തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം പൊലീസ് വകുപ്പിൽ ഓപ്പറേഷൻ കുബേരയുടെ രണ്ടാംഘട്ടം ഇന്നലെയാണ് ആരംഭിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചയും ഇതേക്കുറിച്ചായിരുന്നു. ബ്ലേഡ് പലിശക്കാരെ തുരത്താൻ വേണ്ടി ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷനിൽ കുടുങ്ങിയത് ചെറുമീനുകൾ മാത്രമാണെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. എന്നാൽ, ഇതിന് പ്രതിരോധിച്ചുകൊണ്ട് മന്ത്രി തന്നെ ഇന്നലെ നേരിട്ടെത്തി. വിവിധ ചാനലുകളിലെ സായാഹ്ന ചർച്ചകളിൽ പങ്കെടുത്താണ് രമേശ് ചെന്നിത്തല ആരോപണങ്ങളെ പ്രതിരോധിച്ചത്. ഇതിനിടെ മാതൃഭൂമി ന്യൂസ് ചാനലിന്റെ സൂപ്പർ പ്രൈം ടൈം ചർച്ചയിൽ പങ്കെടുത്ത ചെന്നിത്തല മുഖ്യധാരാ മാദ്ധ്യമങ്ങൾക്കിട്ടും ശരിക്കും കൊട്ടു കൊടുത്തു.

കൊള്ള പലിശക്കാർക്കെതിരെ കർശന നടപടി എടുക്കാനാണ് ഓപ്പറേഷൻ കുബേരയുടെ രണ്ടാംഘട്ടം സജീവമാക്കുന്നതെന്നാണ് രമേശ് ചെന്നിത്തല ഇന്നലെ മാദ്ധ്യമങ്ങളിലൂടെ പറഞ്ഞത്. ആലപ്പുഴയിൽ റിട്ടേഡ് സർക്കാർ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ഓപ്പറേഷൻ കുബേര രണ്ടാം ഘട്ടം തുടങ്ങിയത്. കൊള്ളപലിശക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. മാതൃഭൂമി ചാനലിന്റെ സൂപ്പർ െ്രെപം ടൈമിൽ ഈ വിഷയത്തിൽ നടന്ന ചർച്ചയിൽ ചെന്നിത്തലയെ കൂടാതെ ശിവൻ മഠത്തിൽ, ഡി.സുഗതൻ, വി എസ്. സുനിൽ കുമാർ, പ്രഭാകരൻ, ജോർജ് ജോസഫ് എന്നിവരായിരുന്നു പങ്കെടുത്തത്.

ചർച്ചയുടെ അവസാന ഘട്ടത്തിലായിരുന്നു രമേശ് ചെന്നിത്തല എത്തിയത്. മന്ത്രി ഓപ്പറേഷൻ കുബേരയെ കുറിച്ച് വിശദീകരിച്ച ശേഷം ശിവൻ മഠത്തിലും സുനിൽകുമാറും ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോഴാണ് മാദ്ധ്യമങ്ങളുടെ നയങ്ങളെയും വിമർശിച്ചത്. മുത്തൂറ്റ്, കൊശമറ്റം, മണപ്പുറം തുടങ്ങിയ ഫിനാൻസ് കമ്പനികൾ ജനങ്ങളുടെ കഴുത്തറുക്കുന്ന പലിശ വാങ്ങുമ്പോഴും ബോബി ചെമ്മണ്ണൂർ അടക്കമുള്ള സ്വർണ്ണ ജൂവലറിക്കാരുടെ തട്ടിപ്പുകളും ചൂണ്ടിക്കാട്ടിയായിരുന്നു വി എസ് സുനിൽ കുമാറിന്റെ ചോദ്യം. ഇതേക്കുറിച്ച് നിലപാട് വിശദീകരിച്ച മന്ത്രി ആരോടും പക്ഷപാതം കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. മുഖം നോക്കാതെ നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നെന്നും പറഞ്ഞു.

തുടർന്നായിരുന്നു മന്ത്രി മാദ്ധ്യമങ്ങളെ വിമർശിച്ചത്. വൻകിടക്കാർക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി നടപടികൾ സ്വീകരിച്ചിരുന്നു. ഇതേക്കുറിച്ചുള്ള പ്രസ് റിലീസ് മന്ത്രിയുടെ ഓഫീസിൽ നിന്നും എല്ലാ മാദ്ധ്യമങ്ങൾക്ക് നൽകിയെങ്കിലും ആരും വാർത്ത നൽകാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതുവരെ ചർച്ച നയിച്ച അവതാരകനും സാധിച്ചില്ല. തുടർന്ന് വി എസ് അച്യുതാനന്ദൻ ബോബി ചെമ്മണ്ണൂരിനെതിരെ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു.

റിസർവ് ബാങ്കിന്റെ നോൺ ബാങ്കിങ് ഫിനാൻസ് കോർപ്പറേഷൻ പദവി ഇല്ലാതെ പണം സ്വരൂപിക്കുന്നത് അടക്കമുള്ള വിഷയങ്ങൾ ആഭ്യന്തര വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിശദീകരണം ആരാഞ്ഞ് കത്തുകൾ അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൻ.ബി.എഫ് വിഷയത്തിൽ സംസ്ഥാന സർക്കാറിനേക്കാൾ ഇടപെടാൻ അവസരം ഉള്ളത് കേന്ദ്രത്തിനാണെന്നം അദ്ദേഹം വിശദീകരിച്ചു. വൻകിടക്കാരെ കുറിച്ചാണെങ്കിലും പരാതി ഉയരുമ്പോൾ നടപടിക്ക് നിർദ്ദേശിക്കാറുണ്ട്. പരാതി സ്വീകരിക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ച വിവരവും മന്ത്രി ചൂണ്ടിക്കാട്ടി.

റിസർവ്വ് ബാങ്കിന്റേയും സർക്കാരിന്റേയും ചട്ടങ്ങൾ പാലിക്കാതെയാണ് ബോബി ചെമ്മണ്ണൂർ പണമിടപാടുകൾ നടത്തുന്നതെന്നായിരുന്നു വിഎസിന്റെ ആരോപണം. ഇങ്ങനെ രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയതെന്നും വി എസ് ആരോപിച്ചിരുന്നു. വാർത്താസമ്മേളനത്തിൽ വി എസ് ഉന്നയിച്ച ഈ ആരോപണങ്ങൾ സംപ്രേഷണം ചെയ്യാൻ മാതൃഭൂമി അടക്കമുള്ള ചാനലുകൾ തയ്യാറായിരുന്നില്ല. ഇക്കാര്യം ഉദ്ദേശിച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം. ഓപ്പറേഷൻ കുബേരയുടെ ഒന്നാം ഘട്ടത്തിൽ ബോബി ചെമ്മണ്ണൂർ, ഗോകുലം ചിറ്റ്്‌സ്, മുത്തൂറ്റ് ഫിനാൻസ് തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയും പരാതി ഉയർന്നിരുന്നു. ഇവിടങ്ങളിയാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതും. എന്നാൽ, ഇത് പൊലീസ് അധികാരികളുടെ ഭാഗത്തു നിന്നും കൃത്യമായ നടപടി ഉണ്ടായിട്ടും ഇതേക്കുറിച്ച് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നില്ലെന്ന പരിഭവമായിരുന്നു മന്ത്രി തുറന്നുപറഞ്ഞത്.

എന്തായാലും മന്ത്രിയുടെ പ്രതികരണം അടക്കമുള്ള സൂപ്പർ പ്രൈം ടൈം ചർച്ചകൾ നടക്കുമ്പോൾ പരിപാടി സ്‌പോൺസർ ചെയ്തത് ബോബി ചെമ്മണ്ണൂർ ജൂവലറി തന്നെയായിരുന്നു എന്നതായിരുന്നു പ്രത്യേകത. ഏഷ്യാനെറ്റ് ചാനലിലെ ചർച്ചയിലും ഇന്നലെ ബോബി വിഷയം കടന്നുവന്നിരുന്നു. തിരൂരിൽ ബോബി ചെമ്മണ്ണൂരിന്റെ ജൂവലറിയിൽ ഉപഭോക്താവ് ആത്മഹത്യ ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ വൻ വാർത്തയായെങ്കിലും പത്രമാദ്ധ്യമങ്ങൾ പേര് പറയാതെയായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയതിരുന്നു.