തിരുവനന്തപുരം: ആദ്യം ശ്രമിച്ചത് രണ്ടാമൻ ആകാനും പിന്നാലെ ഒന്നാമനാകാനുമുള്ള അവകാശം ഉന്നയിക്കാനും. ഉമ്മൻ ചാണ്ടി എന്ന നേതാവിനൊപ്പം നിൽക്കുന്ന മഹാഭൂരിപക്ഷം വരുന്ന പാർട്ടിയെ തന്നിലേയ്ക്ക് അടുപ്പിക്കാൻ എ ഗ്രൂപ്പ് ഒഴികെയുള്ള എല്ലാ ഗ്രൂപ്പുകളെയും വിഘടനവാദികളായ സ്ഥാനാർത്ഥിയെയും ഒരു ചരടിൽ കൊരുത്ത് അവരുടെയെല്ലാം ഏക നേതാവായി മാറുകയായിരുന്നു അതിനായി ആദ്യം ചെയ്തത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ സീറ്റ് വിഭജനത്തിൽ വിവാദ ഗ്രൂപ്പുകൾക്ക് വീതം വെച്ചു എ ഗ്രൂപ്പിന്റെ ആധിപത്യം തകർത്ത ശേഷം ആയിരുന്നു ഈ നീക്കം.

നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച ശേഷം നേതൃത്വത്തിന് തന്ത്രപരമായി അവകാശവാദം ഉന്നയിച്ചു. തിരുവഞ്ചൂരിനെയും കെസി ജോസഫിനെയും ഒക്കെ ഉപയോഗിച്ചു തടയാനുള്ള ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ എല്ലാം പൊളിച്ചു. ആഭ്യന്തരമന്ത്രിയായി അധികാരമേറ്റ ചെന്നിത്തല പൊലീസിനെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയുടെ പ്രധാന നീക്കങ്ങൾക്ക് തടയിട്ടു. ഓപ്പറേഷൻ കുബേര പോലെയുള്ള കാര്യങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കിയെന്നു മാത്രമല്ല മുഖ്യമന്ത്രിയുടെ നീക്കങ്ങൾ അപ്പപ്പോൾ അറിയാവുന്ന സാഹചര്യവുമായി.

ഉടക്കന്മാരുടെ രാജാവായ ജേക്കബ് തോമസിനെ വിജിലൻസിൽ എത്തിച്ചത് അടുത്ത നീക്കമായിരുന്നു. എ ഗ്രൂപ്പ് മന്ത്രിമാർക്കെതിരെ മാത്രം വിവാദങ്ങൾ ഉണ്ടായതും പടർന്നു പന്തലിച്ചതും സൂക്ഷ്മമായ നീക്കങ്ങളുടെ ഭാഗം ആയിരുന്നു. അടുത്ത അനുയായിയായ അടൂർ പ്രകാശിന്റെ ബന്ധുവായ ബിജു രമേശിനെ കൊണ്ട് ബാർ കോഴ ആരോപണം ഉന്നയിച്ചത് മാണിയെയും ഉമ്മൻ ചാണ്ടിയെയും വെട്ടിയൊതുക്കാൻ ആയിരുന്നു. യുഡിഎഫ് സംവിധാനത്തിൽ നേതാവാകാൻ കേരള കോൺഗ്രസും ലീഗും തുണച്ചേ മതിയാവൂ എന്നറിയാവുന്നതുകൊണ്ടും ഇരുകൂട്ടരും ഉമ്മൻ ചാണ്ടിയുടെ ഇടതും വലതും ആയതുകൊണ്ടുമാണ് അത്തരം ഒരു തന്ത്രം എടുത്തത്.