- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: പഴയ നിലപാട് തെറ്റായിപ്പോയെന്ന് ഏറ്റു പറഞ്ഞ് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ? സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കണം; വനിതാ മതിൽ കെട്ടിയത് തെറ്റെന്ന് സമ്മതിക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷം എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കൂ എന്ന് ഇപ്പോൾ പറയുന്ന മുഖ്യമന്ത്രി നേരത്തെ ഇക്കാര്യത്തിൽ കടുംപിടിത്തം നടത്തി ശബരിമലയെ സംഘർഷ ഭൂമിയാക്കിയതിനും ആചാരലംഘനം നടത്തി യുവതികളെ പ്രവേശിപ്പിച്ചതിനും പരസ്യമായി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്ന് അന്ന് തന്നെ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും മുഖ്യമന്ത്രി അത് ചെവിക്കൊള്ളാതെ കടുംപിടിത്തം പിടിച്ച് മുന്നോട്ട് പോയതാണ് ശബരിമലയെയും നാടിനെയും സംഘർഷഭരിതമാക്കിയത്. പൊതുഖജനാവ് ധൂർത്തടിച്ചാണ് വിനാശകരമായ തന്റെ നിലപാടിന് ശക്തിപകരാൻ അന്ന് വനിതാ മതിൽ കെട്ടിയത്. ഇനി സുപ്രീം കോടതി വിധി വരുമ്പോൾ എല്ലാവരുമായും കൂടിയാലോചിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി അന്ന് വനിതാ മതിൽ കെട്ടിയതും തെറ്റായിപ്പോയെന്ന് തുറന്ന് പറയണം.
എല്ലാവരുമായും കൂടിയാലോചിച്ചേ വരാൻ പോകുന്ന വിധി നടപ്പാക്കൂ എന്ന് പറയുന്നതിൽ മുഖ്യമന്ത്രിക്ക് തരിമ്പെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സുപ്രീംകോടതിയിൽ ഈ സർക്കാർ നൽകിയിട്ടുള്ള തെറ്റായ സത്യവാങ്മൂലം പിൻവലിക്കണമമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇപ്പോഴത്തെ സത്യവാങ്മൂലം പിൻവലിച്ച്, ശബരിമലയിൽ ആചാരം ലംഘിച്ച് യുവതികളെ പ്രവേശിപ്പിക്കരുതെന്ന ശരിയായ സത്യവാങ്മൂലം നൽകിയാൽ ശരിയായ വിധി തന്നെ വരും. അല്ലാതെ വിധി വന്ന ശേഷം എല്ലാവരുമായി ആലോചിക്കുമെന്ന് പറയുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്നതിന് മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ