കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് നേരെ യു.എ.പി.എ. ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഷുഹൈബിനെ സിപിഐ.(എം). കാർ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ ഡി.സി. സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ നടക്കുന്ന 24 മണിക്കൂർ ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോംബെറിഞ്ഞ് ഭീതി പരത്തിയാണ് ഷുഹൈബിനെ വെട്ടി കൊലപ്പെടുത്തിയത്. അതു കൊണ്ടു തന്നെ യു.എ.പി. എ സെക്ഷൻ 15 പ്രകാരം പ്രതികൾക്കു നേരെ യു.എ.പി.എ. ചുമത്താം.എന്നാൽ നീതി പാലകർ എന്തുകൊണ്ട് അക്കാര്യം ചെയ്യുന്നില്ല. അടിയന്തരമായും യു.എ.പി.എ. ചുമത്തി കേസെടുക്കണം.

അക്രമകേസിൽ ജയിലിൽ നിന്നും പരോളിലിറങ്ങിയ സിപിഐ.(എം). പ്രവർത്തകരാണ് ഷുഹൈബിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയവരും അക്രമിച്ചവരും. സിപിഐ.(എം). തയ്യാറാക്കുന്ന ഡമ്മി പ്രതികളെ ലഭിക്കുന്നതു വരെ ഷുഹൈബ് വധക്കേസിൽ ആരേയും അറസ്റ്റ് ചെയ്യില്ല എന്ന വിവരമാണ് തനിക്ക് ലഭിച്ചിട്ടുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും ക്രൂരമായ കൊലപാതകം നടന്നിട്ടും സിപിഐ.(എം). ന്റെ അനുമതി കാത്ത് ആരേയും അറസ്റ്റ് ചെയ്യാതിരിക്കയാണ് പൊലീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ഭരണത്തിന്റെ തണലിലാണ് കണ്ണൂരിലെ സിപിഐ.(എം). അഴിഞ്ഞാടുന്നത്.

അതിന്റെ ഫലമാണ് കോൺഗ്രസ്സ് പ്രവർത്തകനായ ഷുഹൈബിന് അനുഭവിക്കേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയോടൊപ്പം കെ.സി. വേണുഗോപാൽ എം. പി.യും ഉപവാസ പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു. കൊല്ലപ്പെട്ട ഷുഹൈബിന്റെ എടയന്നൂരിലെ വസതിയിൽ സന്ദർശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് സത്യാഗ്രഹ പന്തലിലെത്തിയത്. മട്ടന്നൂർ എംഎൽഎ. ഇ.പി. ജയരാജന്റെ സ്റ്റാഫിൽ പെട്ട ഒരാൾ ഈ കേസിൽ പ്രതിയാണെന്ന് ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു മുഖം മൂടി സംഘമാണ് അക്രമത്തിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.