഴ്ചയാണ് തോമസ് ഐസക്കിന് സംഭവിച്ചത്. അദ്ദേഹം രാജിവെക്കണമെന്ന് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ ചെന്നിത്തല ഗവർണർ പി. സദാശിവത്തെക്കണ്ടു.

ബജറ്റിന്റെ ഹൈലൈറ്റ് മാത്രമാണ് പുറത്തായതെന്നാണ് ധനമന്ത്രി പറഞ്ഞത്. എന്നാൽ, ഹൈലൈറ്റ് പുറത്തായതോടെ ബജറ്റിന്റെ പവിത്രത തന്നെ നഷ്ടപ്പെട്ടു. ഇപ്പോൾ അത് ഒരുപിടി പേപ്പറുകൾ മാത്രമായെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി രാജിവെയ്ക്കുന്നതാണ് ജനാധിപത്യ മര്യാദ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം ആവശ്യപ്പെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയത്തെ സർക്കാർ നിസാരവത്കരിക്കുന്നത് ശരിയല്ല. ഇത് ഗുരുരതമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ആദ്യ സമ്പൂർണ ബജറ്റായിരുന്നു ഇത്തവണത്തേത്. അതിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സർക്കാരിന് എങ്ങനെ കാര്യക്ഷമമായി മുന്നോട്ടു പോകാൻ സാധിക്കുമെന്നും ചെന്നിത്തല ചോദിച്ചു. വിഷയം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ഗവർണർ പറഞ്ഞതായും ചെന്നിത്തല പറഞ്ഞു. സ്പീക്കറെക്കണ്ട് ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1957ൽ സമാന സംഭവമുണ്ടായപ്പോൾ വാർത്ത പ്രസിദ്ധീകരിച്ച രണ്ട് പത്രപ്രവർത്തകരെ കോടതി ശിക്ഷിച്ചതായി എം.കെ മുനീർ എംഎ‍ൽഎ ചൂണ്ടിക്കാട്ടി. അത്രയും ഗൗരവകരമായ കാര്യം ചെയ്ത ധനമന്ത്രിക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും മുനീർ പറഞ്ഞു.