- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വോട്ടർപട്ടിക അബദ്ധപഞ്ചാംഗം; ക്രമക്കേടിൽ ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥർക്ക് പങ്ക്; കുറ്റക്കാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം; ഇരട്ട വോട്ടിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ചെന്നിത്തല; വ്യാജ വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ്
കണ്ണൂർ: വോട്ടർപട്ടികയിലെ കൂടുതൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വോട്ടർപട്ടിക അബദ്ധപഞ്ചാംഗമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ക്രമക്കേടിൽ ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥർക്ക് പങ്കുണ്ട്. കുറ്റക്കാർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം. ജനാധിപത്യ പ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന ആസൂത്രിതനടപടിയുടെ ഭാഗമാണ് കള്ളവോട്ട്. വ്യാജവോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഒരേ വോട്ടർമാർക്ക് പല മണ്ഡലത്തിൽ വോട്ടുള്ളതായി രമേശ് ചെന്നിത്തല ആരോപിച്ചു. ഇവർക്കെല്ലാം തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ 1,09,693 വോട്ടുകൾ ഉണ്ട്. ഇരിക്കൂറിലെ 127 വോട്ടർമാർക്ക് പയ്യന്നൂരിൽ വോട്ടുണ്ട്. കല്യാശേരിയിലെ 91 പേർക്കും ഇരിക്കൂറിൽ വോട്ടുള്ളതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടർമാർ 537 ആണ്. ചേർത്തലയിൽ പൂഞ്ഞാറിലും അരൂരിലും ഉള്ളവർക്ക് വോട്ടുണ്ട്. ഇത്തരത്തിൽ ആകെ 1205 വ്യാജ വോട്ടാണുള്ളത്. വ്യാജമായി കോൺഗ്രസുകാർ ചേർത്താലും കമ്യൂണിസ്റ്റുകാർ ചേർത്താലും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ആരോപണത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. കള്ളവോട്ടർമാരെ ചേർത്തതും സിപിഎമ്മുകാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കർ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന് മനസിലായി. നിയമസഭയിൽ അതിരുവിട്ട അഴിമതി നടത്തിയതിന്റെ കാരണവും വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കർ രാജിവെച്ച് അന്വേഷണം നേരിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 140 മണ്ഡലങ്ങളിലും ഇത്തരത്തിൽ സമീപ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാരുണ്ട്. ഇന്ന് തന്നെ മുഴുവൻ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ചെന്നിത്തലയുടെ ആരോപണം മുഖ്യ തെരഞ്ഞെടുപ്പു കമമ്മീഷണറും ശരിവെച്ചിരുന്നു. മിക്ക ജില്ലകളിലും ഇരട്ട വോട്ട് നടന്നെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. പരാതിയുടെ സത്യാവസ്ഥ പരിശോധിക്കാൻ പ്രാഥമിക പരിശോധന നടത്താൻ നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇരട്ടവോട്ട് എന്നത് സംസ്ഥാനത്ത് ആദ്യമായല്ലെന്നും കാലങ്ങളായി ഇത് നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.എൽ. ഒമാരുടെ പരിശോധന കൃത്യമല്ലാത്തതാണ് ഇത് വർധിക്കാൻ കാരണമായത്. ഉത്തരേന്ത്യയിലടക്കം സംസ്ഥാനത്തിന് പുറത്തും ഇത്തരം നിരവധി പ്രശ്നങ്ങളുണ്ട്.
അതേസമയം തവനൂരിൽ ചൂണ്ടിക്കാട്ടിയ പരാതികളിൽ 70 ശതമാനം ഇരട്ടവോട്ടാണ്. കോഴിക്കോട് 3700 ഉം, കാസർകോട് 640 ഇരട്ടവോട്ടുകളും കണ്ടെത്തി. സംഭവത്തിൽ ശക്തമായ അന്വേഷണം മുന്നോട്ട് പോവുമെന്നു ടിക്കറാം മീണ മാധ്യമങ്ങളോട് അറിയിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനായി ഒൻപത് ലക്ഷം പേരുടെ അപേക്ഷയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇത് ജനുവരി 20-ന് ശേഷം കിട്ടിയ കണക്കുകളാണ്. കോവിഡ് മൂലം ബൂത്ത് ലെവൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് വീടുകളിലെത്താൻ പറ്റിയിട്ടില്ല. ഇത് മൂലമാണ് പ്രശ്നം ഗരുതരമായി മാറിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റുവെയർ പ്രശ്നങ്ങളും വോട്ട് ഇരട്ടിക്കുന്നതിനിടയാക്കി.
കാസർകോട് മാത്രം ഒരു വോട്ടർക്ക് അഞ്ച് കാർഡാണ് ലഭിച്ചത്. അതിൽ തന്നെ നാലു കാർഡുകൾ നശിപ്പിച്ചു. കാർഡുകൾ നൽകിയ അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യഥാർഥ വോട്ടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ, കൂത്തുപറമ്പ്, കൽപ്പറ്റ, തവനൂർ, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂർ, ഉടുമ്പൻചോല, വൈക്കം, അടൂർ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ