കോട്ടയം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ, കെ.എം.മാണിയെയും, കേരള കോൺഗ്രസിനെയും ഒപ്പം കൂട്ടാൻ പുതിയ തന്ത്രവുമായി കോൺഗ്രസ്. ബാർ കോഴക്കേസിൽ തന്നെ ചില കോൺഗ്രസ് നേതാക്കൾ വഞ്ചിച്ചുവെന്ന ആരോപണമുന്നയിച്ചാണ് മാണി യുഡിഎഫ് വിട്ടത്. ആരോപണത്തിന്റെ മുൾമുനയിൽ മാണി നിർത്തിയത് രമേശ് ചെന്നിത്തലയെ. തന്നെ പ്രതിക്കൂട്ടിലാക്കാൻ കളിച്ചത് രമേശാണെന്ന് മാണി പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ചയും അദ്ദേഹം പരിഹാസരൂപേണ അക്കാര്യം ആവർത്തിച്ചു.

മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാൻ മുൻകൈ എടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. മാണിയെ തിരികെ എത്തിക്കാൻ താൻ വ്യക്തിപരമായി തന്നെ ശ്രമിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. മാണി അഴിമതിക്കാരനല്ലെന്നും അദ്ദേഹത്തെ വേട്ടയാടിയത് ഇടതു മുന്നണിയാണെന്നും ആഭ്യന്തര വകുപ്പിനെതിരായ തെറ്റിദ്ധാരണ മാണിക്ക് മാറിയിട്ടുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.മാണിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയത് താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണെന്നും അദ്ദേഹം അവകാശപ്പെട്ടു.എന്നാൽ,തന്റെ നിലപാടിൽ മാറ്റമില്ലെന്ന ്മറുപടിയാണ് മാണി നൽകിയത്.

യു.ഡി.എഫിലേക്കില്ലെന്ന് കെ.എം മാണി തറപ്പിച്ചു പറഞ്ഞു. യു.ഡി.എഫിലേക്ക് മടങ്ങുന്ന കാര്യം പാർട്ടി ചർച്ച ചെയ്തിട്ടില്ല. മുന്നണി പ്രവേശനത്തെക്കുറിച്ച് ആരുമായും ചർച്ച നടത്തിയിട്ടില്ല. ചെങ്ങന്നൂരിൽ പാർട്ടിയുടെ മനസറിഞ്ഞ് പ്രവർത്തകർ വോട്ട് ചെയ്യും പാർട്ടിയുടെ മനസ് പ്രവർത്തകർക്ക് അറിയാമെന്നും മാണി പറഞ്ഞു.

കേരള കോൺഗ്രസിനെ യു.ഡി.എഫിൽ തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാൽ അത് ചെന്നിത്തലയുടെ അഭിപ്രായം മാത്രമാണെന്ന് കെ.എം മാണി പറഞ്ഞു. ബാർ കോഴക്കേസിൽ മാണിയെ കുറ്റവിമുക്തനാക്കാൻ ശ്രമിച്ചുവെന്ന ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പരിഹാസരൂപേണയാണ് മാണി മറുപടി നൽകിയത്.തനിക്ക് നന്നായി സഹായം ചെയ്തയാളാണ് രമേശ് ചെന്നിതലയെന്ന് മാണി കളിയാക്കി.ൃ

അതേസമയം, ചെങ്ങന്നൂരിൽ ആർഎസ്എസിന്റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കാനം രാജേന്ദ്രനെത്തി. ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിന്റെ കാര്യത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കാനം ആവർത്തിച്ചു. ആർക്കാണ് വോട്ട് ചെയ്യുകയെന്ന് ഇതുവരെ പറയാത്ത പാർ്ട്ടിയാണ് കേരള കോൺഗ്രസെന്നും അദ്ദേഹം പരിഹസിച്ചു. ചെങ്ങന്നൂർ ഫലം സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലാകുമെന്നും കാനം പറഞ്ഞു.ബിഡിജെഎസിനും കേരള കോൺ്ഗ്രസ്-എമ്മിനും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ നിലപാടുകളെയെല്ലാം കാനം പാടെ തള്ളുകയായിരുന്നു.